സഊദിയിൽ വാഹനാപകട കേസുകളിൽ മരിച്ച രണ്ടു മലയാളികളുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം റിയാൽ നഷ്ട പരിഹാരം ലഭിച്ചു
റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം റിയാൽ നഷ്ട പരിഹാരം ലഭിച്ചു. മലപ്പുറം സ്വദേശി അനീസ് ബാബുവിന്റെ കുടുംബത്തിന് രണ്ടേകാൽ ലക്ഷം റിയാലും കണ്ണൂർ സ്വദേശി അബ്ദുല്ലയുടെ കുടുംബത്തിന് മൂന്നു ലക്ഷം റിയാലുമാണ് കേസുകൾക്കൊടുവിൽ നഷ്‌ടപരിഹാരം ലഭിച്ചത്. 2017 ൽ അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി അനീസ് ബാബുവിന്റെ കുടുംബത്തിന് രണ്ടേകാൽ ലക്ഷം റിയാലും 2015 സെപ്റ്റംബറിൽ അൽഖർജ് റോഡിലുണ്ടായ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി അബ്ദുല്ലയുടെ കുടുംബത്തിന് മൂന്നു ലക്ഷം റിയാലുമാണ് റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ ഇടപെടലിൽ നഷ്ടപരിഹാരമായി ലഭിച്ചത്.
എംബസി പ്രകാരമുള്ള നടപടിക്രമങ്ങൾക്ക് ശേഷം ആശ്രിതർക്ക് പണം എംബസി മുഖേന അയച്ചു കൊടുക്കുകയായിരുന്നു.
2017 ഒക്ടോബറിലാണ് അനീസ് ബാബു വാഹനാപകടത്തിൽ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ സ്വദേശി പൗരന്റെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ അനീസ് തൽക്ഷണം മരിക്കുകയായിരുന്നു.
മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് ഖബറടക്കിയിരുന്നു. സഊദി പൗരന്റെ ഭാഗത്തായിരുന്നു 75 ശതമാനം തെറ്റ്. നഷ്ടപരിഹാരം ലഭിക്കാനായി ഇദ്ദേഹത്തിന്റെ അമ്മാവന്റെ പേരിലായിരുന്നു ബന്ധുക്കൾ വക്കാലത്ത് ഏൽപിച്ചിരുന്നത്. തുടർന്ന് സിദ്ദീഖ് തുവ്വൂർ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു. രണ്ട് മാസം മുമ്പാണ് നഷ്ടപരിഹാരത്തുക ലഭിച്ചത്. 2015 സെപ്റ്റംബറിൽ അൽഖർജ് റോഡിലുണ്ടായ അപകടത്തിലാണ് അബ്ദുല്ല മരിച്ചത്.
മൃതദേഹം നാട്ടിൽ കൊണ്ടുവന്നു ഖബറടക്കി. റിയാദിലുള്ള ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ പേരിലായിരുന്നു വക്കാല അയച്ചിരുന്നത്. ആശ്രിതർക്കായി ലഭിച്ച മൂന്നു ലക്ഷം റിയാലിന്റെ നഷ്ടപരിഹാരത്തുകയും നാട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. അപകട മരണത്തിൽ നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തത്തോടെ സൗദിയിലുള്ള ഒരാളെ കേസിനായി ചുമതലപ്പെടുത്തിയാൽ കൃത്യമായ ഇടപെടലുകൾ നടത്തിയാൽ ആശ്രിതർക്കുള്ള നഷ്ടപരിഹാരം ലഭ്യമാകുമെന്നും അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യാൻ തയാറാണെന്നും സിദ്ദീഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."