ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ സ്വര്‍ണാഭരണ തട്ടിപ്പ്
ഷാജഹാന്‍ കെ. ബാവ
ആലപ്പുഴ: സംസ്ഥാനത്ത് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യാജ സ്വര്‍ണാഭരണ തട്ടിപ്പ് വ്യാപകമാകുന്നു. അല്‍പംപോലും സ്വര്‍ണം ചേര്‍ക്കാതെ പിച്ചളയും ചെമ്പും ശാസ്ത്രീയമായി ഉരുക്കി നിര്‍മിച്ച പണ്ടങ്ങളാണ് ഇത്തരത്തില്‍ സ്വര്‍ണമെന്ന വ്യാജേന ഗ്രാമങ്ങളിലെ സ്വകാര്യബാങ്കുകളില്‍ തമിഴ് സംഘങ്ങള്‍ പണയം വെക്കുന്നത്. സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ, കൊച്ചി, ഇടുക്കി എന്നീ ജില്ലകളിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. കുണ്ടറയിലും തൊടുപുഴയിലും കുട്ടനാട്ടിലും ഇത്തരം വ്യാജ ആഭരണങ്ങള്‍ പണയംവച്ച് അരക്കോടി രൂപയോളം തട്ടിയതായാണ് അറിയുന്നത്. ഒറ്റനോട്ടത്തില്‍ ഇവയെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. യാഥാര്‍ഥ സ്വര്‍ണാഭരണങ്ങളെപോലും പിന്നിലാക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. 916 മുദ്ര അതിവിദഗ്ധമായി മുദ്രണം ചെയ്തിട്ടുള്ള ആഭരണങ്ങള്‍ വ്യാജനാണോയെന്ന് കണ്ടെത്താന്‍ ഏറെ പരിശോധനകള്‍ തന്നെ വേണ്ടിവരും. വിദഗ്ധരായ സ്വര്‍ണ തൊഴിലാളികള്‍ക്ക് ആഭരണ നിര്‍മാണത്തില്‍ പങ്കുള്ളതായും സംശയിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തില്‍ വ്യാപകമായി തട്ടിപ്പ് നടന്നതെന്നാണ് ഓള്‍ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷന്‍ പറയുന്നത്. അസോസിയേഷന് കീഴില്‍ കേരളത്തിലെ ഗ്രാമമേഖലയില്‍ 5000 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നുജില്ലകളില്‍ വ്യാജ ആഭരണം കണ്ടെത്തിയതോടെ മുഴുവന്‍ ഗ്രാമമേഖലകളിലെയും സ്ഥാപന ഉടമകള്‍ ഭീതിയിലാണ്. ഇവരുടെ സ്ഥാപനങ്ങളില്‍ പണയം വെച്ചിട്ടുള്ള മുഴുവന്‍ ആഭരണങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയതായി അസോ. ഭാരവാഹികള്‍ അറിയിച്ചു. വ്യാജപണ്ടങ്ങള്‍ പണയപ്പെടുത്തി പണംതട്ടുന്ന ഇതരസംസ്ഥാന സംഘങ്ങള്‍ സംസ്ഥാനത്ത് തമ്പടിക്കുന്നതായാണ് സൂചന. സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ മേല്‍വിലാസം നല്‍കിയാണ് തട്ടിപ്പ് സംഘം ആഭരണങ്ങള്‍ പണയം വെക്കുന്നത്. കുട്ടനാട്ടിലെ ചെറുക്കരയിലെ രണ്ടുസ്ഥാപനങ്ങളില്‍നിന്ന് നാലുലക്ഷവും കുണ്ടറിയില്‍നിന്ന് 10 ലക്ഷവും തൊടുപുഴയില്‍നിന്ന് രണ്ട് ലക്ഷവും ഡിസംബര്‍ മാസത്തില്‍ തട്ടിയെന്നാണ് കണക്ക്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ഇവര്‍ തമിഴ് സംഘത്തില്‍പ്പെട്ടവരാണെന്നാണ് സൂചന ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് സംഘത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ അതത് ജില്ലാ പൊലിസ് മേധാവികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."