പൈങ്ങോട്ടൂര്‍ മിനി സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു
എന്‍.എം കോയ പള്ളിക്കല്‍
ചേലേമ്പ്ര: ചേലേമ്പ്രയുട സ്വപ്ന സാക്ഷാല്‍ക്കാരമായ മിനി സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ധാരാളം ഫുട്‌ബോള്‍ താരങ്ങളും കളിപ്രേമികളുമുള്ള ചേലേമ്പ്രയിലെ ഈ കളിക്കളത്തിന് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും പൈങ്ങോട്ടൂര്‍ വയലിലെ ഗ്രൗണ്ടില്‍ മഴക്കാലമാകുന്നതോടെ വെള്ളം കെട്ടി നില്‍കുന്നത് കാരണം കളിക്കാനാകുമായിരുന്നില്ല. ഇതുമൂലം മറ്റു ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ഇവിടത്തെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക്. കഴിഞ്ഞ സുബ്രതോ കപ്പ് മത്സരത്തില്‍ ദേശീയ തലത്തില്‍ മലപ്പുറത്തിന് വേണ്ടി ബൂട്ടണിഞ്ഞത് ചേലേമ്പ്രയിലെ കുട്ടികളായിരുന്നു. ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസിലെ പരിശീലകരായ അധ്യാപകരില്‍ നിന്നും പരിശീലനം ലഭിച്ച് ചേലേമ്പ്രയിലെ നിരവധി കുട്ടികളാണ്് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കളിക്കാന്‍ അവസരം നേടിയെടുത്തത്. ചേലേമ്പ്രയുടെ പഴയകാല ഫുട്ബാള്‍ പെരുമ വീണ്ടെടുക്കാനും പുതുതലമുറക്ക് ശാസ്ത്രീയമായ ഫുട്ബാള്‍ പരിശീലനം നല്‍കാനുമായി ചേലേമ്പ്രയിലെ പഴയകാല ഫുട്‌ബോള്‍ കളിക്കാരുടെയും സംഘാടകരുടെയും നേതൃത്വത്തില്‍ അടുത്തിടെ എഫ്.സി ചേലേമ്പ്ര എന്ന പേരില്‍ ഫുട്ബാള്‍ ക്ലബും രൂപീകൃതമായിട്ടുണ്ട്.
18 മുതല്‍ 25 വയസ് വരെ പ്രായമുള്ള യുവാക്കളെ തെരഞ്ഞെടുത്ത് ഫുട്ബാള്‍ ടീം ഉണ്ടാക്കാനും യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫുട്ബാള്‍ പരിശീലനം നല്‍കാനുമാണ് ക്ലബ് രൂപീകരിച്ചത്. എന്നാല്‍ പരിശീലനം നല്‍കാന്‍ ഫീസ് നല്‍കി വിവിധ ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ചേലേമ്പ്രയിലെ ഫുട്‌ബോള്‍ പരിശീലകര്‍ക്കും കളിക്കാരായ കുട്ടികള്‍ക്കും. പി അബ്ദുല്‍ ഹമീദ് എം.എല്‍.എ അനുവദിച്ച 30 ലക്ഷം ചെലവഴിച്ചാണ് 25,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. ചേലേമ്പ്ര പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗം ഇഖ്ബാല്‍ പൈങ്ങോട്ടൂരിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനഫലമായാണ് സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്. വയലില്‍ ആയിരത്തോളം ലോഡ് മണ്ണിട്ട് നികത്തിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം ഗാലറിയും മൂന്ന് ഭാഗത്ത് ഫെന്‍സിങ്ങും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ടാണ് സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."