തിരുപറമ്പ് കടത്തുവഞ്ചി യാത്ര ദുരിതമാകുന്നു
മാള: പൂവ്വത്തുശ്ശേരി എളവൂര്‍ കരകളെ ബന്ധിപ്പിക്കുന്ന തിരുപറമ്പ് കടത്തുവഞ്ചി യാത്ര ദുരിതമാകുന്നു. അഞ്ഞൂറോളം പേര്‍ക്ക് ഇരുകരകളിലേക്കും യാത്ര ചെയ്യാന്‍ തൂക്കുപാലം അനുവദിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലൊതുങ്ങി. സ്‌കൂള്‍, ആശുപത്രി, ബിസ്‌കറ്റ് കമ്പനി തുടങ്ങിയവകളിലേക്ക് നിരവധി പേരാണ് കടത്തുവഞ്ചിയെ ആശ്രയിച്ച് മറുകരയില്‍ എത്തുന്നത്. പുഴയില്‍ വെള്ളം ഉയര്‍ന്നാല്‍ യാത്ര അപകട ഭീഷണിയാണ്. തൃശൂര്‍ എറണാകുളം ജില്ലകളുമായി ബന്ധിപ്പിക്കുന്ന പൂവ്വത്തുശ്ശേരി എളവൂര്‍ കടവ് കടക്കാന്‍ കടത്തു വഞ്ചി തന്നെ ആശ്രയം. ചാലക്കുടി പുഴക്ക് കുറുകെ തൂക്കുപാലം അനുവദിക്കണമെന്ന ആവശ്യവും യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
അന്നമനട പഞ്ചായത്തിലെ പാലിശ്ശേരി കടവില്‍ പഞ്ചായത്തു കടത്തുവഞ്ചി ഏര്‍പെടുത്തിയിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികളാണ് എളവൂര്‍ കടവില്‍ നിന്നും ഇക്കരെ പൂവ്വത്തുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കാനായി എത്തുന്നത്. മഴ ശക്തമായതോടെ പല ദിവസങ്ങളിലും കടത്തുവഞ്ചിയെ ആശ്രയിക്കാനാവില്ല. രണ്ടോളം ബസില്‍ മാറി കയറി കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലത്തുന്നത്. ഇതിന് അതിരാവിലെ ഉണര്‍ന്ന് തയാറാകേണ്ടതുണ്ട്. തിരിച്ചുള്ള യാത്രയില്‍ വീട്ടില്‍ എത്തുമ്പോള്‍ നേരം വൈകും.
ചാലക്കുടി പുഴക്ക് കുറുകെ തൂക്കുപാലം അനുവദിച്ചാല്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ യാത്രാ ദുരിതത്തിനു പരിഹാരമാവും. നിലവില്‍ ആറ് കിലോ മീറ്റര്‍ വടക്ക് വൈന്തല കാടുക്കുറ്റിയിലും, അത്രയും ദൂരം തന്നെ തെക്ക് കുണ്ടൂരിലും തൂക്കുപ്പാലങ്ങള്‍ നിലവിലുണ്ട്. പൂവ്വത്തുശ്ശേരി എളവൂര്‍ തൂക്കുപ്പാലത്തിന് നാട്ടുകാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചാലക്കുടി പുഴക്ക് കുറുകെ കടുകുറ്റി, പുളിക്കടവ്, പാറക്കടവ്, കണക്കന്‍ കടവ് പാലങ്ങളാണ് നിലവിലുള്ളത്. തൂക്കുപാലം നിലവില്‍ വരാനുള്ള നടപടികള്‍ അധികൃതരില്‍ നിന്നുണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."