ഓര്‍മകളുടെ പ്രിയാക്ഷരങ്ങള്‍
The Cambidge Encyclopedia of the English Language എന്ന പുസ്തകത്തിന്റെ രചയിതാവും ഭാഷാ പണ്ഡിതനുമായ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനിച്ച ഡേവിഡ് ക്രിസ്റ്റലിന്റെ, അഭിമുഖങ്ങളും പ്രഭാഷണങ്ങളും വളരെ രസകരങ്ങളാണ്.
എല്ലാ ഭാഷയും കാലക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്നും ഉപയോഗത്തിലില്ലാത്ത പദങ്ങള്‍ മാഞ്ഞുപോവുകയും പുതിയ പദങ്ങള്‍ കടന്നുവരികയും ചെയ്യുന്നതിനെക്കുറിച്ചുള്ള സംസാരങ്ങള്‍ ശ്രദ്ധിച്ചാല്‍, നമുക്ക് താത്പര്യമില്ലെങ്കില്‍ പോലും കേട്ടിരിക്കാന്‍ തോന്നും. ഏവര്‍ക്കും ഗ്രഹിക്കാന്‍ പറ്റുന്ന ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച്, അദ്ദേഹം വിവരിക്കുമ്പോള്‍, ഈ മാറ്റങ്ങള്‍ എല്ലാ ഭാഷയിലും സംഭവിക്കുന്നുണ്ട് എന്ന അദ്ദേഹത്തിന്റെ വാദങ്ങളോട് യോജിക്കാതിരിക്കാനാവില്ല. ടെലഫോണ്‍, ബ്രോഡ്കാസ്റ്റിങ് റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഭാഷകളില്‍ ചെലുത്തുന്ന മാറ്റങ്ങളെ, പുതിയ പ്രയോഗങ്ങള്‍, ശൈലികള്‍, പുതിയ പദങ്ങളുടെ ആവിര്‍ഭാവം എന്നിങ്ങനെ നിരവധി ഘടകങ്ങളെ ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ച് വിവരിക്കുന്നുണ്ട്. ഇത് പറഞ്ഞുവന്നത്, പ്രിയ എ.എസിന്റെ 'തന്മയം' എന്ന പുസ്തകത്തില്‍ തന്റെ ഗുരുവായ മധുകര്‍ റാവു സാറിനെപ്പറ്റി എഴുതിയിരിക്കുന്നത് കണ്ടപ്പോഴാണ്. പ്രിയയുടെ വിവരണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഇംഗ്ലീഷ് അധ്യാപകനെ ആരും ഇഷ്ടപ്പെട്ടു പോകും. ഇംഗ്ലീഷ് എം.എ ക്ലാസുകള്‍ പ്രൈവറ്റായി പഠിപ്പിച്ചിരുന്ന മഹാരാജാസിലെ മുന്‍ അധ്യാപകനായ സാറിന്റെ ക്ലാസില്‍ ഒരിക്കലെങ്കിലും ഇരിക്കാന്‍ പറ്റിയെങ്കിലെന്ന് വായിക്കുന്നവരെ കൊണ്ട് ചിന്തിപ്പിക്കുന്നുണ്ട് പ്രിയയുടെ വിവരണം.
അരുന്ധതി റോയിയുടെ ബുക്കര്‍ പ്രൈസ് നേടിയ പുസ്തകം,'God of small things' നെ മലയാളത്തിലെ 'കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍' ആയി പരിഭാഷപ്പെടുത്തിയ പ്രിയ ഇതിനോടകം മലയാള സാഹിത്യത്തില്‍ തന്റെതായ ഒരിടം ഉറപ്പിച്ചിട്ടുണ്ട്. ജയശ്രീ മിശ്രയുടെ 'അിരശലി േജൃീാശലെ'െ എന്ന നോവല്‍, 'ജന്മാന്തര വാഗ്ദാനങ്ങള്‍' എന്ന പേരിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പ്രിയയുടെ ബാലസാഹിത്യ കൃതികള്‍ പുസ്തകങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും വായിക്കപ്പെടുന്നു. പ്രിയയുടെ ഓര്‍മപ്പുസ്തകത്തില്‍, മാധവിക്കുട്ടിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയത്, അവര്‍ക്ക് വളകള്‍ സമ്മാനിച്ചത്, അഷിതയുമായുള്ള സൗഹൃദങ്ങള്‍ എല്ലാം കടന്നുവരുന്നുണ്ട്. കെ.ആര്‍ മീരയും പ്രിയയും കൂടി 'സൂര്യനെല്ലിയിലെ പെണ്‍കുട്ടി'യെ കാണാന്‍ പോകുന്നത് ഹൃദയഭേദകമായ ഒരു വായനയാണ് നല്‍കിയത്.
യേശുദാസും ഡി. വിനയചന്ദ്രനും വന്നുപോകുന്നു. പ്രിയയുടെ അമ്മയെക്കുറിച്ചെഴുതിയത്, ഏതൊരു പ്രതിസന്ധിയിലും അമ്മ ഒരു നിഴലായി കൂടെ നടക്കുന്നത്, പുസ്തകങ്ങളെയും പാട്ടുകളെയും ജീവനുതുല്യം സ്‌നേഹിക്കുന്നത്, എഴുത്തുകാര്‍ക്ക് കത്തെഴുതുന്നത് അങ്ങനെയങ്ങനെ ഒത്തിരി പ്രത്യേകതകള്‍ ഉള്ള ഒരമ്മയെ ആണ് കാണിച്ചുതരുന്നത്.
പ്രിയം, ദീപ്തം എന്ന ആദ്യ രണ്ട് ഭാഗങ്ങളും കഴിഞ്ഞ്, ആനന്ദം, ശിവം തുടങ്ങിയ അധ്യായങ്ങളിലെത്തുമ്പോള്‍ പ്രിയയുടെ എഴുത്തുകള്‍ ഒരു ആന്മകഥാരൂപത്തിലേക്ക് ആകുന്നു. പ്രിയ എന്ന അമ്മയെ പ്രിയ മനോഹരമായി വരച്ചിടുന്നു.
'കരള്‍ പിളരും കാലമാണോ മുന്നിലുള്ളത് എന്നറിയില്ല. വരട്ടെ, അപ്പോള്‍ കാണാം എന്നു തന്നെ വിചാരിക്കുന്നു. വേദനകളോടുള്ള സമരസപ്പെടലാണ് ഇപ്പോഴത്തെ തിയറി' എന്ന് പറഞ്ഞ്, പൊരുതാനുറച്ച മനസോടെ പ്രിയ സ്വയം വിവരിക്കുന്നു.
മറ്റുള്ളവരുടെ അനുഭവങ്ങളെ, കാല്‍പനികതകളില്ലാതെ പകര്‍ത്തി വച്ചിരിക്കുന്ന ഒരു നീണ്ടകഥ എന്ന് പറയാനാണ് തോന്നുന്നത്. അത് ഒരു തരത്തില്‍ പറഞ്ഞാല്‍ സാഹിത്യത്തിനുള്ളിലെ 'ആക്ടിവിസം' തന്നെ ആകുന്നു.
ചേര്‍ത്തല, എരമല്ലൂര്‍ സ്വദേശിനിയാണ് പ്രിയ. കുസാറ്റില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായി ജോലി ചെയ്യുന്നു. യുവ സാഹിത്യകാരികള്‍ക്കുള്ള ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. പ്രിയയുടെ രണ്ട് ചെറുകഥകള്‍ (അച്ഛന്‍, ചാരുലതയുടെ ബാക്കി) ഷോര്‍ട്ട് ഫിലിമുകളാക്കിയിട്ടുണ്ട്. ഓര്‍മക്കുറിപ്പുകളും ചെറുകഥാ സമാഹാരങ്ങളുമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'കുട്ടികളാകാന്‍ സാധിക്കുന്നവര്‍ക്കേ കുട്ടിക്കഥയെഴുത്തു വഴങ്ങൂ'
'കുട്ടികള്‍ക്കുവേണ്ടിയുള്ള കലാ സാഹിത്യങ്ങള്‍ ഉണ്ടാകാത്തതിനു പ്രധാനകാരണം എല്ലാത്തിനേയും രാഷ്ട്രീയമായ ശരിതെറ്റുകളിലൂടെ മാത്രം വിലയിരുത്തുന്ന നമ്മുടെ ആസ്വാദന രീതിയാണ്. നമ്മുടെ ഭാവുകത്വം അങ്ങനെ ചിട്ടപ്പെടുത്തപ്പെട്ടുപോയി. വലിയ പ്രതിഭയും ഭാവനയും ഉള്ളവര്‍ക്കേ കുട്ടികള്‍ക്കുവേണ്ടിയുള്ള കലയും സാഹിത്യവും ഉണ്ടാക്കാന്‍ കഴിയൂ. പരിധികളില്ലാത്ത സ്വാതന്ത്ര്യം അതിന് ആവശ്യമാണ്. 'എഴുത്തുകാരന്‍ വിനോയ് തോമസിന്റെ അഭിപ്രായമാണിത്. ഇതിനകം പ്രിയയുടെ ബാലസാഹിത്യ കൃതികള്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു എന്ന് കാണാം. മലയാളത്തില്‍ (പരിഭാഷകളല്ലാതെ) നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി എഴുതപ്പെടുന്ന കൃതികളെപ്പറ്റി പ്രിയയ്ക്ക് എന്താണ് പറയാനുള്ളത്?
കുട്ടികള്‍ക്കു വേണ്ടി എഴുതുന്നവരെ കാര്യമായെടുക്കാതിരിക്കലാണ് മലയാളത്തിന്റെ സ്വഭാവം. പണ്ടുപണ്ടെഴുതിയ 'ഉണ്ണിക്കുട്ടന്റെ ലോകം' എന്ന നന്തനാര്‍ പുസ്തകത്തിനെ അനുകരിച്ചൊന്നെഴുതാന്‍ പോലുമുള്ള വിഭവസമ്പത്തുള്ളവര്‍ കുട്ടികള്‍ക്കായെഴുതുന്നവരില്‍ കാണാറില്ല എന്നതാണ് സത്യം.
എഴുതാന്‍ കഴിവുള്ളവര്‍ ഇല്ലാത്തതു കൊണ്ടല്ല, ബാലസാഹിത്യരംഗത്തു നിലയുറപ്പിക്കല്‍ ഒരു മൂന്നാംകിട കാര്യമായി എടുക്കുന്നതു കൊണ്ടാണങ്ങനെ. പണ്ട് നല്ല ചെറുകഥകള്‍ എഴുതിയ പ്രിയ ഇപ്പോ ബാലസാഹിത്യരംഗത്തേക്കു തിരിഞ്ഞു എന്ന് ഒരു വിലകുറച്ചുകാണല്‍ ഒരിക്കല്‍ ഒരു പ്രശസ്ത കഥാകൃത്ത് എനിക്കു നേരെ വച്ചുനീട്ടിയപ്പോള്‍ ചോദിക്കാനാഞ്ഞതാണ്, എന്നാലൊരു ബാലസാഹിത്യപുസ്തകം എഴുതിക്കാണിക്കാമോ എന്ന്. അത്തരമൊരു ചോദ്യം ഒരഹങ്കാരമാവും എന്നു തോന്നിയതുകൊണ്ട് ഞാനാ ചോദ്യം പക്ഷേ ചോദിച്ചില്ല. നോവലെഴുതുന്നത്രയും ഒന്നും വരില്ല ബാലസാഹിത്യം എന്നുറച്ചു വിശ്വസിക്കുന്നവരുടെ പ്രതിനിധി ആയിരുന്നു ആ ആള്‍. അക്ഷരംകൊണ്ട് കോലമിടുന്നത് കുട്ടികളുടെ മനസിലാണ് എന്നുവച്ച് അതൊരു ചെറിയ കാര്യമല്ല. മറിച്ചതൊരു വലിയ കാര്യം തന്നെയാണ്. കുട്ടികളോടു പറയുന്ന ഓരോ വാക്കും വളരെ വളരെ സൂക്ഷിച്ചുവേണം. അത്രയും ആഴത്തിലാണതവരുടെ മനസില്‍ പതിയുക.
അതവരിലുണ്ടാക്കുന്ന മുഴക്കം കാലങ്ങളിലേക്കും നിലനില്‍ക്കുന്നതാണ്. അതുകൊണ്ട് സൂക്ഷിച്ചു സൂക്ഷിച്ചു വേണം ഓരോ വാക്കും കൈകാര്യം ചെയ്യാന്‍. തന്നെയുമല്ല നമ്മുടെ കുട്ടികള്‍ വായിക്കുന്നവാരായാലേ, സമുദ്രശിലക്കും സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക്കുമൊക്കെ നിലനില്‍പ്പുള്ളൂ എന്ന സത്യം എല്ലാവരും മറന്നുപോവുകയാണ്. കുട്ടികള്‍ പൊതുവേ ഇംഗ്ലീഷ് പുസ്തകങ്ങളിലേക്ക് തിരിയുകയാണ്. അതിനു കാരണം മലയാളത്തിലവരെ ത്രസിപ്പിക്കുന്ന, രസിപ്പിക്കുന്ന ബാലസാഹിത്യകൃതികളുടെ അഭാവമാണ്. കുട്ടികള്‍ക്കെഴുതാന്‍ നേരം എഴുത്തുകാര്‍ കെട്ടഴിച്ചു വിട്ട പട്ടം പോലെയാവണം, വാക്ക് കൈയിലൂടെ മിന്നിപ്പാഞ്ഞോടണം. എങ്ങോട്ടുവേണമെങ്കിലും വാക്കും ഭാവനയും പായണം. അതിന് നിയമങ്ങളോ കണക്കുകളോ ഇല്ല. അതിന് നമ്മളാദ്യം കുട്ടികളാവണം. കുട്ടികളാകാന്‍ സാധിക്കുന്നവര്‍ക്കേ കുട്ടിക്കഥയെഴുത്തു വഴങ്ങൂ എന്നാണൊരു തോന്നല്‍. എന്തുകൊണ്ടാണ് ഒരു ജെ.കെ റൗളിങ്ങാവല്‍ മലയാളത്തിന്റെ സ്വപ്നമല്ലാത്തത്! അതൊരു നിസാരകാര്യമാണോ!
അരുന്ധതി റോയിയുടെയും ജയശ്രീ മിശ്രയുടെയും നോവലുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും അവയെല്ലാം ശ്രദ്ധിക്കപ്പെട്ട വായനകളാകുകയും ചെയ്തിട്ടുണ്ട്. മൂലകൃതിയുടെ ആന്മാവ് ചോര്‍ന്നുപോകാതെ, ഈ പ്രക്രിയ നടത്തുക വളരെ ആയാസകരവും വായനയുടെ ആസ്വാദ്യതയെ അപ്പാടെ മാറ്റി മറിച്ചേക്കാവുന്നതുമായ ഒന്നാണ്.
മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്ന നിരവധി മറു ഭാഷാ കൃതികള്‍ ഇന്ന് ലഭ്യമാണ്. നാലപ്പാട്ട് നാരായണ മേനോനെപ്പോലെയുള്ളവരുടെ പരിശ്രമങ്ങളിലൂടെ ലോക ക്ലാസിക്കുകളെ അഭിനിവേശത്തോടെ ഉള്‍ക്കൊണ്ടവരാണ് മലയാളികള്‍. എന്നാല്‍ പുസ്തകങ്ങള്‍, ഒരു വലിയ ഉല്‍പന്നം ആയി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ വായനയുടെ ലോകത്തില്‍, പ്രസാധകര്‍ കാണിക്കുന്ന വിപണ തന്ത്രമായി, പല ഭാഷയിലുമുള്ള കൃതികള്‍ തര്‍ജ്ജമ ചെയ്യപ്പെടുകയും വായനക്കാരിലേക്കെത്തുകയും ചെയ്യുന്നുണ്ട്. അവയുടെ നിലവാരം, സ്വീകാര്യത എന്നീ വിഷയങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
ഞാന്‍, എനിക്കു നടന്നുകയറാനെളുപ്പമായ വിഷയങ്ങളും രചനാരീതിയും ഉള്ള രണ്ടു നോവലുകളാണ് വിവര്‍ത്തനത്തിനായി തെരഞ്ഞെടുത്തത്. ജയശ്രീ മിശ്രയുടെ നോവലുകളോരോന്നിറങ്ങുമ്പോഴും 'പ്രിയ വിവര്‍ത്തനം ചെയ്യുന്നോ?' എന്ന് ജയശ്രീ ചോദിച്ചിട്ടുണ്ട്. അരുന്ധതിയുടെ രണ്ടാം പുസ്തകം വിവര്‍ത്തനം ചെയ്യുന്നോ എന്ന് രവി ഡി.സിയും ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. കാരണം, എനിക്കത്രമേല്‍ താദാത്മ്യം, മനസുകൊണ്ട് വരുന്ന ലോകങ്ങളായിരുന്നില്ല അതിലൊന്നും. ഇഷ്ടപ്പെട്ടാല്‍ എത്ര കഷ്ടപ്പെട്ടും ചെയ്യാം എന്നല്ലാതെ ഇഷ്ടം തോന്നാതെ വെറുതെ കഷ്ടപ്പെട്ട് യാന്ത്രികമായി ഒരു വിവര്‍ത്തനത്തിന് ഞാനില്ല.
യാന്ത്രികമായ വിവര്‍ത്തനങ്ങളാണ് കൂടുതലായി സംഭവിക്കുന്നത് എന്നതു കൊണ്ടാവാം പല വിവര്‍ത്തനങ്ങളും വായനക്കാര്‍ അത്രമേല്‍ സ്വീകരിക്കാത്തത്. വേണ്ടത്ര സമയം കൊടുക്കാന്‍ പ്രസാധകര്‍ തയ്യാറാവുന്നില്ല, ക്വാളിറ്റിയിലല്ല, ഉത്പന്നത്തില്‍ മാത്രമാണവരുടെ ശ്രദ്ധ. അതുകൊണ്ടാണ് വിവര്‍ത്തനത്തിലെ നിലവാരം കുറഞ്ഞുവരുന്നത്. എണ്ണത്തിലല്ല നിലവാരത്തിലാണ് ശ്രദ്ധവേണ്ടത്, വിവര്‍ത്തനത്തിലായാലും സ്വന്തം എഴുത്തിലായാലും. ഒരു പുസ്തകം എടുത്ത് മൂന്നു വിവര്‍ത്തകര്‍ക്കൊക്കെ വിവര്‍ത്തനജോലി ഏല്‍പ്പിച്ചുകൊടുത്ത് അതവസാനം ഒറ്റപ്പുസ്തകമായി ക്രോഡീകരിക്കുന്ന രീതി വരെ വിവര്‍ത്തനത്തിലുണ്ട്. ഏറ്റവും പെട്ടെന്ന് വിവര്‍ത്തനമിറക്കുക എന്നതാണ് പ്രധാനം, നിലവാരം പ്രധാമനല്ല എന്ന നിലപാടുള്ളവരില്‍ നിന്ന് വിവര്‍ത്തനമേഖലയില്‍ എന്തു മെച്ചമാണ് ഉണ്ടാകാന്‍ പോകുന്നത്!
എഴുത്തുകാര്‍, 'സാംസ്‌കാരിക നായകന്മാര്‍/നായികമാര്‍' എന്ന തലക്കെട്ടില്‍ അഭിരമിക്കുകയും, കലുഷിതമായ സാമൂഹിക സാംസ്‌കാരിക വിഷയങ്ങള്‍ മുന്നില്‍ നടക്കുമ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ വിമര്‍ശിക്കപ്പെടേണ്ടവരാണ്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കാണാറുണ്ട്. എങ്ങനെ പ്രതികരിക്കുന്നു?
ഞാന്‍ പലപ്പോഴും ഇത്തരം ക്രൂഷ്യല്‍ അവസ്ഥകളില്‍ പ്രതികരിക്കാത്ത, പ്രതിഷേധാത്മക ജാഥകളില്‍ പങ്കെടുക്കാത്ത ആളാണ്. മനസു കൊണ്ട് പ്രതികരണവും പ്രതിഷേധവും ഉണ്ടാകാത്തതു കൊണ്ടല്ല. അനാരോഗ്യം എന്ന പ്രശ്‌നമുള്ളതു കൊണ്ടും ചിലപ്പോള്‍ മിണ്ടാതിരിക്കല്‍, കരുത്തുള്ള ഒരു കഥയായി മാറിയേക്കാം എന്ന വിചാരമുള്ളതു കൊണ്ടുമാണത്. ചില വെറും വിളിച്ചുപറയലുകളേക്കാള്‍, എതിര്‍പ്പുകളേക്കാള്‍ കരുത്ത് കഥയ്ക്കാണ്. രോഹിത് വെമുലയെ, പന്‍സാരയെ, ഖല്‍ബുര്‍ഗിയെ ഇവരെ ഒന്നും അതാതു പേരുകള്‍ പ്രസക്തമായിരുന്ന കാലത്ത് അറിയാതെ പോയ ഒരാളാണ് ഞാന്‍. കാരണം ഞാനന്നേരമെല്ലാം ആശുപത്രിയില്‍ വേദനയില്‍ മുങ്ങിപ്പൊങ്ങുകയായിരുന്നു. എനിക്ക് മരുന്നുകളുടെ പേരു മാത്രമേ അറിയാമായിരുന്നുള്ളൂ അന്ന്. പുറകോട്ട് പത്രവാര്‍ത്തകളിലൂടെ ഒരൊന്നരക്കൊല്ലം നടന്നാണ് വെമുലയെയും പന്‍സാരയെയും ഖല്‍ബുര്‍ഗിയെയും മാത്രമല്ല മാലയാളത്തിലെ ഫ്രാന്‍സിസ് നൊറോണ, വിവേക് ചന്ദ്രന്‍ തുടങ്ങിയ പുതിയ എഴുത്തുകാരെയും ഞാന്‍ പിടിച്ചെടുത്തത്.
അടക്കിവയ്ക്കാന്‍ പറ്റുന്ന തരത്തിലുള്ള വേദനകളിലൂടെ കടന്നുപോയപ്പോഴാണ് എനിക്ക് ചുറ്റുമുള്ള ലോകം വീണ്ടും എനിക്ക് പ്രധാനമായത്. വേദന ചുറ്റും ചൂഴ്ന്നു നില്‍ക്കുമ്പോള്‍, എനിക്ക് എന്നെ മാത്രമേ കാണാനാവൂ, വേദനയില്ലാതെ എണീറ്റിരിക്കണം എന്ന മട്ടില്‍ എന്റെ ലോകം ചുരുങ്ങിപ്പോവും. ഇതെന്റെ മാത്രം കാര്യമാവാം. പക്ഷേ, ഞാന്‍ ഇങ്ങനെയാണ്. ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ താരതമ്യേന കുറവായതുകൊണ്ട് ഞാന്‍ ഓരോ സി.എ.എ വാര്‍ത്തയും ജെ.എന്‍.യു വാര്‍ത്തയും വായിക്കുന്നു, പ്രതികരിക്കുന്നു, പ്രതിഷേധിക്കുന്നു, അതും എന്റേയായ വഴികളിലൂടെ.
അനുഭവമെഴുത്ത് സാഹിത്യമേയല്ലെന്ന് വാദിക്കുന്നവരോട്?
ഓര്‍മകള്‍ കൊണ്ട് തിക്കുമുട്ടുമ്പോള്‍ ഞാന്‍ ഓര്‍മയെഴുതുന്നു. അതിലും അക്ഷരമാണുള്ളത്. മറ്റൊരാളെ എന്റെ അനുഭവതലത്തിലേക്കുയര്‍ത്താന്‍, എന്റെ ഓര്‍മയുടെ ചൂടും ചൂരും മാത്രം പോര, ക്രാഫ്റ്റിന്റെ കരുത്തും വേണം. അനുഭവം സത്യമാണ്. സത്യത്തെ അടുക്കിപ്പെറുക്കിയാണോര്‍മ എഴുതുന്നത്. അത് സാഹിത്യമാണോ എന്നു ചോദിച്ചാല്‍, അതിനുത്തരം തേടല്‍ എന്റെ പണിയല്ല. എന്നെ ശാന്തമാക്കാന്‍ ഞാനെഴുതുന്നു. എഴുതിത്തീരുമ്പോഴുള്ള ഉള്ളൊഴിവ്, അതേ എനിക്കു വേണ്ടൂ. തുടക്കം മുതല്‍ ഒടുക്കം വരെ ക്രമാനുഗതമായി എഴുതപ്പെടുന്ന ആത്മകഥകളല്ലാതെ, ചിതറിയ അനുഭവങ്ങളുടെ എഴുത്ത് സാഹിത്യമായി കണക്കാക്കാത്ത ഒരു രീതിയാണ് ഇവിടെ കാണുന്നത്. തുടക്കമില്ലാത്തതും ഒടുക്കമില്ലാത്തതുമൊന്നും അപ്പോ ജീവിതമല്ലേ?
പുതിയ എഴുത്തുകള്‍?
വല്ലപ്പോഴും ഓര്‍മ എഴുതുന്നു. കഥ എഴുതുന്നു. നിരന്തരമായി ഒരു വാശിപോലെ കുട്ടികള്‍ക്കായെഴുതുന്നു. വീണ്ടും വീണ്ടും കുട്ടിയാവുന്നു. എനിക്കിതൊക്കെയാണ് സന്തോഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."