മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം മുംബൈയില്‍
ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും കുതിരക്കച്ചവടത്തിനു കളമൊരുങ്ങുന്നു. സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
ഓപ്പറേഷന്‍ താമരയെന്നു പറഞ്ഞു തങ്ങളുടെ മൂന്ന് എം.എല്‍.എമാരെ ബി.ജെ.പി നേതാക്കള്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ജലസേചന മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ ആരോപിച്ചു.
അവരെ തട്ടിക്കൊണ്ടുപോയാല്‍ എന്താണു സംഭവിക്കുക എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. എത്രപണമാണ് എം.എല്‍.എമാര്‍ക്ക് അവര്‍ വാഗ്ദാനം ചെയ്തതെന്ന് അറിയില്ലെന്നും ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കെതിരേയും ശിവകുമാര്‍ ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രി നിഷ്‌കളങ്കനായതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. അദ്ദേഹത്തിന് ബി.ജെ.പിയോട് ചെറിയരീതിയില്‍ അനുകമ്പയുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു.
എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയ കാര്യത്തെക്കുറിച്ച് കുമാരസ്വാമിക്ക് വലിയ ധാരണയില്ല. കാത്തിരുന്നുകാണാം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.
താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അവരെ വിവരം അറിയിക്കുമായിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍, ശിവകുമാറിന്റെ ആരോപണം മുഖ്യമന്ത്രി കുമാരസ്വാമി നിഷേധിച്ചു. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പമുണ്ടെന്ന ഡി. ശിവകുമാറിന്റെ ആരോപണത്തെ മുഖ്യമന്ത്രി തള്ളി. തന്നെ അറിയിച്ചിട്ടാണ് എം.എല്‍.എമാര്‍ മുംബൈയ്ക്കു പോയത്. എന്നാല്‍, ഇവരെ ബി.ജെ.പിക്കാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണത്തോട് പ്രതികരിക്കാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി തന്റെ സര്‍ക്കാരിന് ഇപ്പോള്‍ ഭീഷണിയൊന്നുമില്ലെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."