ആശുപത്രി സൂപ്രണ്ടിന്റെ നോട്ടീസ്; നിര്‍ധന രോഗികള്‍ക്കുള്ള കഞ്ഞി വിതരണം നിര്‍ത്തി
ചെങ്ങന്നൂര്‍: ഒരു വ്യാഴവട്ടത്തിലേറെക്കാലം നിര്‍ധന രോഗികള്‍ക്ക് നല്‍കിവന്നിരുന്ന ഉച്ചകഞ്ഞി വിതരണം നിര്‍ത്തി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 14 വര്‍ഷമായി മുടങ്ങാതെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നിത്യേന നല്‍കി വന്നിരുന്ന ഉച്ചകഞ്ഞി വിതരണമാണ് കഴിഞ്ഞ ഒരു മാസമായി മുടങ്ങിയിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നിബന്ധന പാലിക്കുന്നില്ല എന്ന മുടന്തന്‍ന്യായ വാദങ്ങള്‍ ഉന്നയിച്ച് ആശുപത്രി സൂപ്രണ്ട് നല്‍കിയ നോട്ടീസാണ് കഞ്ഞിപ്പുര പൂട്ടാന്‍ കാരണമായത്. 2003ല്‍ അന്നത്തെ ജില്ലാകലക്ടറുടെ അനുമതിയും കൂടെ നിബന്ധനകളും പാലിക്കപ്പെട്ടുകൊണ്ടാണ് കഞ്ഞി വിതരണം ആരംഭിക്കുന്നത്.
നഗരസഭാ മുന്‍ ചെയര്‍മാനും പൊതു പ്രവര്‍ത്തകനുമായ ടോം മുരിക്കന്‍മൂട്ടിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ സാന്ത്വനം ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു പ്രവാസി മലയാളിയുടെ മുഖ്യ സഹകരണത്തോടെയാണ് കഞ്ഞി വിതരണം നടത്തിവന്നത്. മായം കലരാത്ത അരിയുടെ കഞ്ഞി, ഗുണമേന്മയുള്ള പയര്‍ തോരന്‍, അച്ചാര്‍, പപ്പടം തുടങ്ങി മേന്മയുള്ള വിഭവങ്ങളാണ് ഉച്ചയോടെ ഇവിടെ വിതരണം ചെയ്തിരുന്നത്. ഇതിനായി ആശുപത്രി വളപ്പില്‍ ഒരു കഞ്ഞിപ്പുരയും നിര്‍മിച്ചിരുന്നു. ഗുണമേന്മയുള്ള പാത്രങ്ങള്‍,വൃത്തിയുളള അന്തരീക്ഷത്തില്‍ ആരോഗ്യവകുപ്പിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടാണ് ഈ സംരംഭം നാളിതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ നടത്തിപ്പിനെ സംബന്ധിച്ചോ ശുചിത്വത്തെ സംബന്ധിച്ചോ പാചകത്തെ കുറിച്ചോ വിതരണത്തെ കുറിച്ചോ നാളിതുവരെ യാതൊരു പരാതിയും ആരും ഉന്നയിച്ചിട്ടില്ല. ഒരു ദിവസത്തെ കഞ്ഞി വിതരണത്തിന് ആയിരം രൂപയായിരുന്നു ചെലവ്. ചില വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും ഈ സംഭരഭത്തെ സഹായിച്ചിരുന്നു. എങ്കിലും ഇതിനാവശ്യമായ സാമ്പത്തിക ചെലവില്‍ ഏറെയും ടോം മുരിക്കുംമൂട്ടിലാണ് വഹിച്ചിരുന്നത്.
ഒരു ദിവസം രോഗികളും കൂട്ടിരുപ്പുകാരുമായി 150ലേറെ ആളുകള്‍ ഇവിടുത്തെ ഗുണഭോക്താക്കള്‍ ആയിരുന്നു.ഇവര്‍ക്ക് പുറമേ മിക്ക ദിവസങ്ങളിലും പുറത്ത് നിന്നുള്ളവരും ഇവിടെ കഞ്ഞി കുടിക്കാന്‍ എത്തുമായിരുന്നു. ഹര്‍ത്താലോ പൊതുപണിമുടക്കോ മൂലം കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്ന ദിവസങ്ങളില്‍ നഗരത്തില്‍ എത്തുന്ന യാത്രക്കാര്‍ അടക്കം ഒട്ടറേപ്പേര്‍ ഇവിടെ എത്തി കഞ്ഞി കുടിച്ച് പോകുന്നതും പതിവായിരുന്നു.
ഇക്കഴിഞ്ഞ പ്രളയക്കാലത്തും ഇതിന്റെ പ്രവര്‍ത്തനം ഒട്ടേറപ്പേര്‍ക്ക് അനുഗ്രഹമായി.
ഒന്നര പതിറ്റാണ്ട് കാലത്ത് ഒരിക്കല്‍ പോലും മുടക്കം കൂടാതെ സര്‍ക്കാര്‍ ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍ ഉള്‍പ്പടെ അനേകര്‍ക്ക് ആശ്വാസമായ കഞ്ഞി വിതരണം നിര്‍ത്തുമ്പോള്‍ ഇത്രയും കാലമെങ്കിലും പാവപ്പെട്ടവര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരുതാര്‍ഥ്യത്തിലും ആശ്വാസത്തിലുമാണ് ടോം മുരിക്കിന്‍ മൂട്ടിലും സഹപ്രവര്‍ത്തകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."