ജാതിവിഭാഗങ്ങള്‍ക്കിടയില്‍ വന്‍ സാമ്പത്തിക അന്തരം; 60 ശതമാനവും മുന്നോക്കജാതിയിലെ 10 ശതമാനത്തിന്റെ കൈയില്‍
#യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ സമ്പത്തിലും വിനിയോഗത്തിലും വിവിധ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത് വന്‍ അന്തരം. വര്‍ഷാവര്‍ഷവം ഈ അന്തരം കൂടിക്കൊണ്ടിരിക്കുകയാണെന്നും ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 60 ശതമാനവും മുന്നോക്കജാതിയിലെ പത്തുശതമാനമാണ് കൈയടക്കിവച്ചിരിക്കുന്നതെന്നും 'സമ്പത്ത് അസമത്വം: വര്‍ഗവും ജാതിയും ഇന്ത്യയില്‍ 1961-2012' എന്ന പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. ഇന്ത്യയിലെ മുന്നോക്കജാതിയില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ്, രാജ്യത്തെ വ്യത്യസ്ത ജാതിവിഭാഗങ്ങള്‍ക്കിടയിലെ സാമ്പത്തിക സാഹചര്യം വിശദീകരിക്കുന്ന പഠനം പുറത്തുവരുന്നത്.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുകയും കഴിഞ്ഞദിവസം രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്ത മുന്നോക്ക സംവരണ നിയമപ്രകാരം ഏകദേശം 66,000 രൂപയില്‍ താഴെ പ്രതിമാസം വരുമാനം ലഭിക്കുന്നവര്‍ സംവരണത്തിന് അര്‍ഹരാണ്. ഇത് ഏകദേശം നിയമനം ലഭിക്കുന്ന ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ശമ്പളമാണ്.
പട്ടികജാതി (എസ്.സി), പട്ടികവര്‍ഗ (എസ്.ടി) പോലുള്ള അരികുവല്‍കരിക്കപ്പെട്ട ജാതിവാഭാഗങ്ങളുടെയും മുസ്‌ലിംകള്‍ അടക്കമുള്ള മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും (ഒ.ബി.സി) ശരാശരി കുടുംബവരുമാനം ദേശീയശരാശരി (113,222 രൂപ) ക്കും വളരെ താഴെയാണ്. ഇതില്‍ എസ്.സിയുടെയും എസ്.ടിയുടെയും ശരാശരി വരുമാനം ദേശീയശരാശരിയേക്കാള്‍ 21ഉം 34ഉം ശതമാനം കുറവാണ്. എന്നാല്‍, ഇക്കാര്യത്തില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളെ അപേക്ഷിച്ച് ഒ.ബി.സി വിഭാഗങ്ങളുടെ വരുമാനം ദേശീയ ശരാശരിയില്‍ നിന്ന് എട്ടുശതമാനം മാത്രമേ കുറവുള്ളൂ. അതേസമയം, മുന്നോക്കജാതിയില്‍പ്പെട്ട ബ്രാഹമണവിഭാഗങ്ങളുടെ വരുമാനം ദേശീയ ശരാശരിയേക്കാളും 48 ശതമാനം അധികവുമാണ്. ബ്രാഹ്മണ്‍ ഇതര മുന്നോക്കജാതിക്കാരുടെ കുടുംബംവരുമാനം ദേശീയശ രാശരിയേക്കാള്‍ 45 ശതമാനവും കൂടുതലാണ്. മുന്നോക്കജാതിയില്‍പ്പെട്ട രജ്പുത് (31 ശതമാനം), ബനിയ (44 ശതമാനം), കയസ്ത് (57 ശതമാനം) എന്നിവരുടെ കുടുംബവരുമാനവും ദേശീയശരാശരിയെക്കാള്‍ മുകളിലാണ്.
ഇന്ത്യയിലെ ജനസംഖ്യയുടെ 32 ശതമാനവും ഒ.ബി.സി വിഭാഗങ്ങളും 18-20 ശതമാനം എസ്.സി-എസ്.ടി വിഭാഗവുമാണ്. എസ്.സി വിഭാഗത്തിന്റെ വാര്‍ഷികവരുമാനം 89,356ഉം എസ്.ടിയുടെത് 75,216ഉം ഒ.ബി.സിയുടെത് 1,04,099ഉം, ബ്രാഹ്മണരുടെത് 1,67,013ഉം, ബ്രാഹ്മണേതര മുന്നോക്ക ജാതിക്കാരുടേത് 1,64,633ഉം മുസ്‌ലിംകളുടേത് 1,05,538ഉം ആണ്. മുതിര്‍ന്നവരുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പട്ടികജാതിവിഭാഗക്കാര്‍ക്കും താഴെയാണ് മുസ്‌ലിംകളുടെ വിദ്യാഭ്യാസ നിലവാരം. പട്ടികജാതിക്കാരുടെ വിദ്യാഭ്യാസശരാശരി 6.7ഉം പട്ടികവര്‍ഗക്കാരുടെത് 5.9ഉം ഒ.ബി.സിയുടെത് 7.8ഉം ബ്രാഹ്മണരുടെത് 11.5ഉം ബ്രാഹ്മണേതര മുന്നോക്കജാതിക്കാരുടെത് 10.3ഉം മുസ്‌ലിംകളുടേത് 6.6ഉം ആണ്. എട്ട് ആണ് ഇക്കാര്യത്തിലെ ദേശീയശരാശരി.
ഇന്ത്യയില്‍ വിവിധ ജാതിവിഭാഗങ്ങള്‍ക്കിടയിലുള്ള സമ്പത്തിന്റേയും വിനിയോഗത്തിന്റേയും അന്തരം കഴിഞ്ഞ 36 വര്‍ഷത്തിനിടെ 24 ശതമാനത്തില്‍ നിന്ന് 55 ആയി കൂടുകയും ചെയ്തതായും പഠനം പറയുന്നു. ലോകത്ത് പൗരന്‍മാര്‍ക്കിടയില്‍ ഏറ്റവുമധികം സാമ്പത്തിക അസമത്വവും വരുമാന അന്തരവുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."