ഇളവ് ഒഴിവാക്കിയുള്ള നികുതിയിളവ്..!
ന്യൂഡല്‍ഹി: ആദായനികുതിയില്‍ വന്‍ ഇളവുനല്‍കിയാണ് ഇന്നലെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഇതിനായി നികുതി ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്തു. എന്നാല്‍, നികുതി ഭാരം കുറയുമെന്ന പ്രചാരണത്തിനിടയിലും സര്‍ക്കാര്‍, നികുതിയിളവുകള്‍ എടുത്തുകളയുകയാണുണ്ടായത്.
നൂറില്‍ എഴുപതിലേറെ നികുതിയിളവുകള്‍ എടുത്തുകളഞ്ഞതായാണ് റിപ്പോര്‍ട്ട്. അതിനു സമ്മതമാണെങ്കിലാണ് പുതിയ സ്‌കീമനുസരിച്ച് നികുതിയടക്കാന്‍ അവസരം. നികുതിയിളവുകള്‍ തുടര്‍ന്നും ലഭിക്കണമെന്നുള്ളവര്‍ക്കു പഴയ സ്‌ലാബുകള്‍തന്നെ തെരഞ്ഞെടുക്കാം.
പുതിയ നികുതി ഘടന പ്രകാരം അഞ്ചു ലക്ഷം രൂപവരെയുള്ള വരുമാനത്തിനു നികുതിയില്ല. അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനമായിരുന്നു നേരത്തെ നികുതി. ഇവിടെ, സ്‌ലാബുകള്‍ രണ്ടായി തിരിച്ചാണ് പുതിയ ഘടന. അഞ്ചു ലക്ഷം മുതല്‍ 7.5 ലക്ഷംവരെയുള്ള വരുമാനത്തിന് 10 ശതമാനം നികുതിയും 7.5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെ വരുമാനത്തിന് 15 ശതമാനവുമാണ് നികുതി. പഴയ ഘടനയനുസരിച്ച് 10 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 30 ശതമാനമായിരുന്നു നികുതി. ഈ സ്‌ലാബും വിഭജിച്ച് 10 ലക്ഷം രൂപ മുതല്‍ 12.5 ലക്ഷം രൂപവരെയുള്ളതിന് 20 ശതമാനവും 12.5 ലക്ഷം രൂപമുതല്‍ 15 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 25 ശതമാനവുമാണ് പുതിയ നികുതി. 15 ലക്ഷം രൂപയ്ക്കു മുകളിലെ വരുമാനത്തിന് പഴയപോലെ 30 ശതമാനമാണ് നികുതി.
എന്നാല്‍, പുതിയ നികുതി സ്‌ലാബുകള്‍ തെരഞ്ഞെടുക്കണമെങ്കില്‍, അടക്കേണ്ട നികുതിയില്‍ നിന്ന് ഇതുവരെ ലഭിക്കുമായിരുന്ന വിവിധ ഇളവുകള്‍ വേണ്ടെന്നുവയ്ക്കണം. അല്ലാത്തവര്‍ക്കു പഴയ നികുതി സ്‌ലാബുകളില്‍തന്നെ നികുതി അടയ്ക്കുകയും ചെയ്യാം. പുതിയ പദ്ധതിയിലൂടെ നികുതിയടക്കുന്നവര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ്, എന്‍.പി.എസ്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഹൗസ് റെന്റ് അലവന്‍സ് തുടങ്ങിയവയ്ക്കുള്ള ഇളവുകള്‍ ലഭിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."