കുട്ടകളും മുറങ്ങളും കെട്ടിക്കിടക്കുന്നു; വഴിമുട്ടി പരമ്പരാഗത തൊഴിലാളികള്‍
കല്‍പ്പറ്റ: ഉപജീവനത്തിനായി പരമ്പരാഗത തൊഴിലാളികള്‍ നിര്‍മിച്ച കുട്ടകളും മുറങ്ങളും വിളവെടുപ്പുകാലത്തും കടകളില്‍ കെട്ടിക്കിടക്കുന്നു. കഠിനാധ്വാനത്തിലൂടെ നിര്‍മിച്ച് ഗ്രാമീണ മേഖലകളിലടക്കം പീടികകളില്‍ ഏല്‍പ്പിച്ച കുട്ടകളും മുറങ്ങളും വിറ്റുപോകാത്തതു പരമ്പരാഗത തൊഴിലാളികളുടെ ജീവിതമാര്‍ഗം അടയ്ക്കുകയാണ്. കുടുംബം പോറ്റുന്നതിന് ഇതര തൊഴില്‍ മേഖലകളിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാകുകയാണ് തൊഴിലാളികളില്‍ പലരും. മുളയും ഓടയും ഉപയോഗിച്ചാണ് പരമ്പരാഗത രീതിയില്‍ കുട്ട, മുറം നിര്‍മാണം നടത്തുന്നത്. കച്ചവടത്തിനായും അല്ലാതെയും ഉല്‍പാദിപ്പിക്കുന്നവരില്‍ നിന്നാണ് തൊഴിലാളികള്‍ ഓടയും മുളയും വിലയ്ക്കു വാങ്ങുന്നത്. നെല്ല്, കാപ്പി, കുരുമുളകു വിളവെടുപ്പുകാലത്ത് കുട്ടകളും മുറങ്ങളും ചുമന്ന് തൊഴിലാളികള്‍ എത്തുന്നത് കര്‍ഷക കുടുംബങ്ങള്‍ കാത്തിരിക്കുന്ന സ്ഥിതിയായിരുന്നു വര്‍ഷങ്ങള്‍ മുമ്പുവരെ. എന്നാലിന്നു ഇവ വീട്ടുമുറ്റത്ത് എത്തിച്ചാല്‍പോലും ന്യായവില നല്‍കി വാങ്ങുന്നവര്‍ വിരളമാണ്. പ്ലാസ്റ്റിക് കുട്ടകളും മുറങ്ങളും വാങ്ങുന്നതിലാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ താല്‍പര്യം. മുളയും ഓടയും ഉപയോഗിച്ച് കാര്‍ഷിക, ഗാര്‍ഹിക ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള തൊഴിലാളി കുടുംബങ്ങള്‍ വയനാട്ടില്‍ ചീങ്ങോട്, പനമരം, നൂല്‍പ്പുഴ, കല്‍പ്പറ്റ പ്രദേശങ്ങളിലുണ്ട്. ആവശ്യക്കാര്‍ കുറവാണെങ്കിലും മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ നൈപുണ്യം കാത്തുസൂക്ഷിക്കുന്നതിനാണ് പല കുടുംബങ്ങളും തൊഴില്‍ തുടരുന്നത്. അധ്വാനത്തിന് ആനുപാതികമായ വരുമാനം കുട്ട-മുറം നെയ്ത്തുകാര്‍ക്ക് ലഭിക്കുന്നില്ല. ഒരു വലിയ കുട്ടയുണ്ടാക്കുന്നതിനു രണ്ട് ഓടയും ഒരു കഷണം മുളയും വേണം. ഇതിനു 100 രൂപയിലേറെ വിലയാകും. ഓടയും മുളയും മുറിച്ച് ചീകിമിനുക്കി അലകും നാരുമാക്കി വലിയ കുട്ട നിര്‍മിക്കാന്‍ മണിക്കൂറുകള്‍ അധ്വാനിക്കണം. എന്നാല്‍ ഒരു കുട്ട വിറ്റാല്‍ 300 രൂപ പോലും കിട്ടില്ല. ഒരു മുറത്തിനു നൂറു രൂപയാണ് പരമാവധി ലഭിക്കുന്നത്. ഒന്നും രണ്ടും നാലും മൂലകളുള്ള മുറങ്ങള്‍ തൊഴിലാളികള്‍ നിര്‍മിക്കുന്നുണ്ട്. കുട്ടകളും പല വലിപ്പത്തിലാണ് തയാറാക്കുന്നത്. ഒരു പൊതി നെല്ലുകൊള്ളുന്നതാണ് വലിയ കുട്ട. കാപ്പി വിളവെടുപ്പിനും മറ്റും ഉപയോഗക്കാവുന്ന വിധത്തിലാണ് ചെറുകുട്ടകളുടെ നിര്‍മാണം. നെല്ലും കുരുമുളകും വെയില്‍കൊള്ളിച്ചു ഉണക്കുന്നതിനുള്ള പരമ്പുകളും മുന്‍കാലങ്ങളില്‍ പരമ്പരാഗത തൊഴിലാളികള്‍ നിര്‍മിച്ചിരുന്നു. പരമ്പുകള്‍ കാലപ്രയാണത്തിനിടെ ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കു വഴിമാറി. പാരമ്പര്യരീതിയില്‍ നിര്‍മിക്കുന്ന കുട്ടയും മുറവും പരമ്പും ചാണകം മെഴുകി ഉണക്കി പരുവപ്പെടുത്തിയാണ് കര്‍ഷക കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്നത്. പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലെ പുതുമുറ കുട്ട, മുറം നെയ്ത്തില്‍ താല്‍പര്യം കാട്ടുന്നതേയില്ല. ജീവിക്കണമെങ്കില്‍ വേറേ തൊഴില്‍ തേടണമെന്നു മാതാപിതാക്കള്‍ പഠിപ്പിക്കാതെതന്നെ അവര്‍ പഠിച്ചു. അതിനാല്‍ കുട്ട, മുറം നെയ്ത്തുകാരെ കണികാണാന്‍ കിട്ടാത്ത കാലം വിദൂരതയില്‍ അല്ലെന്നു അഭിപ്രായപ്പെടുന്നവര്‍ നിരവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."