കൊറോണ: തദ്ദേശ സ്ഥാപനങ്ങള്‍ വിപുലമായ പ്രചാരണം നടത്തണം
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിപുലമായ പ്രചാരണം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കല്‍ തുടങ്ങി വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിന് വിപുല കാംപയിന്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തണം.
ജീവനക്കാര്‍, സന്ദര്‍ശകര്‍, രോഗികള്‍ തുടങ്ങി ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പാലിക്കണം. ഇതുസംബന്ധിച്ച പരിശീലനം, മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതിപ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ തദ്ദേശസ്ഥാപനതലത്തില്‍ സ്വീകരിക്കണം.
സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍, ലാബുകള്‍, കണ്‍സള്‍ട്ടിംഗ് സെന്ററുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
ലോകാരോഗ്യ സംഘടന പട്ടികപ്രകാരം കൊറോണ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്നെത്തുന്നവരുടേയും അവരുമായി അടുത്തിടപഴകുന്നവരുടെയും പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ തയാറാക്കി അവര്‍ക്ക് ആരോഗ്യവകുപ്പിന്റെ ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗരേഖ അനുസരിച്ചുള്ള ചികിത്സയും ഐസൊലേഷനും ഉറപ്പാക്കണം.
തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ കൊറോണ രോഗബാധിതര്‍ക്കു ചികിത്സ സത്വരമായി ലഭ്യമാക്കുന്നതിന് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് കുറവ് വരുത്താതെ ശ്രദ്ധിക്കണം.
രോഗം പകരുന്നതു തടയാനുള്ള സാധനസാമഗ്രികള്‍ രോഗിയുടെ കുടുംബത്തിന് ആവശ്യമെങ്കില്‍ വാങ്ങിനല്‍കണം. ഐസൊലേഷന് വിധേയമാകുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ദൈനംദിന ജീവിതസഹായം ലഭ്യമാക്കണം. പരിചരണത്തിന് സഹായിയെ ലഭ്യമാക്കേണ്ടിവന്നാല്‍ അതിനുള്ള ക്രമീകരണം ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍നിന്ന് ലഭ്യമാക്കാനും തദ്ദേശസ്വയംഭരണവകുപ്പിന്റെ സര്‍ക്കുലറില്‍ അനുമതി നല്‍കിയിട്ടുണ്ട്.
വിദഗ്ധരുടെ യോഗം ഇന്ന്
തൃശൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശകലനം ചെയ്യുന്നതിന് ദേശീയ, അന്തര്‍ദേശീയ വിദഗ്ധരുടെ യോഗം ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ ഇന്നു നടക്കും.
രാവിലെ 10.30ന് വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയിലാണ് യോഗം. പ്ലാനിങ് ബോര്‍ഡ് അംഗവും കേരള സര്‍വകലാശാല മുന്‍ വൈസ് ചെയര്‍മാനുമായ ഡോ.ബി ഇക്ബാല്‍,നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ പ്രതിനിധി ഡോ.ഷൗക്കത്ത് അലി, ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രതിനിധി സുനില്‍ ചാക്കോ, ആരോഗ്യ വകുപ്പിലെ ഡോ. അമര്‍ ഫെറ്റില്‍,വെറ്റിനറി സര്‍വകലാശാല പ്രതിനിധി ഡോ. എം കെ നാരായണന്‍, വിവിധ മെഡിക്കല്‍ കോളജ് വകുപ്പ് മേധാവികള്‍, ഗവേഷകര്‍ ,പൊതുജനാരോഗ്യ വിദഗ്ധര്‍ പങ്കെടുക്കും.
രോഗിയുടെ
നില തൃപ്തികരം
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു.അതിനിടെ രോഗലക്ഷണങ്ങളുമായി ഇന്നലെ മൂന്ന് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പന്ത്രണ്ടായി. വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 138 ആണ്. ജില്ലയില്‍ കൊറോണ വൈറസ് രോഗ ബാധയുമായി ബന്ധപ്പെട്ട് ആകെ 150 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.
ഇന്നലെ പരിശോധനക്കായി എടുത്ത 10 സാംപിളുകള്‍ ഉള്‍പ്പെടെ ആകെ 20 സാംപിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപ്രതികളിലുമായി 60 ഐസൊലേഷന്‍ മുറികള്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."