പുരാവസ്തുവകുപ്പ് മേധാവി മിസ്രി പള്ളി സന്ദര്‍ശിച്ചു
പൊന്നാനി: വികസനത്തിനായി പൊളിച്ച അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള പൊന്നാനിയിലെ മിസ്രി പള്ളി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ(എ.എസ്.ഐ) ഉദ്യോഗസ്ഥന് സന്ദര്‍ശിച്ചു. എ.എസ്.ഐ മേധാവി കൃഷ്ണരാജാണ് ഇന്നലെ വൈകിട്ട് പള്ളി സന്ദര്‍ശിച്ചത്. പള്ളിയുടെ പൈതൃകം സംരക്ഷിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി. നിലവില്‍ പള്ളിയുടെ സംരക്ഷണത്തിനാവശ്യമായ നിര്‍മാണങ്ങളുടെ സാധ്യതകളും ചെലവുകളും ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നിര്‍ണയിക്കും. പൊന്നാനിയിലെ മുസരിസ് മാതൃകയിലുള്ള പൈതൃക സംരക്ഷണ പദ്ധതിയുടെ ആര്‍ക്കിടെക്റ്റ് ബെന്നി കുര്യാക്കോസ്, മുസരിസ് പദ്ധതിയുടെ എം.ഡി നൗഷാദ് എന്നിവര്‍ 20ന് പള്ളി സന്ദര്‍ശിക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കഴിഞ്ഞ ദിവസം പള്ളി സന്ദര്‍ശിച്ചിരുന്നു.
പള്ളിയിലെത്തിയ പുരാവസ്തു വകുപ്പ് മേധാവി ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയും പള്ളി നോക്കി കാണുകയും ചെയ്തു. കാലപ്പഴക്കം മൂലം മേല്‍ക്കൂര തകര്‍ച്ചയുടെ വക്കിലായതോടെയാണ് പള്ളിക്കമ്മിറ്റി മുന്‍ഭാഗത്തെ മേല്‍ക്കൂര പൊളിച്ചുതുടങ്ങിയത്. പള്ളിയെ പൈതൃക സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അറിയാതെയാണ് കമ്മിറ്റി ഭാരവാഹികള്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. ചിരപുരാതനമായ പള്ളിയെ പഴയകാല പ്രൗഡിയോടെ നിലനിര്‍ത്തുന്നതിനായി ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന്റെ സഹായം തേടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് മേധാവി പള്ളിയിലെത്തിയത്. പഴയകാല പൈതൃകമായ പള്ളിയെ നിലനിര്‍ത്താനാവശ്യമായ കാര്യങ്ങള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് പുരാവസ്തു വകുപ്പ് മേധാവി ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."