രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു തുടരണം
റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗവര്‍ണറുടെ കാലാവധിയവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ രഘുറാം രാജന്‍ ആ സ്ഥാനത്തു തുടരുമോയെന്ന ചൂടേറിയ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു ആഗോളതലത്തില്‍ കരുത്തും വിശ്വസ്തയും നല്‍കിയ സാമ്പത്തികവിദഗ്ധനാണ് രഘുറാം രാജന്‍.
രാജ്യം സാമ്പത്തികദുരത്തിന്റെ വക്കിലും രൂപയുടെ മൂല്യം ഏറ്റവും താഴ്ന്നനിലയിലും എത്തിനിന്ന സമയത്താണ് രഘുറാം രാജന്‍ ഗവര്‍ണര്‍ സ്ഥാനത്ത് എത്തിയത്. വിലക്കയറ്റം തടയാന്‍ രഘുറാം രാജന്റെ ലക്ഷ്യബോധത്തോടെയുള്ള നയങ്ങള്‍ ശ്രദ്ധേയമായിരുന്നു.
രാജന്‍ ഗവര്‍ണര്‍സ്ഥാനം ഏറ്റെടുത്തപ്പോള്‍ വിലക്കയറ്റനിരക്കു പത്തുശതമാനമായിരുന്നു. വിലക്കയറ്റനിരക്ക് പത്തുശതമാനത്തില്‍നിന്ന് ആറു ശതമാനത്തിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രൂപയുടെ മൂല്യം സ്ഥിരത കൈവരിച്ചു. ബാങ്കിങ് മേഖലയില്‍ ശക്തമായ മാറ്റങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞു.
കിട്ടാക്കടം വെളിപ്പെടുത്താന്‍ ബാങ്കുകള്‍ തയാറായതും മനഃപൂര്‍വം വായ്പ്പ തിരിചടയ്ക്കാത്തവര്‍ക്കു രക്ഷപ്പെടാന്‍ എളുപ്പമല്ലെന്ന സ്ഥിതിയുണ്ടായതും അദ്ദേഹത്തിന്റെ മികവുമൂലമാണ്.
2007 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രഘുറാം രാജനെ രാജ്യത്തേയ്ക്കു തിരികെക്കൊണ്ടുവരണമെന്നു നിര്‍ദ്ദേശിച്ചത് രാജ്യത്തിന്റെ സാമ്പത്തികമുന്നേറ്റത്തിന് അദ്ദേഹം വേണമെന്നു മനസ്സിലാക്കിയാണ്.
രാജ്യത്ത് അസഹിഷ്ണത കത്തിനിന്ന സമയത്ത് രഘുറാം രാജന്‍ അതിനെതിരേ നിലപാടുറപ്പിച്ചുപറഞ്ഞത് സംഘ്പരിവാറിന്റെ ചില കേന്ദ്രങ്ങളില്‍ എതിര്‍പ്പിനു കാരണമായി. അതാണിപ്പോള്‍ അദ്ദേഹത്തിനെതിരേ പടയോട്ടം നയിക്കാന്‍ സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ളവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
കാലാകാലങ്ങളില്‍ സാമ്പത്തികരംഗത്തുണ്ടാകേണ്ട ശക്തമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ കഴിയുന്ന രഘുറാം രാജനെ, ചിലരുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി നിലവിലെ സ്ഥാനത്തുനിന്നു മാറ്റുന്നതു ശരിയല്ല.
അജയ് എസ് കുമാര്‍,
തിരുവനന്തപുരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."