കേരളത്തോടുള്ള കേന്ദ്രപ്രതികാരം: ശിക്ഷിക്കപ്പെടുക ജനങ്ങള്‍
ഉല്‍പാദനത്തിന്റെ കാര്യത്തിലും സാമ്പത്തിക പുരോഗതിയുടെ കാര്യത്തിലും കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാളും മുന്നിട്ട് നില്‍ക്കുന്നുവെന്നായിരുന്നു 2008 വരെയുണ്ടായിരുന്ന ധാരണ. അതോടൊപ്പംതന്നെ കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് അപകടകരമായ നിലയിലാണെന്ന വിലയിരുത്തലും ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് പ്രകാരമുള്ള കണക്കെടുപ്പില്‍ വെളിപ്പെടുകയുമുണ്ടായി. കേരളത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും പ്രവാസികളായ കേരളീയരില്‍നിന്നായിരുന്നു.
മണിഓര്‍ഡര്‍ എക്കോണമി എന്നാണ് കേരളത്തിന്റെ ഈ സാമ്പത്തികാവസ്ഥയെ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് മാസിക വിശേഷിപ്പിച്ചത്. 2007ല്‍ കേരളത്തിലെ തൊഴിലില്ലായ്മ 9.4 ശതമാനമായിരുന്നത് 2011ലെ കണക്കനുസരിച്ച് 4.2 ശതമാനത്തിലേക്ക് ചുരുങ്ങി. എന്നാല്‍ സമീപകാലത്ത് ഗള്‍ഫ് മേഖലകളില്‍ സ്വദേശിവല്‍ക്കരണം വളരെ ശക്തമായ തോതില്‍ നടക്കുന്നതിനാല്‍ വമ്പിച്ചതോതിലാണ് പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്.
പലപ്രവാസികളും തൊഴിലന്വേഷകരായി മാറിക്കൊണ്ടിരിക്കുന്നു. ഈയൊരവസരത്തില്‍ തന്നെയാണ് കേന്ദ്രം കേരളത്തോടുള്ള രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനുള്ള നേരവും കണ്ടെത്തിയിരിക്കുന്നത്. രൂക്ഷമായ സാമ്പത്തികമാന്ദ്യം സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കേരളത്തിന്റെ നികുതിവിഹിതം ഗണ്യമായ തോതില്‍ കേന്ദ്രബജറ്റില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയമാണ് ബി.ജെ.പി സര്‍ക്കാരിനെ അരിശംകൊള്ളിച്ചിരിക്കുന്നത്. കേരളത്തിന്റെ മാതൃക പിന്തുടര്‍ന്ന് പല സംസ്ഥാനങ്ങളും സി.എ.എയും എന്‍.ആര്‍.സിയും നടപ്പാക്കുകയില്ലെന്ന് പ്രഖ്യാപിച്ചതും കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പക ഇരട്ടിപ്പിച്ചു. അതിന്റെ ബഹിര്‍സ്ഫുരണമാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ മുഴുനീളെ പ്രകടമായത്. എന്നാല്‍ ഇതിന്റെ ശിക്ഷ പേറേണ്ടിവരിക കേരളീയരായിരിക്കും.
50,000 കോടിയാണ് കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ നികുതിവിഹിതത്തില്‍ കുറവ്. വരുന്ന ഏഴാം തിയതി ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഈ അന്‍പതിനായിരം കോടി നികത്താന്‍ സാധാരണക്കാരന്റെമേല്‍ നികുതിഭാരം ചുമത്തുമോ എന്നാണ് ഭയക്കേണ്ടത്. ബി.ജെ.പി സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിച്ച പദ്ധതി വിഹിതവും നികുതി വിഹിതവും കിട്ടാതെ വന്നതിനാല്‍ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും നേരത്തെ തയാറാക്കിയ ബജറ്റ് തിരുത്തിക്കൊണ്ടിരിക്കുകയുമാണെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്.
ചെലവ് പരമാവധി വെട്ടിക്കുറച്ച് അധിക വിഭവസമാഹരണത്തിന് വഴി കണ്ടെത്തണമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ നികുതിയിനത്തില്‍ ജനങ്ങള്‍ക്കുമേല്‍ വമ്പിച്ച ഭാരം ഉണ്ടാകുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ചെലവ് കുറക്കുമെന്ന് പറയുകയല്ലാതെ സര്‍ക്കാര്‍ തലത്തില്‍ ഇതിനകം നടന്ന പല ഉദ്ഘാടന മാമാങ്കവും പ്രവാസി സംഗമങ്ങളും ധാരാളിത്തത്തിന്റേതായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ അവലംബിച്ചുകൊണ്ടുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക നിലപാടുകള്‍ കേരളത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഒരവസരത്തില്‍ വരുമാനം വര്‍ധിപ്പിക്കുവാന്‍ ജനങ്ങളുടെമേല്‍ അധിക നികുതിഭാരം കെട്ടിവെക്കാതെ തനത് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇപ്പോഴത്തെ അവസ്ഥയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടുമെന്നതില്‍ സംശയമില്ല.
കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ അവഗണിക്കുകയും റബറിന് താങ്ങുവില കൂട്ടണമെന്ന ആവശ്യം നിരാകരിക്കുകയും തൊഴിലുറപ്പ് പോലുള്ള സാമൂഹിക ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചതിലൂടെയും കേരളത്തെ ബി.ജെ.പി സര്‍ക്കാര്‍ ദ്രോഹിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് എന്നല്ലേ മനസിലാക്കേണ്ടത്. ഇതിനെ മറികടക്കാന്‍ നമ്മുടെ തനത് വരുമാനം വര്‍ധിപ്പിക്കുക എന്നത് മാത്രമേ പോംവഴിയുള്ളൂ. ജനങ്ങളുടെമേല്‍ അധികനികുതി ചുമത്തി അന്‍പതിനായിരം കോടിയുടെ കുറവ് നികത്താന്‍ ശ്രമിക്കരുത്.
സേവന മേഖലയാണ് കേരളത്തിന്റെ മറ്റൊരു വരുമാന സ്രോതസ്. ഈ മേഖലയെയും ബജറ്റില്‍ അപ്പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നാല്‍ യു.പി സര്‍ക്കാരിന് വാരിക്കോരി കൊടുത്തിട്ടുമുണ്ട്. പൗരത്വ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലാന്‍ ആദിത്യനാഥ് ആഹ്വാനം ചെയ്തതിന്റെ പ്രത്യുപകാരമായിരിക്കണം ഇത്. നടപ്പു വര്‍ഷത്തെക്കാള്‍ 22,793.18 കോടി രൂപയാണ് യു.പിക്ക് അധികമായി കിട്ടുന്നത്. നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതമായും കിട്ടേണ്ട തുകയില്‍ നിന്നാണ് ബി.ജെ.പി സര്‍ക്കാര്‍ അന്‍പതിനായിരം കോടി പിടിച്ചുവെച്ചിരിക്കുന്നത്. കേരളത്തോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമായിവേണം ഇതിനെകാണാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."