മായ്ച്ചു കളയാനാവാത്ത ഓര്‍മകള്‍
ഓര്‍മകള്‍ക്കെന്തു സുഗന്ധം എന്നെഴുതിയ കവി വാഴ്ത്തപ്പെടട്ടെ. ഓര്‍മകള്‍ നമ്മെ നയിക്കുക ഉദാത്തമായ ഒരു മനോനിലയിലേക്കാണ്. ഓര്‍മ പുസ്തകങ്ങള്‍ നന്നായി വായിക്കപ്പെടുന്നതും ഇതേ കാരണം കൊണ്ടാണ്.
'അഴിച്ചു കളയാനാവാതെ ആ ചിലങ്കകള്‍' എന്ന ഷീബ ഇ.കെയുടെ ഓര്‍മ പുസ്തകത്തിന്റെ വായന ഹൃദ്യമാകുന്നതും അതുകൊണ്ടാകണം. ഏറ്റവും ചാരുതയാര്‍ന്നതു മനുഷ്യബന്ധങ്ങളുടെ ഓര്‍മകള്‍ തന്നെയാണ്. ജപ്പാന്‍കാരനായ മിസോയ് വായനക്കാരന്റെ കൂടി പ്രിയപ്പെട്ടവനായി മാറ്റുന്ന മാസ്മരികത ഷീബയുടെ എഴുത്തിനുണ്ട്. 'ജീവിതത്തില്‍ ആദ്യമായ് ഒരാള്‍ എന്നോട് യാത്രപറഞ്ഞു പോയിരിക്കുന്നു. ആരായിരുന്നു അദ്ദേഹം എനിക്ക്? അച്ഛന്‍? സഹോദരന്‍? അതോ എന്നെ മനസിലാക്കാന്‍ ദൂരെ നിന്ന് എത്തിച്ചേര്‍ന്ന ചങ്ങാതിയോ?' ബന്ധങ്ങള്‍ക്കു ലേബലും വിലയും ഇടുകയും മാറ്റുകയും ചെയ്യുന്ന കാലത്ത് കഥാകാരി യഥാര്‍ഥ മനുഷ്യസ്‌നേഹത്തെയാണ് കാണുന്നതും പരിചയിക്കുന്നതും.
ഒടുവില്‍ യാത്രപറയാതെ ആ സ്‌നേഹത്തെ രംഗബോധമില്ലാത്ത കോമാളി തട്ടിയെടുക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയാതെ പോവുന്നതെങ്ങനെ? ഇതേ നൊമ്പരമാണ് ശ്യാമയും നമുക്കു പകരുന്നത്. ദുഃഖങ്ങളുടെ മാത്രം ഓര്‍മകളാണ് ഇതില്‍ പങ്കുവയ്ക്കപ്പെടുന്നത് എന്നല്ല. ദുഃഖം ജീവിതത്തിന്റെ സ്ഥായീഭാവം തന്നെയല്ലേ? 'ഹാ സുഖങ്ങള്‍ വെറും ജാലങ്ങള്‍' എന്നത് വലിയൊരു ശരി തന്നെയല്ലേ? ഹനീഫയെ പരിചയപ്പെടുന്ന നമ്മുടെ ഒരു നൊമ്പരമായി ആ മുഖം അലിഞ്ഞുചേരുന്നു. ജീവിതമേ നീ നഷ്ടങ്ങള്‍ നല്‍കി ഞങ്ങളെ പരീക്ഷിക്കുവതെന്തിന് എന്നു ഹനീഫയുടെ ചങ്ങാതിയായി ഇതിനകം മാറിയ നാം ചോദിച്ചു പോകുന്നു.
പ്രണയം ഈ പുസ്തകത്തില്‍ വല്ലാതെ പെയ്തിറങ്ങുന്നുണ്ട്.
വെറും ഓര്‍മകളില്‍ മാത്രം ഒതുങ്ങുന്നില്ല ഈ കുറിപ്പുകള്‍. പ്രിയതരമായ ഈ നാടിനെക്കുറിച്ചും അതിനു വന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെ ഇടയ്ക്കിടെ പ്രതിപാദിക്കുകയും കേഴുകയും ചെയ്യുന്നുണ്ട്. അവിടെയൊക്കെ ശക്തമായ സാമൂഹിക നിരീക്ഷണത്തിന്റെ അളവുകോല്‍ ഈ എഴുത്തുകാരിയുടെ കൈയില്‍ ഭദ്രമാണെന്നു കാണാം.
വായനയുടെ ലോകത്തേക്കു കടന്ന ഷീബ സ്വപ്നസഞ്ചാരിയായ പൊറ്റെക്കാട്ടിനൊപ്പം അതിരാണിപ്പാടത്തു കറങ്ങി നടന്ന കഥ എത്ര ഹൃദ്യം. ഒരു ദേശത്തിന്റെ കഥയിലൂടെ സഞ്ചരിച്ചവരൊക്കെയും ഇത് അനുഭവിച്ചവരാണ്. കണ്ണിലേക്കു വീണു കിടക്കുന്ന മുടിച്ചുരുളുകള്‍ ഒതുക്കി, അരണ്ട വെളിച്ചത്തില്‍ വായിക്കുന്ന അവളെ അഭിമാനം നിറഞ്ഞ പുഞ്ചിരിയോടെ നോക്കിക്കാണുന്ന ഒരച്ഛന്റെ മുഖം മരണത്തിനു കവര്‍ന്നെടുക്കാന്‍ കഴിഞ്ഞെങ്കിലും ഈ കുറിപ്പിലൂടെ അത് നമുക്കും ദൃശ്യമാവുന്നു. ഷീബയ്ക്ക് അഴിച്ചു കളയാനാവാതെ ചിലങ്കകള്‍ ഒപ്പമുണ്ട്. ആ ചിലമ്പൊലി ശബ്ദം ഈ പുസ്തകത്തിന്റെ വായനയില്‍ നമുക്ക് അനുഭവവേദ്യമാകുന്നു. മായ്ച്ചു കളയാനാവാത്ത ഓര്‍മ ആയി അവ നമ്മെയും പിന്തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."