ജാതിയധിക്ഷേപം: കൂടരഞ്ഞി പഞ്ചായത്ത് സി.പി.എം അംഗം രാജിവച്ചു
കൂടരഞ്ഞി: സഹപ്രവര്‍ത്തകന്‍ ജാതീയമായി അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ സി.പി.എം അംഗം കെ.എസ് അരുണ്‍ കുമാര്‍ അംഗത്വം രാജിവച്ചു. രാജിക്കത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി.
ജനതാദള്‍ അംഗം ജെസി പാണ്ടന്‍പടത്തില്‍ ജാതീയമായി അധിക്ഷേപിച്ച കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.
സംഭവം പാര്‍ട്ടി നേതാവ് മൂടിവയ്ക്കുകയായിരുന്നുവെന്ന് അരുണ്‍കുമാര്‍ ആരോപിച്ചു. രാജിവച്ച ശേഷം അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വികാര നിര്‍ഭരമായിരുന്നു. വോട്ടര്‍മാര്‍ ക്ഷമിക്കണം എന്ന പേരില്‍ തുടങ്ങുന്ന പോസ്റ്റില്‍ സഹ മെംബര്‍ ജാതിപരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് തള്ളിപ്പറഞ്ഞതിന്റെയും ഭാഗമായാണ് താന്‍ മെംബര്‍ സ്ഥാനത്തുനിന്ന് രാജി വയ്ക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു.
'മാനസികമായി ഉള്‍ക്കൊണ്ടുപോകാന്‍ കഴിയാത്തതു കൊണ്ടാണ്. ദയവു ചെയ്തു ക്ഷമിക്കണം. ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു' എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇതോടെ നിരവധി പേരാണ് അരുണ്‍ കുമാറിനെ പിന്തുണച്ചും പാര്‍ട്ടിയുടെ നിലപാടിനെ ചോദ്യം ചെയ്തും രംഗത്തുവന്നത്.
അതേസമയം, എല്‍.ഡി.എഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്തില്‍ ഒരംഗം നഷ്ടമായാല്‍ ഭരണം തന്നെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇടതുമുന്നണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."