തെരഞ്ഞെടുപ്പ്: യു.പിയില്‍ എസ്.പി- ബി.എസ്.പി സഖ്യം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരേ എസ്.പി-ബി.എസ്.പി സഖ്യം നിലവില്‍ വന്നു. ഇന്നലെ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും വാര്‍ത്താ സമ്മേളനത്തിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ വിവരം അറിയിച്ചത്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിടുക.
ധാരണപ്രകാരം 80 ലോക്‌സഭാ സീറ്റുകളുള്ള ഇവിടെ ഇരു പാര്‍ട്ടികളും 38 സീറ്റുകളില്‍ വീതം മല്‍സരിക്കും. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയും അമേത്തിയും ഒഴിച്ചിടും. രണ്ടുസീറ്റുകള്‍ അജിത് സിങിന്റെ ആര്‍.എല്‍.ഡിക്കും നല്‍കും.
തെരഞ്ഞടുപ്പിനപ്പുറം പിന്നോക്ക ജനതയുടെ പ്രാതിനിധ്യത്തിനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള സഖ്യമാണ് ഇതെന്നും ഇരുവരും പറഞ്ഞു. ബോഫേഴ്‌സ് കുംഭകോണം കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായെങ്കില്‍ റാഫേല്‍ അഴിമതി ബി.ജെ.പിയുടെ പരാജയത്തിനു കാരണമാകും.
1995ല്‍ ബി.എസ്.പി- എസ്.പി സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത് മായാവതിയുടെ നേതൃതത്തില്‍ ലഖ്‌നൗ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം എസ്.പി പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയതായിരുന്നു. അന്ന് മായാവതിയെ കൈയേറ്റം ചെയ്ത സംഭവവുമുണ്ടായി. ഇതോടെ അകന്ന ഇരുപാര്‍ട്ടികളും ഇതാദ്യമായാണ് സഖ്യംചേരുന്നത്. നിയമസഭാതെരഞ്ഞെടുപ്പുകളിലും സഖ്യം തുടരുമെന്നും മായാവതിയും അഖിലേഷും അറിയിച്ചു.
അതേസമയം സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയത് അപകടകരമായ നീക്കമാണെന്ന് കോണ്‍ഗ്രസ് വക്താവ് മനുഅഭിഷേക് സിങ് വി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."