തുടര്‍ച്ചയായ നാലാം വര്‍ഷവും സഊദിയിൽ വിദേശികളുടെ എണ്ണത്തിൽ കുറവ്
ജിദ്ദ: സഊദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് രാജ്യത്ത് വിദേശികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. എന്നാല്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി.
പോയ വര്‍ഷത്തെ അവസാനപാദ കണക്കുകള്‍ പ്രകാരമാണ് വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പടുത്തിയത്. എന്നാല്‍ സ്വകാര്യ മേഖലയിലെ സ്വദേശി അനുപാദം ഇരുപതേ ദശാംശം ഒന്‍പത് ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഗോസിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് വര്‍ധനവ്.
2015 ആദ്യ പാദാവസാനം മുതലാണ് ഗോസി സ്വകാര്യ മേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടു തുടങ്ങിയത്. 2015 ആദ്യ പാദാവസാനത്തിൽ സ്വകാര്യ മേഖലയിൽ സഊദിവൽക്കരണം 17.1 ശതമാനമായിരുന്നു.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ഗോസി രജിസ്ട്രേഷനുള്ള 81.39 ലക്ഷം ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ 17,01,000 പേർ സഊദികളും 64,38,000 പേർ വിദേശികളുമാണ്. ഒരു വർഷത്തിനിടെ 4,57,623 വിദേശികൾക്ക് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടു. ഇക്കാലയളവിൽ ആകെ സഊദി ജീവനക്കാരുടെ എണ്ണത്തിൽ 0.2 ശതമാനത്തിന്റെ കുറവുമുണ്ടായി. ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സഊദി ജീവനക്കാരുടെ എണ്ണത്തിൽ 3,369 പേരുടെ കുറവാണുണ്ടായത്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 11,42,000 പേർ പുരുഷന്മാരാണ്- 67.1 ശതമാനം. 5,58,890 സഊദി വനിതകളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു. സഊദി ജീവനക്കാരിൽ 32.9 ശതമാനം വനിതകളാണ്. സഊദി ജീവനക്കാരിൽ വനിതാ അനുപാതം ഇത്രയും ഉയരുന്നത് ആദ്യമാണ്. 2018 അവസാന പാദത്തിൽ സഊദി ജീവനക്കാരിൽ 31.8 ശതമാനമായിരുന്നു വനിതകൾ.
അതേ സമയം വിദേശ ജീവനക്കാരുടെ എണ്ണത്തില്‍ രണ്ടായിരത്തി പതിനാറു മുതല്‍ തുടര്‍ച്ചയായാണ് കുറവ് രേഖപ്പെടുത്തുന്നത്. വിദേശി തൊഴിലാളികളില്‍ 96.5 ശതമാനം പുരുഷന്മാരും. 3.5 ശതമാനം സ്ത്രീ ജീവനക്കാരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."