വേനല്‍ചൂടിന് ശമനമേകാന്‍ തണ്ണിമത്തന്‍ എത്തിത്തുടങ്ങി
തൊടുപുഴ: തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും തണ്ണിമത്തന്‍ പാടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ മധുര, തേനി ജില്ലകളിലാണ് കേരളത്തിലേക്ക് എത്തിക്കുന്നതിനായി തണ്ണിമത്തന്‍ വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാന വേനല്‍ വിളയായി മാറിയിരിക്കുകയാണ് തണ്ണിമത്തന്‍. ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ കേരളീയരായിരുന്നെങ്കിലും കഴിഞ്ഞവര്‍ഷംമുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും തണ്ണിമത്തന്‍ ആവശ്യപ്പെട്ട് നിരവധി വ്യാപാരികള്‍ സമീപിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
മധുരയ്ക്കു സമീപത്തുള്ള ലിഗവാടി, മാണിക്കംപെട്ടി, നിലകോട്ടൈ, ഊത്തുപെട്ടി, രാമരാജപുരം എന്നിവടങ്ങളാണ് വ്യാപകമായി തണ്ണിമത്തന്‍ വേനല്‍വിളയായി കൃഷിചെയ്യുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വിളവെടുപ്പ് .
കേരളത്തിനുപുറമെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആവശ്യക്കാര്‍ ഏറിയതോടെ മികച്ച വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കിലോഗ്രാമിന് ഒരുരൂപ മുതല്‍ അഞ്ചുരൂപവരയാണ് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചതെങ്കില്‍ ഇപ്പോള്‍ അഞ്ചുമുതല്‍ ഒന്‍പതു രൂപവരെ ലഭിക്കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ ഹെക്ടര്‍കണക്കിന് തോട്ടങ്ങള്‍ മൊത്തമായി വിലപറഞ്ഞ് ഉടമകളില്‍നിന്നും വ്യാപാരികള്‍ വാങ്ങുകയാണ് ചെയ്യുന്നത്. വിളവെടുക്കുന്നതും വില്‍പന നടത്തുന്നതും വ്യാപാരികളാണ്. നടീല്‍ കഴിഞ്ഞ് 70 ദിവസം കഴിഞ്ഞാല്‍ വിളവെടുപ്പ് നടത്താം. മണല്‍ നിറഞ്ഞ മണ്ണും മിതമായ ഈര്‍പ്പവുമുള്ള കാലവസ്ഥയാണ് തണ്ണിമത്തന്‍ കൃഷിക്ക് അനുയോജ്യം.
മഴയും മൂടികെട്ടിയതുമായ കാലാവസ്ഥ തണ്ണിമത്തന്‍ കൃഷിയെ പ്രതികൂലമായി ബാധിക്കും. 25 ഡിഗി മുതല്‍ 32 ഡിഗ്രി വരെയുള്ള ചൂടിലും നനച്ചുകൊടുക്കുന്നതിനും നീര്‍വാര്‍ച്ചയ്ക്കും സൗകര്യമുണ്ടങ്കില്‍ കൃഷിചെയ്യാം. ഒരേക്കറില്‍നിന്നും അഞ്ചു ടണ്‍ മുതല്‍ ഏഴുടണ്‍ വരെ വിളവെടുക്കാം. കട്ടിയേറിയ തോടിനുള്ളില്‍ ചുവന്ന നിറത്തോടും മഞ്ഞ നിറത്തോടും കൂടിയ കായ്കള്‍ ഉണ്ടെങ്കിലും ചുവന്ന നിറത്തോടു കൂടിയവയ്ക്കാണ് കേരളത്തില്‍ പ്രിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."