രാഷ്ട്രപതിയുടെ സന്ദര്‍ശനം; സുരക്ഷയില്‍ ജനം വലയും
മട്ടാഞ്ചേരി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഫോര്‍ട്ടുകൊച്ചി സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കൊച്ചി ബിനാലെ സന്ദര്‍ശന പരിപാടിയുമായി വ്യാഴാഴ്ച വൈകിട്ടാണ് രാഷ്ട്രപതി എത്തുന്നത്. അതേസമയം രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഒരുക്കുന്ന സുരക്ഷ സംവിധാനത്തില്‍പ്പെട്ട് പശ്ചിമകൊച്ചിക്കാര്‍ വലയുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
തുറമുഖ നഗരിയിലെ വ്യോമസേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്നുമാണ് ഫോര്‍ട്ടുകൊച്ചിയിലെത്തുന്നത്.
ഒന്നര മണിക്കൂര്‍ നേരമാണ് രാഷ്ട്രപതി കൊച്ചിയിലുണ്ടാവുക. ബിനാലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി എറണാകുളത്തേക്ക് തിരിക്കും.
രാഷ്ട്രപതിക്കായുള്ള പ്രത്യേക സുരക്ഷാസേനയായ എസ്.പി.ജി.സംഘം ഞായറാഴ്ച ഫോര്‍ട്ടുകൊച്ചിയിലെത്തി പരിശോധനകള്‍ നടത്തി.
തോപ്പുംപടിയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടല്‍ ജോലികള്‍ പുര്‍ത്തിയാകാത്തതിനാല്‍ സുരക്ഷാ സംവിധാനമൊരുക്കുന്നതില്‍ പൊലിസും കഷ്ടപ്പെടുകയാണ്. കരുവേലിപ്പടി പോളക്കണ്ടം മുതല്‍ ഫിഷറീസ് ഹാര്‍ബര്‍ റോഡും തോപ്പുംപടി കവലയും ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. ആഴ്ചകളായി രാവിലെയും വൈകിട്ടും ഈ മേഖലയില്‍ നടക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പൊലിസ് പരാജയപ്പെടുന്നത് ഏറെ വിവാദവും ദുരിതവുമായിരിക്കയാണ്.
റോഡുമാര്‍ഗമുള്ള രാഷ്ട്രപതിയുടെ യാത്ര യൊരുക്കാന്‍ അധികൃതര്‍ നിലവിലെ സര്‍വീസ് റോഡുകളെ ആശ്രയിക്കേണ്ടി വരും. ഇതോടെ മറ്റ് വാഹനഗതാഗതം ചെറുറോഡുകളിലേയ്ക്ക് നീങ്ങും. ബസുകളടക്കമുള്ളവ സഞ്ചരിക്കാന്‍ ബദല്‍ സംവിധാനത്തിനും കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഇത് പശ്ചിമകൊച്ചിയിലെ വാഹനയാത്ര നിശ്ചലമാകാനും മണിക്കുറുകളുടെ വാഹന കുരുക്കിനു മിടയാകുമെന്നാണ് വിലയിരുത്തല്‍. ഇഴഞ്ഞു നീങ്ങുന്ന ജല അതോറിട്ടിയുടെ പൈപ്പിടല്‍ രാഷ്ട്രപതിയുടെ സുരക്ഷയ്ക്ക് വന്‍ വെല്ലുവിളിയുമായി മാറുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."