നഗരസഭാ ഓഫിസിലെ കൈക്കൂലി സമരത്തിനിറങ്ങിയ കുടുംബത്തിനെതിരേ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍
തൊടുപുഴ: മൂന്നു വര്‍ഷം മുമ്പ് നല്‍കിയ കെട്ടിട നമ്പര്‍ കൈക്കൂലി നല്‍കാത്തതിനാല്‍ പിന്നീട് റദ്ദാക്കിയെന്നാരോപിച്ച നഗരസഭക്ക് മുന്നില്‍ സമരം നടത്തിയ കുടുംബത്തിനെതിരേ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍. ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറോ, വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായരോ ഈ സംഭവത്തില്‍ നിലപാട് അറിയിക്കാന്‍ ഇനിയും രംഗത്തുവന്നിട്ടില്ല.
ഇവര്‍ ഈ വിഷയത്തില്‍ മൗനം തുടരുമ്പോഴാണ് ഇടത് കൗണ്‍സിലര്‍മാരുടെ രംഗപ്രവേശം. കൈക്കൂലി നല്‍കാത്തതിനാലാണ് കോലാനി മാപ്ലശേരില്‍ എം.ജെ സ്‌കറിയയുടെ കെട്ടിടനമ്പരും ഒക്കുപ്പന്‍സിയും റദ്ദാക്കിയതെന്ന ആരോപണം തെറ്റാണെന്നും രാഷ്ട്രീയ വനവാസത്തിന് പോകണ്ടി വന്ന ചിലര്‍, റസിഡന്റ്‌സ് അസോസിയേഷനുകളുടെ പേരില്‍ ഈ കുടുംബത്തെ കുരങ്ങുകളിപ്പിക്കുകയായിരുന്നെന്നും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഹരിയുടെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സ്‌കറിയയുടെ 74 സെന്റ് സ്ഥലത്തില്‍ 36 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറ്റമായതിനാലും ഈ സ്ഥലവും കൂടി കെട്ടിടം നിര്‍മാണത്തിന് ഉപയോഗിച്ചു എന്നത് തെളിഞ്ഞതു കൊണ്ടുമാണ് നഗരസഭ നമ്പര്‍ റദ്ദാക്കിയതെന്നും അവര്‍ പറഞ്ഞു.
പ്ലാന്‍ സമര്‍പ്പിച്ച് നിര്‍മാണ അനുമതി വാങ്ങിയപ്പോഴോ, നമ്പരും, ഒക്കുപ്പന്‍സിയും കരസ്ഥമാക്കിയപ്പോഴോ കൈക്കൂലി ആക്ഷേപം ഉയര്‍ന്നിരുന്നില്ല. കെട്ടിടനിര്‍മാണ വിഭാഗം അഴിമതി നിറഞ്ഞതാണെങ്കിലും ഈ വിഷയത്തില്‍ അഴിമതി നടന്നിട്ടില്ല.
സ്‌കറിയായുടെ 38 സെന്റ് സ്ഥലത്തോട് ചേര്‍ന്ന് 102 സെന്റ് സ്ഥലത്ത് എം.എന്‍ ഗോവിന്ദന്‍ നായര്‍ മന്ത്രിയായിരുന്നപ്പോള്‍ പണിത ലക്ഷം വീട് കോളനിയാണ്. ഇവിടത്തെ 18 കുടുംബങ്ങള്‍ക്കും സ്‌കറിയയ്ക്കുമായി 1998ല്‍ കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്തു. ലക്ഷം വീട് കോളനി വക സ്ഥലം താഴ്ന്ന പ്രദേശമായതിനാലും ടാങ്ക് നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലം ഇല്ലാത്തതിനാലും സ്‌കറിയ അര സെന്റ് സ്ഥലം അന്നത്തെ നഗരസഭാ സെക്രട്ടറി ജോര്‍ജ് വള്ളക്കാലിയുടെ പേരില്‍ ദാനയാധാരം ചെയ്തു. സ്‌കറിയയ്ക്ക് വീട്ടാവശ്യത്തിന് വെള്ളം എടുക്കാമെന്ന വ്യവസ്ഥയിലും, ടാങ്കിന് സമീപം പൊതുടാപ്പ് പാടില്ലെന്ന വ്യവസ്ഥയിലുമാണ് സ്ഥലം നല്‍കിയത്.
ജനകീയാസൂത്രണപദ്ധതിയില്‍ സ്‌കറിയ തന്നെ കണ്‍വീനറായ ഗുണഭോക്തൃ സമിതിയാണ് ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കോളനി നിവാസികള്‍ വെള്ളം ലഭിക്കുന്നില്ല എന്നും, നഗരസഭയുടെ ടാങ്ക് കൂടി സ്‌കറിയാ അടച്ചുകെട്ടി എന്നും കാണിച്ച് 18 കുടുംബങ്ങളുടെ പരാതി നഗരസഭക്ക് ലഭിച്ചു. നഗരസഭാ സെക്രട്ടറിയുടെ അന്വേഷണത്തില്‍ സ്‌പ്ലൈലൈന്‍ അറുത്തുമുറിച്ചതായി കാണപ്പെട്ടു.
ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന്, തൊടുപുഴ അഡീഷണല്‍ തഹസില്‍ദാര്‍ പരിശോധിച്ച് സ്‌കറിയ 36 സെന്റ് കൂടി കൈവശം വച്ചിട്ടുണ്ടെന്നും, അത് കോളനി സ്ഥലം ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിയാണെന്നും ഇവിടെ ആറടി പൊക്കത്തില്‍ ഭിത്തി നിര്‍മിച്ചതായും റിപ്പോര്‍ട്ട് നല്‍കി.
സ്‌കറിയ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കുവാനും ജലവിതരണം പുനസ്ഥാപിക്കാനും കലക്ടര്‍ ഉത്തരവിട്ടു. മുനിസിപ്പല്‍ സെക്രട്ടറി പോലിസ് സഹായത്തോടെ മതില്‍ പൊളിച്ചുമാറ്റി ടാങ്ക് ഒഴിവാക്കി നേരിട്ട കണക്ഷന്‍ നല്‍കി.
വസ്തുവിന്റെ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചെങ്കിലും സ്‌കറിയ മുന്‍സിഫ് കോടതിയെ സമീപിച്ചു. അവിടെ സ്‌റ്റേ ലഭിക്കാത്താത്തതിനാല്‍ ലോകായുക്തയിലെത്തി മുനിസിപ്പല്‍ സെക്രട്ടറി, ജില്ലാകലക്ടര്‍, താലൂക്ക് സര്‍വയര്‍, തൊടുപുഴ ഡിവൈ.എസ്.പി, സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ സ്ഥലത്ത് പ്രവേശിക്കുന്നതില്‍ നിന്നും സ്‌റ്റേ വാങ്ങി.
ഇതിനിടെ സ്‌കറിയ കോടതിമുഖാന്തരം കമ്മിഷനെ വച്ച് താലൂക്ക് സര്‍വയറെക്കൊണ്ട് സ്ഥലം അളപ്പിച്ചു. കെട്ടിട നിര്‍മാണ അപേക്ഷ നല്‍കിയപ്പോഴും കലക്ടറുടെ നിര്‍ദേശ പ്രകാരം താലൂക്ക് സര്‍വയര്‍ അളന്നപ്പോഴും മുന്‍സിഫ് കോടതി കമ്മിഷനെ വച്ച് അളന്നപ്പോഴും നഗരസഭക്ക് ലഭിച്ചത് മൂന്ന് വ്യത്യസ്ത സര്‍വെ സ്‌കെച്ചുകളാണ്. ഈ സാഹചര്യത്തിലാണ് ഒക്കുപ്പന്‍സിയും കെട്ടിട നമ്പരും താല്‍കാലികമായി റദ്ദ് ചെയ്തിട്ടുള്ളത്. ജില്ലാ സര്‍വേ സൂപ്രണ്ട് നല്‍കിയ സ്‌കെച്ചില്‍ വന്‍ ക്രമക്കേടുണ്ട്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത മാര്‍ക്കു ചെയ്തിട്ടു പോലുമില്ല.
സമീപത്തെ പൊതു വഴി സ്‌കറിയയുടെ ഭൂമിയുടെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്നും കൗണ്‍സിലര്‍മാര്‍ അറിയിച്ചു. റിനി ജോഷി (ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), നിര്‍മ്മല ഷാജി (വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), കെ.കെ ഷിംനാസ്, പി.വി ഷിബു , രാജീവ് പുഷ്പാംഗദന്‍, റഷീദ് കെ.കെ .ആര്‍, മിനി മധു, ബിജി സുരേഷ്, ബിന്‍സി അലി, സബീന ബിഞ്ചു, ഷേര്‍ലി ജയപ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."