തിരുവനന്തപുരം വിമാനത്താവളം 'റാഞ്ചാന്‍' വമ്പന്‍ സ്രാവുകള്‍: കെ.പി.എം.ജിക്ക് കരാര്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിന് സൗജന്യ സേവനവുമായെത്തിയ കെ.പി.എം.ജിക്ക് വമ്പന്‍ കരാര്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം വിമാനത്താവളം ലേലത്തില്‍ പിടിക്കാനുള്ള ജനറല്‍ കണ്‍സള്‍ട്ടന്റായി (ടെക്‌നിക്കല്‍ കം ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്) കെ.പി.എം.ജിയെ നിയമിച്ചു. 1.45 കോടി രൂപ ഫീസ് നല്‍കിയാണ് നിയമിച്ചത്. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി.
കഴിഞ്ഞ മൂന്നിനു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വിളിച്ച ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള നടപടികള്‍ക്കായി ലീഗല്‍ കണ്‍സള്‍ട്ടന്റായി പ്രമുഖ ലീഗല്‍ കണ്‍സള്‍ട്ടന്റ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തെ നിയമിക്കാനും ജനറല്‍ കണ്‍സല്‍ട്ടന്റിനെ (ടെക്‌നിക്കല്‍ കം ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്) നിയമിക്കുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനും ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായി കമ്മിറ്റിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചിരുന്നു. മന്ത്രിസഭാ യോഗ തീരുമാനപ്രകാരം പ്രമുഖ കണ്‍സല്‍ട്ടന്റുകളില്‍ നിന്ന് ക്വട്ടേഷന്‍ സ്വീകരിക്കുകയും ചുമതലപ്പെടുത്തിയ കമ്മിറ്റി അപേക്ഷകള്‍ സ്‌ക്രൂട്ടിനി ചെയ്ത് ഏറ്റവും കുറഞ്ഞ ഫീസ് നിശ്ചയിച്ചു നല്‍കിയ കെ.പി.എം.ജിയുടെ ക്വട്ടേഷന്‍ അംഗീകരിക്കുകയും ചെയ്തു എന്നാണ് ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. കെ.എസ്.ഐ.ഡി.സിയുമായാണ് കെ.പി.എം.ജി കരാറിലേര്‍പ്പെടുന്നത്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ ലേലത്തില്‍ പിടിക്കാന്‍ തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) എന്ന പേരില്‍ കമ്പനി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ കമ്പനിയിലെ സ്വകാര്യ പങ്കാളി ആരാവണം, ആരുടെയൊക്കെ നിക്ഷേപം സ്വീകരിക്കണം, ആരെയൊക്കെ ഓഹരിയുടമകളാക്കണം തുടങ്ങി എല്ലാ കാര്യങ്ങളും ഇനി കെ.പി.എം.ജി തീരുമാനിക്കും.
തിരുവനന്തപുരം വിമാനത്താവളം 100 ശതമാനം സ്വകാര്യവല്‍കരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇവിടെ ഓപ്പറേഷന്‍, വികസനം, നടത്തിപ്പ് എന്നിവയില്‍ 100ശതമാനം സ്വകാര്യപങ്കാളിത്തം അനുവദിക്കും. തിരുവനന്തപുരം നഗരമധ്യത്തില്‍ വിമാനത്താവളത്തിന്റെ 628.70 ഏക്കര്‍ ഭൂമിയിലാണ് എല്ലാവരുടെയും കണ്ണ്. തുടക്കത്തില്‍ 50 വര്‍ഷത്തേക്ക് സര്‍വസ്വാതന്ത്ര്യം നല്‍കി വിമാനത്താവളവും ഈ ഭൂമിയും സ്വകാര്യകമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കുകയാണ്.
എന്താണ് കെ.പി.എം.ജി
തിരുവനന്തപുരം:അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നെതര്‍ലാന്‍ഡിലെ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിങ് ഏജന്‍സിയാണിത്. ഏണസ്റ്റ് ആന്‍ഡ് യങ്, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്നിവയെപ്പോലെയാണ് പ്രവര്‍ത്തനം.
കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ കമ്പനിയുമായുള്ള ബന്ധം വ്യക്തമാക്കി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് ഡല്‍ഹിയിലെ കാരവന്‍ മാഗസിന്‍ നേരത്തേ പുറത്തുവിട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടേയും പൈതൃകനഗരവികസന പദ്ധതിയുടേയും എക്‌സിക്യൂട്ട് ഏജന്‍സി കെ.പി.എം.ജിയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി മിഷന്‍ എന്നിങ്ങനെ 5,000 കോടിയുടെ വികസന പദ്ധതികളുമായി കെ.പി.എം.ജി സഹകരിക്കുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.പി.എം.ജി ഇന്ത്യയാണ് ലാവ്‌ലിന്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം കൈക്കലാക്കാന്‍ വമ്പന്മാര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെക്കൂടാതെ ബഹുരാഷ്ട്രകമ്പനികളും തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വന്തമാക്കാന്‍ മത്സരിക്കും. ഫെബ്രുവരി 14നാണ് ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഫെബ്രുവരി 28ന് ഏജന്‍സിയെ തെരഞ്ഞെടുക്കും.
വിമാനത്താവള നടത്തിപ്പിന് സര്‍ക്കാര്‍ പ്രത്യേക ദൗത്യ കമ്പനിയായ ടിയാല്‍ (തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) രൂപീകരിച്ചിരുന്നു. ജര്‍മനിയില്‍ നിന്നുള്ള രണ്ട് കമ്പനികളെ പങ്കാളികളാക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്.
ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക പരിഗണന ലഭിക്കാന്‍ റൈറ്റ് ഓഫ് റെഫ്യൂസല്‍ സൗകര്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നവരേക്കാള്‍ 10 ശതമാനം വരെ കുറവാണ് ടിയാല്‍ മുന്നോട്ടുവയ്ക്കുന്നതെങ്കിലും തുക വര്‍ധിപ്പിച്ച് കരാര്‍ നേടാനാവും. ബംഗളൂരിലെ ജി.എം.ആര്‍ എയര്‍പോര്‍ട്‌സ്, അദാനി ഗ്രൂപ്പ്, ജിന്‍ഡാല്‍, ജര്‍മ്മനിയിലെ അവി അലയന്‍സ്, യു.എസിലെ ഗ്‌ളോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആസ്‌ട്രേലിയയിലെ എ.എം.പി ക്യാപിറ്റല്‍, യു.എ.ഇയിലെ അബൂദബി ഇന്‍വെസ്റ്റ് ഏജന്‍സി, എന്നിവയും, ഇന്ത്യന്‍ കമ്പനികളായ റിലയന്‍സ്, ജി.വി.കെ, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്‌ക്ര്ചര്‍ ഫണ്ട് എന്നിവയും ലേലത്തില്‍ പങ്കെടുക്കും.
കെ.പി.എം.ജി ക്രൗഡ് ഫണ്ടിങ്ങും പരാജയം
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ തുടങ്ങിയ കെ.പി.എം.ജിയുടെ ക്രൗഡ്ഫണ്ടിങ് പോര്‍ട്ടല്‍ അഞ്ച് മാസം പിന്നിട്ടിട്ടും വന്‍ പരാജയം. തകര്‍ന്ന പൊതുസ്ഥാപനങ്ങള്‍ മുതല്‍ കന്നുകാലിഷെഡുവരെ പൊതുഫണ്ടിങിനായി വച്ചിട്ടും പ്രതീക്ഷിച്ചപോലെ പ്രതികരണം ലഭിച്ചില്ല. കൊട്ടിയാഘോഷിച്ചാണ് സൗജന്യ സേവന വാഗ്ദാനവുമായി എത്തിയ കെ.പി.എം.ജിയുടെ ക്രൗഡ് ഫണ്ടിങ് പോര്‍ട്ടല്‍ ആരംഭിച്ചത്.
സര്‍ക്കാര്‍ ഒരു സഹായവും നല്‍കേണ്ടതില്ലാത്തതിനാല്‍ അവരെ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഒരു മാസത്തിനുള്ളില്‍ കെ.പി.എം.ജി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ക്രൗഡ് ഫണ്ടിങ് പോര്‍ട്ടലിനുതന്നെ ലക്ഷങ്ങള്‍ പൊടിച്ചു. പോര്‍ട്ടല്‍ തുടങ്ങാനും കെ.പി.എം.ജിക്ക് മറ്റു സൗകര്യങ്ങള്‍ ഒരുക്കിയതിനും മറ്റും ചെലവായ ലക്ഷങ്ങള്‍ പോലും ഇതുവരെ പോര്‍ട്ടല്‍ വഴി തിരിച്ചുകിട്ടിയിട്ടില്ല. കെ.പി.എം.ജി റിപ്പോര്‍ട്ട് വന്‍ പരാജയമാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."