കുടുംബ വഴക്ക്; ഭാര്യവീട്ടുകാരെ അക്രമിച്ച യുവാവ് പിടിയില്‍
മട്ടാഞ്ചേരി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മാതാപിതാക്കളെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെ ഫോര്‍ട്ട്കൊച്ചി പൊലിസ് അറസ്റ്റ് ചെയ്തു. ചെല്ലാനം കമ്പനിപ്പടിയില്‍ ജോസഫി(29)നെയാണ് ഫോര്‍ട്ട്കൊച്ചി എസ്.ഐ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യയുടെ മാതാപിതാക്കളായ ഫോര്‍ട്ട്കൊച്ചി സെന്റ്ജോണ്‍ പാട്ടത്തില്‍ റാഫേല്‍, ഗ്രേസി എന്നിവരാണ് അക്രമത്തിനിരയായത്. ഇവര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിയുമായി പിണങ്ങിയ ഭാര്യ, അവരുടെ വീട്ടില്‍ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്. കഴിഞ്ഞ ഞായറാഴ്ച കത്തിയുമായി എത്തിയ ജോസഫ് റാഫേലിനേയും ഗ്രേസിയേയും അക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഗ്രേസിയുടെ കഴുത്തിനും റാഫേലിന്റെ നെഞ്ചിനും കൈക്കുമാണ് പരിക്ക്. അക്രമത്തിന് ശേഷം മടങ്ങിപ്പോയ പ്രതിയെ പൊലിസ് ചെല്ലാനത്തെ വീട്ടില്‍ നിന്ന് ഞായറാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സിവില്‍ പൊലിസ് ഓഫീസര്‍മാരായ ജോജോ,ജോസഫ്,രഞ്ജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."