ദാഹമകറ്റാനാവാതെ കയ്യൂര്‍ ചീമേനി പഞ്ചായത്ത്
ചീമേനി: എന്‍ഡോസള്‍ഫാന്‍ നബാര്‍ഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി തുടങ്ങിയ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിന്റെ പത്ത് കോടിയുടെ സമഗ്ര കുടിവെള്ളപദ്ധതി രണ്ട് വര്‍ഷമായിട്ടും പൂര്‍ത്തിയായില്ല. 2015 മാര്‍ച്ചിലാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പുഴജലം ശേഖരിക്കാനുള്ള കിണര്‍, ശുചീകരണപ്ലാന്റ്, പൈപ്പ് ലൈന്‍ വര്‍ക്കുകള്‍, ടാങ്ക് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഈ വേനല്‍ക്കാലത്തും ജനങ്ങള്‍ക്ക് കുടിവെള്ളം മാത്രം കിട്ടാക്കനിയായി തുടരുന്നു. ഏഴിമല നാവിക അക്കാദമിയുടെ ജലസേചന പദ്ധതിയായ കാക്കടവ് തടയണക്കു സമീപത്ത് പാലത്തിന് മുകള്‍വശത്തായിട്ടാണ് കുടിവെള്ളപദ്ധതിയുടെ കിണര്‍ നിര്‍മാണം നടക്കുന്നത്.
ദിവസം മുപ്പത് ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിച്ച് വിതരണംചെയ്യാനുള്ള സംവിധാനമാണ് സജീകരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 32 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പിടുന്നത്. ഇതിന്റെ പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു മീറ്ററോളം ആഴത്തിലാണ് ഇതിനായി പി.വി.സി, ഡി.ഐ.പൈപ്പുകള്‍ സ്ഥാപിച്ചത്. പ്രാഥമികമായ കാര്യങ്ങള്‍ പൂര്‍ത്തിയായെങ്കിലും വൈദ്യുതി കണക്ഷന്‍ നല്‍കി മോട്ടോര്‍ എപ്പോള്‍ ഫിറ്റ് ചെയ്യുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. മോട്ടോര്‍ ഘടിപ്പിക്കാന്‍ വൈകിയാലും നാവല്‍ അക്കാദമിയുടെ ജലസേചന പദ്ധതിയുടെ സഹകരണത്തോടെ ഡിസംബറോടെ കുടിവെള്ള വിതരണം ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതും നടന്നില്ല.
ജനുവരി മാസമാകുമ്പോള്‍ തന്നെ പഞ്ചായത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
അതേ സമയം ഈ വര്‍ഷം ജനുവരിയോടെത്തന്നെ പുഴയിലെ നീരുറവ കുറഞ്ഞതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുമെന്നാണ് കരുതുന്നത്. കുടിവെള്ളം ശേഖരിക്കുന്ന പുഴയില്‍ നിന്നു തന്നെ ഏഴിമല നാവിക അക്കാദമി, രാമന്തളി പഞ്ചായത്ത്, സി.ആര്‍.പി.എഫ്. ക്യാംപ് എന്നിവിടങ്ങളിലേക്കും നിലവില്‍ വെള്ളം നല്‍കിവരുന്നുണ്ട്. ഇതും പഞ്ചായത്ത് കുടിവെള്ള പദ്ധതിയെ ബാധിക്കും.്യു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."