അനധികൃത പാര്‍ക്കിങ്ങിന് നടപടി; പക്ഷപാതപരമെന്ന് ആക്ഷേപം
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒ ഓഫിസിന് മുന്‍വശത്തെ റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ചിലതിനെതിരേ മാത്രം നടപടിയെടുത്ത അധികൃതരുടെ സമീപനം വിവാദമാകുന്നു. ആര്‍.ഡി.ഒ ഓഫിസിന് മുന്‍വശത്ത് വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യാറുണ്ട്. പല വാഹനങ്ങളും പുലര്‍ച്ചെ പാര്‍ക്ക് ചെയ്താല്‍ വൈകിട്ടാണ് കൊണ്ട് പോകാറ്. ഈ വാഹനങ്ങള്‍ക്കെതിരേയൊന്നും അധികൃതര്‍ നടപടിയെടുക്കാറില്ല.
എന്നാല്‍ ഇന്നലെ ജുമുഅ നമസ്‌ക്കാരത്തിനായി സമീപത്തെ പള്ളിയില്‍ എത്തിയവരുടെ ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളുമാണ് സബ് കലക്ടറുടെ നിര്‍ദേശ പ്രകാരം ഫോര്‍ട്ട്‌കൊച്ചി എസ്.ഐ സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. ആളുകള്‍ പള്ളിയില്‍ നിന്ന് ഇറങ്ങി വരുന്നത് വരെ കാത്തുനിന്നാണ് പൊലിസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഡ്രൈവറോട് കൂടിയുള്ള മറ്റ് വാഹനങ്ങള്‍ അവിടെയുണ്ടായെങ്കിലും അതൊന്നും കസ്റ്റഡിയിലെടുക്കാതെ പള്ളിയില്‍ പോയവരുടെ വണ്ടികള്‍ മാത്രം പിടികൂടുകയായിരുന്നു. സമീപത്തെ ആഢംബര ഹോട്ടലില്‍ വരുന്ന വാഹനങ്ങളും പുറമ്പോക്കിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതൊക്കെ കണ്ണടക്കുന്ന അധികൃതര്‍ ഇന്നലെ പെട്ടെന്ന് എടുത്ത നടപടി എന്തിനായിരുന്നുവെന്നാണ് ഉയരുന്ന ചോദ്യം. മാത്രമല്ല വാഹനങ്ങള്‍ വിട്ട് നല്‍കണമെന്ന ആവശ്യവുമായി സബ് കലക്ടറെ കാണാനെത്തിയവരെ ഏറെ നേരം പുറത്ത് നിര്‍ത്തുകയും ചെയ്തായും ആക്ഷേപമുണ്ട്. അതേസമയം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് മൂലം സബ് കലക്ടറുടെ വാഹനത്തിന് പോകാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് നടപടിയുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."