കോട്ടക്കലില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു
കോട്ടക്കല്‍: ടൗണിലും പരിസരങ്ങളിലും മയക്കുമരുന്ന്, കഞ്ചാവ് മാഫിയകള്‍ വീണ്ടും പിടിമുറുക്കുന്നു. മാഫിയകള്‍ക്കെതിരേ ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമം.
കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ കഞ്ചാവ് മാഫിയയിലെ ഒരാളെ താക്കീത് നല്‍കിയ ബ്ലോക്ക് മെമ്പറെ അടക്കം ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. ബ്ലോക്ക് പഞ്ചായത്തംഗം അലി മേലേതിലിനെതിരേയാണ് കഞ്ചാവ് മാഫിയ ഭീഷണിമുഴക്കിയത്. പകലിലും രാത്രിയിലും പരസ്യമായിത്തന്നെ കഞ്ചാവ് ഇടപാട് നടന്നിട്ടും അധികൃതര്‍ നിസ്സംഗത പാലിക്കുന്നത് ഇത്തരക്കാര്‍ക്ക് ഏറെ സഹായകരമായിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
കാലങ്ങളായി ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവ കഞ്ചാവ് യഥേഷ്ടം ലഭിക്കുന്ന ഇടമാണ്. ആവശ്യക്കാര്‍ മാര്‍ക്കറ്റിലെത്തി പണം കൈമാറുകയാണ് പതിവ്. എന്നാല്‍ ഇവിടങ്ങളില്‍ സാധനം കൈമാറാറില്ലെന്നാണ് വിവരം. പണം നല്‍കിയാല്‍ അവ എവിടെയുണ്ടെന്ന വിവരം നല്‍കുകയാണ് പതിവ്. ചങ്കുവെട്ടി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കൈമാറല്‍. നേരത്തെ ചങ്കുവെട്ടി പരിസരത്ത് നിന്ന് എക്‌സൈസ് സംഘം മയക്കുമരുന്ന് മാഫിയയെ പിടികൂടിയിരുന്നു. വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് എത്തിക്കുകയാണ് ഇവരുടെ ജോലി. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവ കൈമാറുന്നത്. കോട്ടക്കലിലെ പരിസരങ്ങളിലുള്ള പല കോളജുകളിലെയും സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ സംഘത്തിന്റെ വലയിലാണ്. ഇവര്‍ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്‍ കഞ്ചാവ് വിതരണമാണ് നടക്കുന്നതെന്നാണ് വിവരം. ഇടപാട് നടത്തുന്നരെയും മറ്റും അറിയാമെങ്കിലും അധികൃതരടക്കം ആരുംതന്നെ ഇതിനെതിരേ രംഗത്ത് വരാത്തതും ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലോക്ക് മെമ്പര്‍ക്കെതിരേ ഉണ്ടായ സംഭവത്തില്‍ ടൗണിലെയും പരിസരങ്ങളിലെയും സന്നദ്ധ സംഘടനകളും മറ്റും രംഗത്ത് വന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ പ്രതിരോധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."