ദേശീയ രാഷ്ട്രീയത്തില്‍ ഇ. അഹമ്മദിന്റെ പിന്‍ഗാമിയായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: പ്രായോഗികതയില്‍ ഊന്നിയ ചാണക്യ തന്ത്രങ്ങളുമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്.
ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗ് ദേശീയ ട്രഷററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കിയതിലൂടെ ഇ അഹമ്മദിന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിനു കൂടി ഉത്തരമാവുകയാണ്. പ്രതിസന്ധികളില്‍ തളരാതെ പാര്‍ട്ടിയെ മുന്നോട്ടുനയിച്ച കുഞ്ഞാലിക്കുട്ടിയുടെ സേവനം ദേശീയ തലത്തില്‍ ഫലപ്രദമായി വിനിയോഗിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന രാഷ്ടീയത്തോടൊപ്പം ദേശീയരാഷ്ട്രീയത്തില്‍ പാര്‍ട്ടിക്കു കൂടുതല്‍ ശ്രദ്ധ വേണമെന്ന ലീഗ് ദേശീയ നേതൃയോഗം നേരത്തെ തീരുമാനിച്ചതാണ്. പശ്ചിമേഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട നയതന്ത്ര ഉദ്യോഗസ്ഥരുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും ഇ അഹമ്മദിനുണ്ടായിരുന്ന വ്യക്തി ബന്ധം മുസ്‌ലിംലീഗിന്റെ വളര്‍ച്ചയെ സഹായിച്ചിരുന്നു. ഈ സ്ഥാനത്തേക്ക് ഏറ്റവും ഉചിതന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് ഇന്നലെ ചെന്നൈയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഇ അഹമ്മദിന്റെ മരണ ശേഷമുള്ള ലീഗിന്റെ ആദ്യ ദേശീയ യോഗമാണിത്. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള താല്‍പര്യം കുഞ്ഞാലിക്കുട്ടി നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും ഇന്നലെ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തിനു പുറമേ പാര്‍ലമെന്റിലേക്കും കുഞ്ഞാലിക്കുട്ടിയെ തന്നെ പരിഗണിക്കാനാണ് ധാരണ.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷമേ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളു. കഴിഞ്ഞ പത്തുവര്‍ഷമായി ലീഗ് രാഷ്ട്രീയത്തെ വിവാദങ്ങള്‍ക്ക് ഇടംകൊടുക്കാതെ മികച്ച സംഘടനാ ചട്ടക്കൂടിലൂടെ നയിക്കാന്‍ കഴിഞ്ഞുവെന്നതാണ് കുഞ്ഞാലിക്കുട്ടിയെന്ന നേതാവിന്റെ സവിശേഷത. ബി.കോം ബിരുദവും ബിസിനസ് മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയുമുള്ള കുഞ്ഞാലിക്കുട്ടി എം.എസ്.എഫിലൂടെയാണ് രാഷ്ടീയത്തിലെത്തിയത്. എം.എസ്.എഫിന്റെ സംസ്ഥാന ട്രഷറര്‍ ആയിരുന്നു. 1980ല്‍ മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാനായി ആദ്യമായി ഭരണതലത്തിലെത്തി. ഏഴു തവണ നിയമസഭയിലെത്തി. 1982ല്‍ മലപ്പുറം മണ്ഡലത്തിലായിരുന്നു നിയമസഭയിലേക്കുള്ള അരങ്ങേറ്റം. 87ല്‍ വീണ്ടും മലപ്പുറത്ത് ജയം. 1991ല്‍ കുറ്റിപ്പുറത്തു നിന്നു ജയിച്ച അദ്ദേഹം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി.
കെ കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായി. 2001ലും ലീഗിന്റെ കക്ഷി നേതാവായി കുഞ്ഞാലിക്കുട്ടിയെ തന്നെയാണ് ലീഗ് നേതൃത്വം നിയോഗിച്ചത്. എ.കെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വ്യവസായ വകുപ്പും ഐ.ടിയും കൈകാര്യം ചെയ്തു.
വിവാദങ്ങളെ തുടര്‍ന്ന് 2004 ഡിസംബര്‍ 28ന് രാജിവച്ചു. 2006ല്‍ കുറ്റിപ്പുറത്ത് ലീഗില്‍ നിന്ന് രാജിവച്ച് സി.പി.എമ്മിനൊപ്പം ചേര്‍ന്ന കെ.ടി ജലീലിനോട് അടിയറവു പറയേണ്ടിവന്നെങ്കിലും പിന്നീടുള്ള തിരിച്ചുവരവ് എതിരാളികളെ പോലും അല്‍ഭുതപ്പെടുത്തി.
2011ല്‍ വേങ്ങര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിലും വ്യവസായം, ഹജ്ജ്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മുസ്‌ലിംലീഗിന്റെ സംസ്ഥാന ട്രഷറര്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."