ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍
തിരുവമ്പാടി: കക്കാടംപൊയില്‍ താഴേ കക്കാട് ആദിവാസി കോളനിയിലെ കരിങ്ങാതൊടി പരേതനായ രാജന്റെ ഭാര്യ രാധിക (38)യെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി കൂമ്പാറ ബസാര്‍ സ്വദേശി ചക്കാലപ്പറമ്പില്‍ ശരീഫിനെ (48) തിരുവമ്പാടി പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് രാധികയെ കക്കാടംപൊയില്‍ അകമ്പുഴയിലുള്ള കൃഷിസ്ഥലത്തെ ഷെഡ്ഡിനു മുന്നില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത്.
ആദ്യം അസ്വാഭാവികത തോന്നിയില്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകള്‍ കണ്ടെത്തിയതോടെയാണ് പൊലിസ് അന്വേഷണം ആരംഭിച്ചതും പ്രതിയെ പിടികൂടിയതും. മരിച്ച രാധികയും പ്രതി ശരീഫും കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ഒരുമിച്ചാണ് അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വാഴകൃഷി ചെയ്തുകൊണ്ടിരുന്നത്. ഇരുവരും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് രാധികയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് പൊലിസ് പറഞ്ഞു.
പലപ്പോഴായി കടം വാങ്ങിയ ഒരുലക്ഷത്തോളം രൂപ ശരീഫ് രാധികക്ക് കൊടുക്കാനുണ്ട്. ഇത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. താമരശ്ശേരി ഡിവൈ.എസ്.പി പി. ബിജുരാജിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി എസ്.ഐ സനല്‍ രാജ്, ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, സീനിയര്‍ സി.പി.ഒ ഷിബില്‍ ജോസഫ്, സി.പി.ഒ ഷെഫീഖ് നീലിയാനിക്കല്‍, തിരുവമ്പാടി പൊലിസ് സ്റ്റേഷനിലെ എസ്.ഐ സദാനന്ദന്‍, എ.എസ്.ഐ സൂരജ് മനോജ്, സി.പി.ഒമാരായ പ്രജീഷ്, രാംജിത്ത്, സപ്‌നേഷ്, ജിനേഷ് കുര്യന്‍, ഷിജു, ബോബി, വനിതാ സി.പി.ഒ സ്വപ്ന എന്നിവര്‍ ചേര്‍ന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."