പാലിയേറ്റീവ് ദിനാചരണം: 15ന് ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും
കല്‍പ്പറ്റ: ഈമാസം 15ന് പാലിയേറ്റീവ് ദിനാചരണത്തോട് അനുബന്ധിച്ച് ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകള്‍, പാലിയേറ്റീവ് വളണ്ടിയേഴ്‌സ് കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തില്‍ വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ പാലിയേറ്റീവ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എടവകയിലും തവിഞ്ഞാലിലും രോഗീ-ബന്ധു സംഗമം നടത്തും. മാനന്തവാടി, തൊണ്ടര്‍നാട്, പനമരം, പുല്‍പ്പള്ളി, സുല്‍ത്താന്‍ബത്തേരി, തരിയോട്, മൂപ്പൈനാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദേശറാലി സംഘടിപ്പിക്കും. പനമരത്തും, തരിയോടും പൊതുസമ്മേളനവും നടക്കും. പ്രാഥമിക പാലിയേറ്റീവ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഹോംകെയര്‍ ആഴ്ചയില്‍ നാലു ദിവസം നടത്തിവരുന്നുണ്ട്. പാലിയേറ്റീവ് കെയറില്‍ പ്രത്യേക പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി നഴ്‌സുമാര്‍ വഴിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന ടീം തന്നെയുണ്ട്. ഇതിനായി ഓരോ പഞ്ചായത്തിലും പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റി, പാലിയേറ്റീവ് ഇപ്ലിമെന്റേഷന്‍ കമ്മിറ്റി എന്നിവയും നിലവിലുണ്ട്. മൂത്രത്തിന്റെ ട്യൂബ് മാറ്റല്‍, മുറിവ് ഡ്രസ് ചെയ്യല്‍, കിടപ്പിലായ രോഗികളുടെ തല മുതല്‍ കാല്‍പാദം വരെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നും മറ്റും വീട്ടുകാരെ പഠിപ്പിച്ചു കൊടുക്കുക എന്നിവയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കൂടാതെ ജില്ലാ, താലൂക്ക്, ജനറല്‍ ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വിദഗ്ധ പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഒ.പി, ഹോം കെയര്‍, കിടത്തി ചികിത്സ, മാനസിക ആരോഗ്യം, പരിശീലന പരിപാടികള്‍ എന്നിവ സെക്കന്ററിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടതാണ്. മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ഫിസിയോ തെറാപിസ്റ്റുമാര്‍ എന്നിവരടങ്ങുന്ന ടീം ആണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ട്, എച്ച്.എം.സി ഫണ്ട്, ബ്ലോക്ക്ജില്ലാ പഞ്ചായത്ത് പ്രെജക്ടുകള്‍, എന്‍.എച്ച്.എം ഫണ്ട്, സംഭാവനകള്‍ എന്നിവ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കുന്നുമുണ്ട്. കുടുംബശ്രീയും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി നടപ്പാക്കുന്ന നാട്ടുനന്മ പദ്ധതിയിലെ 30,00 വളണ്ടിയര്‍മാരും കിടപ്പിലായ രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കും. കൂടാതെ തദ്ദേശസ്വയം ഭരണ അധ്യക്ഷന്മാര്‍, ജന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കുടുംബശ്രീ ഉദ്യേഗസ്ഥര്‍ എന്നിവരും കിടപ്പിലായ രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കും. ഇതിന്റെ ഉദ്ഘാടനം കാട്ടിക്കുളത്ത് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. 15ന് കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ഉച്ചകഴിഞ്ഞ് കല്‍പ്പറ്റയില്‍ സ്‌കൂട്ടര്‍ റാലി സംഘടിപ്പിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി. സാജിത, ഡോ. ബി. അഭിലാഷ്, വി. അസൈനാര്‍, പി. സ്മിത, സുഹൈല്‍ തലക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."