മോഹന്‍ ബഗാന് ജയം
കൊല്‍ക്കത്ത: ഐ ലീഗില്‍ മോഹന്‍ ബഗാന് എതിരില്ലാത്ത ഒരു ഗോളിന് നെരോക്ക എഫ്.സിയെ പരാജയപ്പെടുത്തി. 78-ാം മിനുട്ടില്‍ സോണി നോര്‍ദെയാണ് വിജയഗോള്‍ കണ്ടെത്തിയത്. പരിശീലകന് ഖലീല്‍ ജാമിലിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് മോഹന്‍ ബഗാന് നേടിയത്. ബഗാന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും മികച്ചുനിന്നു. നിരവധി ഗോളവസരങ്ങള്‍ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതാണ് നെരോക്കക്ക് വിനയായത്.
ഇതോടെ 13 മത്സരങ്ങളില്‍നിന്ന് ബഗാന് 21 പോയിന്റായി. 12 മത്സരം മാത്രം കളിച്ച നെരോക്കക്കും 21 പോയിന്റാണുള്ളത്. നെരോക്ക പട്ടികയില്‍ നാലാം സ്ഥാനത്തും ബഗാന് അഞ്ചാം സ്ഥാനത്തും നില്ക്കുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഷില്ലോങ് ലജോങ് ഇന്ത്യന്‍ ആരോസിനെ നേരിടും. ലജോങിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 10 ഉം 11 ഉം സ്ഥാനത്തുള്ള ടീമുകളാണ് ഇന്ത്യന്‍ ആരോസും ലജോങ്ങും.
11 മത്സരം പൂര്‍ത്തിയാക്കിയ ലജോങ് ഒറ്റ മത്സരത്തില്‍ മാത്രമാണ് വിജയം കണ്ടിട്ടുള്ളത്. അതേസമയം, 11 മത്സരത്തില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യന്‍ ആരോസ് വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. സ്ഥാനം മെച്ചപ്പെടുത്തുതിന് വേണ്ടി രണ്ട് ടീമുകള്‍ക്കും ഇന്ന് ജയിച്ചേ തീരു എന്ന അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."