ട്രംപിനെതിരേ പ്രതീകാത്മക പ്രതിഷേധങ്ങളുമായി താരങ്ങള്‍
ലോസ് ആഞ്ചല്‍സ്: ലോകമൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ വീക്ഷിച്ച അക്കാദമി പുരസ്‌കാര ചടങ്ങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേയുള്ള പ്രതിഷേധത്തിന്റെ കൂടി വേദിയായി. ലോസ്ആഞ്ചലസിലെ ചുവന്ന പരവതാനി വിരിച്ച ഓസ്‌കര്‍ വേദിയെ മിക്ക സിനിമാരംഗത്തെ പ്രമുഖരും ട്രംപിന്റെ വിവാദ കുടിയേറ്റ, അഭയാര്‍ഥി വിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിന് ഉപയോഗിച്ചു.
ട്രംപിന്റെ യാത്രാവിലക്കിനെതിരേ ആദ്യമായി ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഹരജി നല്‍കി സ്റ്റേ നേടിയ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയനോ(എ.സി.എല്‍.യു)ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മിക്കവരും നീല റിബ്ബണ്‍ ധരിച്ചായിരുന്നു വേദിയിലെത്തിയത്. മികച്ച നടന്‍ കെസി അഫ്‌ലക്ക്, പുരസ്‌കാരം നേടിയ മൂണ്‍ലൈറ്റിന്റെ സംവിധായകന്‍ ബെരി ജെങ്കിന്‍സ്, ഐറിഷ് ഓസ്‌കാര്‍ നോമിനിയായ റൂത്ത് നെഗ, മോഡലുകളായ കാര്‍ലി ക്ലോസ്, ലിന്‍ മാന്വല്‍ മിറാന്‍ഡ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം റിബ്ബണണിഞ്ഞിരുന്നു.
കുറച്ചുകൂടി കടന്ന് സംവിധായകയായ അവാ ഡുവെര്‍ണെയ് മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ലെബനാനിലെ ബൈറൂത്ത് കേന്ദ്രമായുള്ള വസ്ത്രനിര്‍മാതാക്കളായ അശി സ്റ്റുഡിയോ പ്രത്യേക തയാര്‍ ചെയ്ത വസ്ത്രം ധരിച്ചായിരുന്നു ചടങ്ങിനെത്തിയത്. മുസ്‌ലിം രാജ്യങ്ങളോടുള്ള ചെറിയ നിലക്കുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
മികച്ച വിദേശചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി ട്രംപിന്റെ നയത്തില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രതിനിധിയെത്തിയാണ് പുരസ്‌കാരം സ്വീകരിച്ചത്.
തന്റെ രാജ്യത്തെയും മറ്റ് ആറു രാഷ്ട്രങ്ങളിലെയും പൗരന്മാര്‍ക്കുള്ള ആദരമായും അമേരിക്കയിലേക്ക് കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച മനുഷ്യത്വ വിരുദ്ധമായ നിയമത്തിനെതിരേയുള്ള അനാദരവുമായാണു താന്‍ പരിപാടി ബഹിഷ്‌കരിച്ചതെന്ന് ഫര്‍ഹാദി പ്രതികരിച്ചു.
അവാര്‍ഡ് നേടിയ ഡോക്യുമെന്ററി വൈറ്റ് ഹെല്‍മെറ്റ്‌സിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച സിറിയന്‍ പൗരനായ ഖാലിദ് ഖതീബിന് വിസാ നിയന്ത്രണത്തെ തുടര്‍ന്ന് ചടങ്ങിനെത്താനായിരുന്നില്ല.
വിസ ലഭിച്ചിരുന്നെങ്കിലും 21കാരനായ ഖതീബിനെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ വച്ചു തടയുകയായിരുന്നു.
ചരിത്രമെഴുതി മഹര്‍ഷലാ അലി
ലോസ് ആഞ്ചല്‍സ്: ഞായറാഴ്ച ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന രാത്രിയില്‍ ഒരു അപൂര്‍വ ചരിത്രം കൂടിയാണു പിറന്നത്. മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പൗരനായ മഹര്‍ഷലാ അലി അക്കാദമി പുരസ്‌കാരം നേടുന്ന ആദ്യ മുസ്‌ലിം കൂടിയായി. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'മൂണ്‍ ലൈറ്റി'ലെ മികച്ച പ്രകടനത്തിനാണ് 43കാരനായ അലി പുരസ്‌കാരം നേടിയത്.
പുരസ്‌കാരം സ്വീകരിച്ച് അലി നടത്തിയ പ്രസംഗം വികാരനിര്‍ഭരമായിരുന്നു. താന്‍ ഒരു മുസ്‌ലിമാണെന്ന് അലി പ്രസംഗത്തില്‍ അഭിമാനപൂര്‍വം പ്രഖ്യാപിച്ചു. ജീവിതത്തില്‍ താങ്ങും തണലുമായ അധ്യാപകര്‍ക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദിപ്രകാശിപ്പിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ, മുസ്‌ലിം വിരുദ്ധ നടപടിക്കെതിരേ അമേരിക്കയിലും പുറത്തും വന്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണു പുരസ്‌കാര ലബ്ധിയെന്നതും ശ്രദ്ധേയമാണ്.
മിയാമിയിലെ മയക്കുമരുന്ന് കടത്തുകാരനായാണ് മഹര്‍ഷല അലി ചിത്രത്തില്‍ വേഷമിട്ടത്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ നേരിടുന്ന വംശീയതയാണ് ചിത്രം പറയുന്നത്. ഓസ്‌കര്‍ പുരസ്‌കാരത്തില്‍ വംശീയത നിലനില്‍ക്കുന്നുവെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അലിക്ക് പുരസ്‌കാരം ലഭിക്കുന്നത്.
17 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മഹര്‍ഷാ അലി ഇസ്‌ലാംമതം സ്വീകരിച്ചത്. നെറ്റ് ഫ്‌ലിക്‌സ് പരമ്പരയിലും മറ്റു നിരവധി ചിത്രങ്ങളിലും അലി അഭിനയിച്ചിട്ടുണ്ട്. 'മേക്കിങ് റെവല്യൂഷന്‍ ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 'ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍', 'ക്രോസിങ് ഓവര്‍' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ഹിഡന്‍ ഫിഗേഴ്‌സിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നേരത്തെ സാഗ്(സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്) അവാര്‍ഡ് നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."