തൃപ്രയാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു
തൃപ്രയാര്‍: ദേശീയപാതയും സംസ്ഥാന പാതയും സംഗമിക്കുന്ന തൃപ്രയാറിലെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. പ്രധാന കച്ചവട സ്ഥാപനങ്ങള്‍ വന്നതോടെ തീരദേശത്തെ കച്ചവടത്തിന്റെ സിരാകേന്ദ്രമായി മാറിയിരിക്കുകയാണ് തൃപ്രയാര്‍. ഇവിടേക്കെത്തുന്ന നൂറുകണക്കിനു സ്വകാര്യ വാഹനങ്ങള്‍ കൂടി നിരത്തിലിറങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലിസിന്റെയും വ്യാപാരികളുടേയും ഡ്രൈവേഴ്‌സിന്റെയും സര്‍വകക്ഷി പ്രതിനിധികളുടെയും സംയുക്ത യോഗം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത് പരിഹാരം കാണണമെന്ന് ആവശ്യമാണ് ശക്തമായിട്ടുള്ളത്. ഗതാഗത കുരുക്ക് ഒഴുവാക്കുന്നതിനായി നിലവിലുള്ള രീതികള്‍ മാറ്റിക്കൊണ്ട് പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കിഴക്കേ ടിപ്പു സുല്‍ത്താന്‍ റോഡും ടി.എസ്.ജി.എ റോഡും ഫലപ്രദമായി ഉപയോഗിച്ചാല്‍ ഒരു പരിധി വരെ കുരുക്ക് ഒഴിവാക്കാനാവും.
തൃശൂരില്‍ നിന്ന് ചേര്‍പ്പ് വഴിയിലൂടെ തൃപ്രയാറില്‍ എത്തുന്ന ബസുകള്‍ പോളി ജങ്ഷനില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് ടി.എസ്.ജി.എ റോഡ് വഴി ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ചാല്‍ ദേശീയപാതയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാകും.
അടിയന്തരമായി ഇക്കാര്യത്തില്‍ പഞ്ചായത്ത് തീരുമാനമെടുക്കമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."