കൊടുവള്ളിയില്‍ പ്രതിപക്ഷ വാക്കൗട്ട്; എല്‍.ഡി.എഫ് സമരം പ്രഹസനമെന്ന് യു.ഡി.എഫ്
കൊടുവള്ളി: നഗരസഭാ ഭരണം തുടങ്ങി മാസങ്ങളായിട്ടും തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചു പ്രതിപക്ഷാംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ നടന്ന ഭരണസമിതി യോഗത്തില്‍ നിന്നാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വാക്കൗട്ട് നടത്തിയത്.
നിര്‍ധനര്‍ക്കു വീടു നിര്‍മാണത്തിനുള്ള ഫണ്ട് വകമാറ്റി നഗരസഭാ അധ്യക്ഷക്ക് കാര്‍ വാങ്ങാന്‍ കാണിച്ച തിടുക്കം തെരുവുവിളക്കിന്റെ കാര്യത്തില്‍ ഭരണപക്ഷം കാണിക്കാത്തതില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. വാക്കൗട്ടിനു ശേഷം കൊടുവള്ളി ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ് മാസ്റ്റര്‍, കെ. ബാബു, സി.പി നാസര്‍ കോയ തങ്ങള്‍, കെ. ഷംസുദ്ദീന്‍, ഇ.സി മുഹമ്മദ്, കെ. ജമീല, യു.കെ അബൂബക്കര്‍, പി.കെ ഷീബ, ഒ.പി റസാഖ്, ഷാന നൗഷാജ്, സുബൈദാ റഹീം, ഒ. നിഷിദ, കാരാട്ട് ഫൈസല്‍ നേതൃത്വം നല്‍കി.
അതേസമയം, തെരുവുവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തി കത്തിക്കുന്നതിനുള്ള പ്രവൃത്തികള്‍ നടന്നുകൊണ്ടണ്ടിരിക്കെ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ എല്‍.ഡി.എഫ് സമരം പ്രഹസനമാണെന്ന് അധ്യക്ഷ ശരീഫാ കണ്ണാടിപ്പോയില്‍, ഉപാധ്യക്ഷന്‍ എ.പി മജീദ് മാസ്റ്റര്‍, സ്ഥിരം സമിതി ചെയര്‍മാന്മാരായ കെ. ശിവദാസന്‍, റസിയ ഇബ്രാഹിം, വി.സി നൂര്‍ജഹാന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. പ്രവര്‍ത്തനരഹിതമായ ലൈറ്റുകളുടെ വിവരങ്ങള്‍ നിശ്ചിത ഫോമില്‍ എഴുതി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില ഇടത് അംഗങ്ങള്‍ ഇതിനു തയാറായിട്ടില്ല. കിട്ടിയ ലിസ്റ്റുപ്രകാരം ലൈറ്റുകള്‍ നന്നാക്കാന്‍ തുടങ്ങിയപ്പോഴുണ്ടണ്ടായ ജാള്യത മറക്കാന്‍ ഇപ്പോള്‍ നടത്തിയ സമരം അപഹാസ്യമാണെന്നും യു.ഡി.എഫ് ആരോപിച്ചു.
ഏഴു ലക്ഷം രൂപ ചെലവഴിച്ചു മുഴുവന്‍ വാര്‍ഡുകളിലെയും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ കഴിഞ്ഞ ഡിസംബറില്‍ ഭരണസമിതി തീരുമാനിച്ചതാണ്. ഇതിനായി ക്രൂസ് എന്ന സര്‍ക്കാര്‍ കമ്പനിക്കു കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പ്രവൃത്തി നടത്താന്‍ പാടില്ല എന്ന് ഇടത് അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടതിനാല്‍ പ്രവൃത്തി മാറ്റിവയ്ക്കുകയും പെരുമാറ്റച്ചട്ടം അവസാനിച്ചതോടെ ആരംഭിക്കുകയും ചെയ്തു. ദേശീയപാതയിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ സമരം അപഹാസ്യമാണെന്നും യു.ഡി.എഫ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."