നിപാ: താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപാ പനിക്കാലത്ത് പ്രവര്‍ത്തിച്ച താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇടവേള നല്‍കി താല്‍ക്കാലികമായി അവിടെ നിലര്‍ത്താനാണ് ശ്രമിക്കുകയെന്നും അവര്‍ പറഞ്ഞു. ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട്ട് മന്ത്രിയുടെ പ്രതികരണം. നിപാ വാര്‍ഡില്‍ പ്രവര്‍ത്തിച്ചവരെയും ഐസൊലേഷന്‍ വാര്‍ഡ് സെറ്റ് ചെയ്യാന്‍ സഹായിച്ചവരെയുമെല്ലാം ഈ രീതിയില്‍ നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ നിപാ കാലത്ത് പിരിച്ചുവിട്ടവരെ നിയമിക്കാന്‍ സാധിക്കില്ലെന്ന തരത്തിലുള്ള അറിയിപ്പാണ് തങ്ങള്‍ക്ക് ആശുപത്രി അധികൃതരില്‍നിന്ന് ലഭിച്ചതെന്ന് സമര സമിതി അംഗമായ ഇ.പി രജീഷ് സുപ്രഭാതത്തോട് പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ ജീവന്‍ പോലും വകവയ്ക്കാതെ സേവനം ചെയ്ത ഏഴ് സ്റ്റാഫ് നഴ്‌സുമാരെയും അഞ്ച് നഴ്‌സിങ് അസിസ്റ്റന്റുമാരെയും 30 ക്ലീനിങ് തൊഴിലാളികളെയുമടക്കം 42 ജീവനക്കാരെയാണ് ഡിസംബര്‍ 31ന് പിരിച്ചുവിട്ടത്. എന്നാല്‍ ഇതില്‍ നാല് സ്റ്റാഫ് നഴ്‌സുമാരെയും കുറച്ച് ക്ലീനിങ് തൊഴിലാളികളെയും തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് മാത്രമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നതെന്നും രജീഷ് പറഞ്ഞു.
നഴ്‌സിങ് അസിസ്റ്റന്റുമാരെ നിയമിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി രജീഷ് ചൂണ്ടിക്കാട്ടി. ആരോഗ്യ മന്ത്രിക്കു തങ്ങളുടെ കാര്യത്തില്‍ വലിയ താല്‍പര്യമുണ്ട്. എന്നാല്‍ ആശുപത്രിയിലെ ചിലരുടെ താല്‍പര്യങ്ങള്‍ മാത്രമേ ഇവിടെ നടക്കുകയുള്ളൂവെന്നും സമരരംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.നിപാ കാലത്ത് ജോലി ചെയ്തവരെ മുഴുവന്‍ സ്ഥിരപ്പെടുത്തണമെന്ന ഒരു ധാരണ ആരോഗ്യ വകുപ്പ് കൊണ്ടുവന്നിരുന്നു. അതിനാവശ്യമായ ഫയല്‍ നീക്കവും നടത്തി. പക്ഷേ ഇപ്പോള്‍ താല്‍ക്കാലികമായി ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരായി ഒരു സുപ്രിംകോടതി വിധിയുണ്ട്. അതുകൊണ്ടാണ് നിയമപരമായി ഇവരെ സ്ഥിരപ്പെടുത്താന്‍ സാധിക്കാതിരുന്നതെന്നുമാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ നേര്‍വിപരീതമായാണ് മെഡിക്കല്‍ കോളജില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നാണ് സമരക്കാരുടെ സാക്ഷ്യം. ജനുവരി നാലു മുതലാണ് 42 തൊഴിലാളികള്‍ നിരാഹാര സമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."