ക്വാര്‍ട്ടറില്‍ ഇടം നേടി വയനാട് എഫ്.സി
കല്‍പറ്റ: വയനാട് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വയനാട് എഫ്.സിക്ക് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഡൈനാമോസ് അമ്പലവയലിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
മികച്ച മുന്നേറ്റങ്ങള്‍ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ച മത്സരം അവസാന വിസില്‍ മുഴങ്ങുന്നത് വരെ പ്രവചനാതീതമായിരുന്നു. പ്രീമിയര്‍ ലീഗില്‍ വയനാട് എഫ്.സി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ഡൈനാമോസ് ലീഡ് നേടി. അഖിലിന്റെ ഫിനിഷിങ് വൈഭവമാണ് അമ്പലവയലുകാര്‍ക്ക് തുണയായത്. എന്നാല്‍ ഒഴിവു ദിവസത്തിന്റെ ജനക്കൂട്ടത്തിന്റെ പിന്തുണയോടെ പ്രത്യാക്രമണം മെനഞ്ഞ വയനാട് എഫ്.സി മുനയുള്ള മുന്നേറ്റങ്ങളുമായി മത്സരത്തില്‍ തിരിച്ചെത്തുകയായിരുന്നു. മെച്ചപ്പെട്ട ഏകോപനവും പാസിങ്ങുമായി മിഡ് ഫീല്‍ഡില്‍ നിയന്ത്രണം കാട്ടിയ വയനാട് എഫ്.സിക്ക് വേണ്ടി ഹെഡറില്‍ നിന്നാണ് നിജിന്‍ ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഇരുനിരയും ലീഡ് നേടാനുള്ള ശ്രമം ശക്തമാക്കിയപ്പോള്‍ വലതു വിങ്ങില്‍ നിന്നുള്ള പാസില്‍ കാല്‍വച്ചാണ് നിജിന്‍ വീണ്ടും ഡൈനാമോസിന്റെ വലയില്‍ പന്തെത്തിച്ചത്. അവസാന ഘട്ടത്തില്‍ ഡൈനാമോസിന് നിരവധി അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും ഒന്നും പോലും ഉപയോഗപ്പെടുത്താന്‍ അവര്‍ക്കായില്ല. അവധി ദിനമായതിനാല്‍ കളികാണാന്‍ നിരവധി കളി പ്രേമികളും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."