സംസ്ഥാനത്തെ 133 ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് ആത്മീയ സര്‍ക്യൂട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ 133 ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് ആത്മീയ സര്‍ക്യൂട്ട് പദ്ധതിക്ക് (സ്വദേശി ദര്‍ശന്‍) കേന്ദ്ര ടൂറിസം മന്ത്രാലയം അംഗീകാരം നല്‍കി. ഇതിനായി 85.23 കോടിരൂപ അനുവദിച്ചു. മുസ്‌ലിം പള്ളികള്‍,ക്രൈസ്തവ ദേവാലയങ്ങള്‍, ഹിന്ദു ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 133 ആരാധനാലയങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് പദ്ധതി. മഞ്ചേശ്വരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം മുതല്‍ തിരുവനന്തപുരത്തെ മാതൃ ദേ ദേവൂസ് ദേവാലയം വരെ പരന്ന് കിടക്കുന്നതാണ് സര്‍ക്യൂട്ട്.
ചരിത്രപരവും സാംസ്‌കാരികവുമായ പ്രധാന്യം ഉള്ള ആരാധനാലയങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കും, വിനോദസഞ്ചാരികള്‍ക്കുമായി കമ്മ്യൂണിറ്റി ഹാള്‍, അന്നദാന മണ്ഡപം, വിവിധോദേശ്യ ഹാള്‍, ശൗചാലയങ്ങള്‍, കഫേകള്‍, ലാന്‍സ്‌കേപ്പിങ്, പാര്‍ക്കിങ് സൗകര്യം, നടവഴികള്‍ ദിശാസൂചികകള്‍, ദീപാലങ്കാരം, ചവറ്റ് കുട്ടകള്‍ തുടങ്ങിയവയ്ക്കാണ് പണം ചെലവഴിക്കാന്‍ കഴിയുക.
ഏഴു ക്ലസ്റ്ററുകളായി തിരിച്ചാണ് പണം അനുവദിച്ചിട്ടുള്ളത്.ക്ലസ്റ്റര്‍ ഒന്നായ കാസര്‍കോട് ജില്ലയില്‍ 7.78 കോടി രൂപയും, വയനാട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട ക്ലസ്റ്റര്‍ രണ്ടിന് 6.09 കോടിയും, മലപ്പുറം, പാലക്കാട് എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട ക്ലസ്റ്റര്‍ മൂന്നിന് 8.83 കോടിയും, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട ക്ലസ്റ്റര്‍ നാലിന് 15.89 കോടിയും, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട ക്ലസ്റ്റര്‍ അഞ്ചിന് 18.24 കോടിയും, ക്ലസ്റ്റര്‍ ആറായ പത്തനംതിട്ട ജില്ലയ്ക്ക് 10.72 കോടിയും, കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട ക്ലസ്റ്റര്‍ ഏഴിന് 13.62 കോടിയുമാണ് അനുവദിച്ചത്. പദ്ധതി നടത്തിപ്പിനായി മേല്‍നോട്ട ചുമതലയുള്ള കണ്‍സല്‍ട്ടന്‍സിയ്ക്കും മറ്റു ചെലവുകള്‍ക്കുമായി 4.06 കോടിയും അനുവദിച്ചിട്ടുണ്ട്.
പദ്ധതി തുടങ്ങാന്‍ ആദ്യം 30 ശതമാനം തുക നല്‍കും. പിന്നീട് കണ്‍സല്‍ട്ടന്‍സി അധികൃതര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ചിലവുകള്‍ക്കായി പണം അനുവദിക്കുക. സ്വദേശി ദര്‍ശന്‍, പ്രസാദ് പദ്ധതികള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ മൊത്തം 550 കോടി രൂപയുടെ 7 പദ്ധതികളാണ് അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ 175 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുക അനുവദിക്കും.പത്തനംതിട്ട- ഗവി -വാഗമണ്‍-തേക്കടി- ഇക്കോ സര്‍ക്യൂട്ട് (76.55 കോടി രൂപ) ശബരിമല- എരുമേലി-സന്നിധാനം (99.99 കോടി), പത്മനാഭ സ്വാമി ക്ഷേത്രം-ആറന്മുള-ശബരിമല (92.22 കോടി രൂപ) കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ ക്രൂയിസ് (80.32 കോടി രൂപ) ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട അരുവിപ്പുറം - കുന്നുംപാറ- ചെമ്പഴന്തി തീര്‍ഥാടക സര്‍ക്യൂട്ട് (69.47 കോടി രൂപ) എന്നിവയാണ് സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരം കേരളത്തിന് അനുവദിച്ചിട്ടുള്ള മറ്റ് പദ്ധതികള്‍.
പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ ക്ഷേത്ര നഗരിയുടെ വികസനത്തിന് 46.14 കോടി രൂപയുടെ പദ്ധതികളും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."