കുറവിലങ്ങാട് വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
കോട്ടയം: എം.സി റോഡില്‍ കുറവിലങ്ങാടിന് സമീപം കാളികാവില്‍ തടിലോറിയില്‍ കാറിടിച്ചു ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.
ഇന്നലെ പുലര്‍ച്ചെ 12.15 ഓടെയായിരുന്നു അപകടം. തിരുവാതുക്കല്‍ ഗുരുമന്ദിരത്തിന് സമീപം ഉള്ളാട്ടില്‍പ്പടി തമ്പി (68), ഭാര്യ വത്സല (65), മകന്‍ പ്രവീണിന്റെ ഭാര്യ പ്രഭ (40), പ്രവീണിന്റെ മകന്‍ അര്‍ജുന്‍ (അമ്പാടി 19), പ്രഭയുടെ മാതാവ് തിരുവാതുക്കല്‍ ആലുത്തറ ഉഷ തോമസ് (55) എന്നിവരാണ് മരിച്ചത്.
ചാലക്കുടി പൂലാനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തമ്പിയുടെ സഹോദരി നിര്‍മലയുടെ ചെറുമകള്‍ ആശ്രയയുടെ ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു അപകടം. കാറോടിച്ചിരുന്ന അര്‍ജുന്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് നിഗമനം.
അമിതവേഗത്തില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ പെരുമ്പാവൂരിലേയ്ക്കു പോകുകയായിരുന്ന തടിലോറിയില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഞ്ചുപേരും തല്‍ക്ഷണം മരിച്ചു. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടം അറിഞ്ഞ് കുറവിലങ്ങാട്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ പൊലിസും കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കാറിനുള്ളില്‍ കുടുങ്ങിയ അഞ്ചു പേരേയും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം എം.സി റോഡില്‍ ഗതാഗതം നിലച്ചു.
മരിച്ച തമ്പിയുടെ മകന്‍ പ്രവീണ്‍ ഇന്നലെ വൈകി കുവൈത്തില്‍ നിന്ന് നാട്ടിലെത്തി. കുവൈത്തില്‍ വാഹന വില്‍പന സ്ഥാപനത്തിലാണ് തമ്പിയുടെ മകന്‍ പ്രവീണ്‍ ജോലി ചെയ്യുന്നത്. പ്രവീണ്‍ കുടുംബത്തോടൊപ്പം കുവൈത്തിലായിരുന്നു. അര്‍ജുന്റെ തുടര്‍ പഠനത്തിനായാണ് ഭാര്യ പ്രഭ നാട്ടിലെത്തിയത്.
തമ്പിയുടെ വിദേശത്തുള്ള മകള്‍ ഇന്ദുലേഖ ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് രാവിലെ എട്ടോടെ വീട്ടിലെത്തിക്കും. പത്തോടെ തിരുവാതുക്കല്‍ ഗുരുമന്ദിരത്തിന് സമീപം പൊതുദര്‍ശനത്തിന് വയ്ക്കും. 11ന് വേളൂര്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."