പച്ചമ്പളയില്‍ മോഷണ പരമ്പര; 35 പവനും രണ്ട് ലക്ഷം രൂപയും കവര്‍ന്നു
ബന്തിയോട്: വീട്ടുകാര്‍ മതപ്രഭാഷണത്തിന് പോയ സമയം വീടുകളില്‍ മോഷണ പരമ്പര. മുപ്പത്തിയഞ്ചു പവനും രണ്ട് ലക്ഷം രൂപയും കവര്‍ന്നു.
നാട്ടുകാര്‍ പിന്തുടരുന്നതിനിടെ വടിവാള്‍ വീശിയ മോഷ്ടാക്കള്‍ സ്ത്രീകളെ കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെതെന്ന് സംശയിക്കുന്ന ബൈക്ക് കണ്ണാടിപ്പാറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
പച്ചമ്പളയിലെ ബേക്കറി ഉടമ ആലിക്കുഞ്ഞി യുടെ വീട്ടില്‍ നിന്നും 1.2 ലക്ഷം രൂപയും 17 പവന് സ്വര്‍ണാഭരണങ്ങളും, കുബണൂരിലെ മുഹമ്മദിന്റെ വീട്ടില്‍ നിന്നും ഒന്‍പതുപവന്‍ സ്വര്‍ണാഭരണവും 60,000 രൂപയും പച്ചമ്പള പള്ളത്തടിയിലെ അബ്ദുല്‍ റഹ്മാന്റെ വീട്ടില്‍ നിന്നും ഒന്‍പതുപവന്‍ സ്വര്‍ണാഭരണവും 10,000 രൂപയുമാണ് കവര്‍ന്നത്. അടുത്ത മറ്റു രണ്ട് വീടുകളില്‍ മോഷണശ്രമവും നടന്നിട്ടുണ്ട്.
ഇച്ചിലങ്കോട് പച്ചമ്പളം മഖാം ഉറൂസിന്റെ ഭാഗമായി നടന്നു വരുന്ന മതപ്രഭാഷണം ശ്രവിക്കാന്‍ പോയതായിരുന്നു വീട്ടുകാര്‍.
രാത്രി 11 മണിയോടെ ഭാര്യയും മക്കളുമായി വീട്ടിലെത്തിയ ആലിക്കുഞ്ഞി വീട്ടിനകത്ത് ആളനക്കം കേട്ട് പോയി നോക്കുന്നതിനിടെ രണ്ട് പേര് അകത്ത് നില്‍ക്കുന്നത് കണ്ട് നിലവിളിച്ചു.
ഇതിനിടെ വാള് വീശി മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞെത്തിയ കുമ്പള എസ്.ഐ മെല്വിന് ജോസ് നടത്തിയ പരിശോധനയിലാണ് പള്‍സര്‍ ബൈക്ക് കണ്ണാടിപ്പാറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."