ഐ.എസിന്റെ ലക്ഷ്യത്തില്‍ ഇന്ത്യയുമെന്ന് കെ.രാമമൂര്‍ത്തി
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് സംഘടനയെ വളര്‍ത്താന്‍ ഐ.എസ് ഒരുങ്ങുന്നതായി ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി ഇന്ത്യയിലെത്തിയ ഡോ. കെ. രാമമൂര്‍ത്തി.
വിവിധ രാജ്യങ്ങളില്‍ പ്രത്യേകിച്ചും സിറിയയിലും ഇറാഖിലും നൈജീരിയയിലും അവര്‍ നടത്തിയ ക്രൂരതയുടെ വീഡിയോകള്‍ തടവിലാക്കിയവരെ നിര്‍ബന്ധിച്ച് കാണിച്ചിരുന്നുവെന്നും രാമമൂര്‍ത്തി പറഞ്ഞു. തടവിലാക്കപ്പെട്ടവരില്‍ ഭീതി പരത്തുന്നതിനായിരുന്നു അവര്‍ തങ്ങള്‍ ചെയ്ത ക്രൂരതയെക്കുറിച്ചുള്ള വീഡിയോകള്‍ തടവുകാരെ കാണിച്ചിരുന്നതെന്നും രാമമൂര്‍ത്തി പറഞ്ഞു. 18 മാസം മുന്‍പാണ് ലിബിയയില്‍ വച്ച് ആന്ധ്രാ സ്വദേശിയായ ഡോ. രാമമൂര്‍ത്തിയെ ഐ.എസ് ഭീകരര്‍ തട്ടികൊണ്ടുപോയത്.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലിനെതുടര്‍ന്നായിരുന്നു മോചനം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സി.എന്‍.എന്‍-ന്യൂസ്-18ന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
മികച്ച വിദ്യാഭ്യാസം നേടിയവരാണ് ഭീകരരില്‍ പലരും. ഓരോ രാജ്യത്തെക്കുറിച്ചും അവിടത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം അവര്‍ക്ക് നന്നായറിയാം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അവരുടെ പ്രത്യയ ശാസ്ത്രം വികസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ചില തടവുകാരെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു. എന്നാലിത് വല്ലപ്പോഴുമായിരുന്നുവെന്നുമാത്രം. തടവിലാക്കപ്പെട്ടവരെ ശാരീരികമായി ഉപദ്രവിക്കുന്നതിനുപകരം അവരെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയായിരുന്നു അവരുടെ പതിവ്. ലിബിയന്‍ സര്‍ക്കാര്‍ സേനയുമായി നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ തടവുകാരെ നിരന്തരം ജയില്‍ മാറ്റിയിരുന്നതായും രാമമൂര്‍ത്തി പറഞ്ഞു.
ക്രൂരതയായിരുന്നു ഭീകരരുടെ മുഖമുദ്ര. തങ്ങളുടെ നിയമസംവിധാനങ്ങള്‍ തടവുകാരില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
തടവുകാരെ മതപരിവര്‍ത്തനത്തിന് അവര്‍ നിര്‍ബന്ധിച്ചിരുന്നു. ഡോക്ടറായതിനാല്‍ അവര്‍ തന്നെ ഉപദ്രവിച്ചിരുന്നില്ലെന്നും രാമമൂര്‍ത്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."