ആര്‍.എസ്.എസ് അക്രമം; പരുക്കേറ്റ മദ്‌റസ അധ്യാപകന്‍ ഗുരുതര നിലയില്‍
ഹമീദ് കുണിയ
കാസര്‍കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലിനിടെ അക്രമിക്കപ്പെട്ട മദ്‌റസ അധ്യാപകന്റെ നില ഗുരുതരമായി തുടരുന്നു. ഉപ്പള ബായാര്‍ മൂളികണ്ടത്തെ അബ്ദുല്‍ കരീം മുസ്‌ലിയാരാണ്(44) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ 11 ഓടെയാണ് ബായാര്‍ ജാറം മഖാം പരിസരത്ത് വച്ച് നാല്‍പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബൈക്കില്‍ പോവുകയായിരുന്ന അബ്ദുല്‍ കരീം മുസ്‌ലിയാരെ തടഞ്ഞു നിര്‍ത്തി വളഞ്ഞിട്ട് മര്‍ദിച്ചത്. ആണിതറച്ച പട്ടികയും ഇരുമ്പുദണ്ഡും ഉപയോഗിച്ച് തലയ്ക്കും ദേഹത്തും മര്‍ദിച്ചതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട അബ്ദുല്‍ കരീം മുസ്‌ലിയാര്‍ മരിച്ചെന്നു കരുതി അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. അക്രമത്തിനിടയില്‍ ബോധം നഷ്ടപ്പെട്ട കരീം മുസ്‌ലിയാര്‍ക്ക് ഇതുവരെ ബോധം തിരിച്ചു കിട്ടിയിട്ടില്ല. മംഗലാപുരത്തെ ആശുപത്രിയില്‍ തലയ്ക്ക് അടിയന്തരമായി മേജര്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ബോധം തിരികെ വരുന്നത് എപ്പോഴാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനു പുറമെ തലയിലേറ്റ ഗുരുതരമായ ക്ഷതം കാരണം രക്തം നെഞ്ചിലേക്ക് ഇറങ്ങി കട്ടപിടിക്കുകയും ഇതേ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂമോണിയ നിയന്ത്രണ വിധേയമായാല്‍ മാത്രമേ കരീം മുസ്‌ലിയാരുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. തലയ്ക്ക് പുറമെ ഇടതു കൈക്കും രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ആണിതറച്ച പട്ടിക കൊണ്ട് തലയ്ക്ക് ഏറ്റ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ക്ഷതം കാരണം ഇദ്ദേഹത്തിന്റെ ഇടതുഭാഗവും പൂര്‍ണമായും നിശ്ചലമായിട്ടുണ്ട്. ബായാര്‍ പ്രദേശത്തെ നാല്‍പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകാരാണ് അക്രമത്തിനു പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. അക്രമികള്‍ വരുന്നതും കരീം മുസ്‌ലിയാരെ തടഞ്ഞു നിര്‍ത്തി വളഞ്ഞിട്ടു മര്‍ദിക്കുന്നതും പിന്നീട് ഓടി രക്ഷപ്പെടുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ പൊലിസ് 40 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രധാന പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. എട്ടു പ്രതികള്‍ പൊലിസ് പിടിയിലായിട്ടുണ്ട്. പ്രധാന പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ മംഗളൂരുവിലെ ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ സുരക്ഷിതരായി കഴിയുന്നതായാണ് സൂചന. അബ്ദുല്‍ കരീം മുസ്‌ലിയാരെ മര്‍ദിച്ചതിനു പുറമെ പ്രദേശത്തെ മഖാമിന് നേരെയും ഇവര്‍ അക്രമം നടത്തുകയും കെട്ടിടത്തിന്റെ ഗ്ലാസുകള്‍ ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്തിരുന്നു.
കര്‍ണാടക വിട്ട്‌ള സ്വദേശിയായ അബ്ദുല്‍ കരീം മുസ്‌ലിയാര്‍ വിവാഹ ശേഷം ബായാറില്‍ വീടെടുത്ത് താമസിച്ചു വരുകയായിരുന്നു. വിട്ട്‌ള പെര്‍വായി മദ്‌റസയില്‍ ആണ് ജോലി ചെയ്തു വന്നിരുന്നത്. മദ്‌റസ അധ്യാപനം നടത്തി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അബ്ദുല്‍ കരീം മുസ്‌ലിയാര്‍ കുടുംബത്തെ സംരക്ഷിച്ചു പോന്നിരുന്നത്. ഈ നിര്‍ധന കുടുംബത്തിന് ഭാരിച്ച ചികിത്സാ ചെലവ് വഹിക്കാനുള്ള ശേഷിയുമില്ല. ഇദ്ദേഹത്തിന്റെ രണ്ടു മക്കളില്‍ ഒരാള്‍ കുമ്പള കൊക്കച്ചാലിലെ വാഫി കോളജില്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു കുട്ടി പ്ലസ് വണ്ണിനൊപ്പം ദര്‍സ് പഠനവും നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."