ഹാര്‍ബര്‍ നിര്‍മാണം എന്നു പൂര്‍ത്തിയാകും..? മുതലപ്പൊഴിയില്‍ കടല്‍ക്ഷോഭം: മത്സ്യത്തൊഴിലാളികള്‍ അപകട ഭീഷണിയില്‍
കഠിനംകുളം: തിരയടി ശക്തമായതോടെ പെരുമാതുറ മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ അപകടഭീഷണിയിലായി.
രണ്ടാഴ്ചയായി തുടരുന്ന കടല്‍ക്ഷോഭം ഹാര്‍ബര്‍ വഴിയുള്ള മത്സ്യ ബന്ധനത്തേയും താറുമാറാക്കിയിരിക്കുകയാണ്. ഹാര്‍ബര്‍ നിര്‍മാണം ലക്ഷ്യമിട്ടിരുന്ന രീതിയില്‍ പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ അപകടഭീഷണിയുണ്ടാകില്ലായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. ഏതു കാലാവസ്ഥയിലും അപകടഭീഷണിയില്ലാതെ മത്സ്യബന്ധനം നടത്തുന്നത് ലക്ഷ്യമിട്ടാണ് മുതലപ്പൊഴിയില്‍ ഹാര്‍ബര്‍ നിര്‍മിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 2002 ലായിരുന്നു നിര്‍മാണത്തുടക്കം. വര്‍ഷം പതിനാല് കഴിഞ്ഞിട്ടും ഹാര്‍ബര്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. വിവിധ ഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപയാണ് ഇതിനോടകം ചിലവഴിച്ചത്.
ഹാര്‍ബറിന്റെ പ്രധാന ഭാഗമായ പുലിമുട്ട് നിര്‍മ്മാണത്തിനായി ആയിരകണക്കിന് ലോഡ് പാറകളാണ് താഴം പള്ളി, പെരുമാതുറ ഭാഗങ്ങളില്‍ നിന്നു കൊണ്ടുവന്ന് കടലില്‍കടലിലിറക്കിയത്. കടല്‍ക്ഷോഭ സമയത്ത് ഈ പുലിമുട്ടുകളെ കടല്‍ വിഴുങ്ങുന്നതും പതിവായിരുന്നു. 2002 ല്‍ നിര്‍മാണം തുടങ്ങി രണ്ടു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ നിര്‍മാണം അശാസ്ത്രീയമാണെന്ന് കണ്ടെത്തി പണി നിര്‍ത്തിവെച്ചിരുന്നു. ഹാര്‍ബര്‍ ചാലില്‍ ഭീമമായി മണ്ണടിയുന്ന പ്രതിഭാസമായിരുന്നു നിര്‍മാണത്തെ കുറിച്ച് സംശയമുണ്ടാക്കിയത്.
അതിന് ശേഷം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് നിര്‍മാണം പുനരാരംഭിച്ചത്. രണ്ട് വര്‍ഷം നീണ്ട വിപുലമായ പഠനത്തിനു് ശേഷം ' ഇരുവശങ്ങളിലേയും പുലിമുട്ടുകളുടെ നീളത്തിനും ആകൃതിക്കും മാറ്റം വരുത്തിയാണ് നിര്‍മാണം പുനരാരംഭിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഹാര്‍ബര്‍ പൂര്‍ത്തിയാക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചെങ്കിലും വര്‍ഷം മൂന്നു കഴിഞ്ഞിട്ടും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."