സ്വദേശികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ നിയമനം നല്‍കുമ്പോള്‍ തന്നെ നിതാഖാത്ത് പ്രകാരം കാറ്റഗറിയില്‍ ഉയരും
#നിസാര്‍ കലയത്ത്
ജിദ്ദ: സഊദി സ്വദേശികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ നിയമനം നല്‍കുമ്പോള്‍ തന്നെ നിതാഖാത്ത് പ്രകാരം കാറ്റഗറിയില്‍ ഉയരുമെന്ന് തൊഴില്‍ മന്ത്രാലയം. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം സ്ഥാപനങ്ങളെ വിവിധ കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. നിയമനം ലഭിച്ച് ആറുമാസം പൂര്‍ത്തിയാക്കിയവരെയാണ് നേരത്തെ പ്രധാനമായും നിതാഖാത്തില്‍ പരിഗണിച്ചിരുന്നത്.
സ്വദേശികളുടെ എണ്ണം അനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങളെ പ്ലാറ്റിനം, ഗ്രീന്‍, യെല്ലോ, റെഡ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
യെല്ലോ, റെഡ് കാറ്റഗറിയില്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചാല്‍ മാത്രമേ തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ തൊഴിലുടമകള്‍ക്ക് ലഭിക്കുകയുളളൂ. സ്വദേശികളെ നിയമിച്ച് ആറു മാസം പൂര്‍ത്തിയാകണമെന്ന വ്യവസ്ഥ സ്വകാര്യ സംരംഭകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനം നല്‍കിയത് അറിയിക്കുമ്പോള്‍ തന്നെ ഉയര്‍ന്ന കാറ്റഗറിയിലേക്ക് പദവി മാറ്റുന്നത്.
സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇളവ് അനുവദിച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയം അറിയിച്ചു. നിതാഖാത്ത് പ്രകാരം റെഡ് കാറ്റഗറിയിലുളള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ താമസാനുമതി രേഖയായ ഇഖാമ പുതുക്കി നല്‍കില്ല. അതുകൊണ്ടുതന്നെ പുതിയ തീരുമാനം വിദേശികള്‍ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."