സി.പി.എം മഹിളാ നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പയ്യോളി: അയനിക്കാട് ആവിത്താരയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. മഹിളാ അസോസിയേഷന്‍ അയനിക്കാട് സൗത്ത് യൂനിറ്റ് പ്രസിഡന്റും പയ്യോളി നോര്‍ത്ത് മേഖലാ കമ്മിറ്റിയംഗവുമായ പുളിയുള്ള വളപ്പില്‍ ബീനയുടെ വീടിന് നേരെയാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ ബോംബേറുണ്ടായത്.
ബീനയുടെ ഭര്‍ത്താവ് സത്യന്‍ ചെത്ത് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗമാണ്. വീടിന്റെ ജനല്‍ചില്ലുകളും അടുത്തുണ്ടായിരുന്ന അക്വേറിയവും ആഘാതത്തില്‍ തകര്‍ന്നു. വന്‍ സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ അഞ്ചോളം പേരാണ് അക്രമം നടത്തിയതെന്ന് സത്യന്‍ പറഞ്ഞു. പയ്യോളി സി.ഐ എം.പി രാജേഷിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പുലര്‍ച്ചെ നാലരയോടെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. അയനിക്കാട് കമ്പിവളപ്പില്‍ അഭിമന്യു (22), ചൊറിയഞ്ചാല്‍ സെന്തില്‍കുമാര്‍ (22), കമ്പിവളപ്പില്‍ അക്ഷയ് ഭരത് (21) എന്നിവരെ പരിസരത്തെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പയ്യോളി എസ്.ഐമാരായ എ.കെ സജീഷ്, പി.പി മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
2012 ല്‍ ബി.എം.എസ് നേതാവ് സി.ടി മനോജ് വധത്തെ തുടര്‍ന്നാണ് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷമുണ്ടായത്.
നിരവധി വീടുകള്‍ അന്നത്തെ സംഭവത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. ധാരാളം പേര്‍ വീട് ഒഴിഞ്ഞ് പോയിരുന്നു. പിന്നീട് പൊതുവേ ശാന്തമായിരുന്നു പ്രദേശം. ഇതിനിടയില്‍ ഇപ്പോഴത്തെ അക്രമസംഭവത്തോടെ നാട്ടുകാര്‍ ഭീതിയിലാണ്.
പയ്യോളി നഗരസഭാധ്യക്ഷ വി.ടി ഉഷ, ഉപാധ്യക്ഷന്‍ കെ.വി ചന്ദ്രന്‍ ,സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി. ചന്തു എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."