കുരുംബക്കാവില്‍ സംഘക്കളി അരങ്ങേറി
കൊടുങ്ങല്ലൂര്‍: കുരുംബക്കാവില്‍ ചുവടു തെറ്റാതെ ഇക്കുറിയും സംഘക്കളി അരങ്ങേറി. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി പതിവായി നടന്നു വരുന്ന കലാരൂപമാണ് സംഘക്കളി. കേരളത്തിലെ നമ്പൂതിരിമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി.
യാത്രകളി, പാനേംകളി, ശാസ്ത്രാങ്കം, ചിത്തിരാങ്കം എന്നീ പേരുകളിലും ഈ കളി അറിയപ്പെടുന്നുണ്ട്. ഒരനുഷ്ഠാന കലയുടെ ലക്ഷണങ്ങളുണ്ടെങ്കിലും സംഘക്കളി വിനോദവും വിജ്ഞാനവും പകരുന്ന കലയാണ്. ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വിവാഹം, ഷഷ്ട്യബ്ദപൂര്‍ത്തി, മഹാരാജാക്കന്മാരുടെ തിരുനാള്‍ എന്നിങ്ങനെയുള്ള വലിയ ചടങ്ങുകള്‍ക്കാണ് സംഘക്കളി സാധാരണമായി കളിപ്പിക്കാറുള്ളത്. ക്ഷേത്രങ്ങളില്‍ ഒരാചാരമെന്ന നിലയിലാണ് ഇത് അവതരിപ്പിച്ചു പോരുന്നത്.
സംഘക്കളിയുടെ ഉത്ഭവത്തെപ്പറ്റി കേരളോല്‍പത്തിയില്‍ വിവരിക്കുന്നുണ്ട്. പെരുമാള്‍ കേരളം ഭരിച്ചിരുന്ന കാലത്ത് ബുദ്ധമതക്കാരും നമ്പൂരിമാരും തമ്മില്‍ തൃക്കാരിയൂരമ്പലത്തില്‍വെച്ചു മതസംബന്ധമായി ഒരു വാഗ്വാദമുണ്ടാകുകയും അതില്‍ ജയം സിദ്ധിക്കുന്നതിനുവേണ്ടി നമ്പൂരിമാര്‍ തൃക്കാരിയൂരപ്പനെ ഭജിക്കുകയും ചെയ്തു. ആ അവസരത്തില്‍ ജങ്ഗമന്‍ എന്ന മഹര്‍ഷി അവിടെയെത്തി നാലുപാദത്തോടുകൂടിയ ഒരു മന്ത്രം നമ്പൂരിമാര്‍ക്ക് ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോള്‍ ആറു പരദേശബ്രാഹ്മണര്‍ അവിടെ വരികയും അവരുടെ സഹായത്തോടുകൂടി നമ്പൂരിമാര്‍ ബുദ്ധമതക്കാരെ തോല്‍പിക്കുകയും ചെയ്തു. അന്നു മുതല്‍ ആ നാലുപാദം' അഭീഷ്ടപ്രദമാണെന്നുള്ള വിശ്വാസത്തോടെ ബ്രാഹ്മണര്‍ ആചരിച്ചു പോന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംഘക്കളി. നാലുപാദം, പാന, കളി അഥവാ ഹാസ്യം എന്നിങ്ങനെ മൂന്നായി സംഘക്കളിയെ വിഭജിച്ചിരിക്കുന്നു. ഇവയില്‍ നാലുപാദമാണ് അതിപ്രധാനം. അതു കഴിഞ്ഞാല്‍ പാനയും. നാലുപാദം മാത്രമേ ആദ്യകാലത്തുണ്ടായിരുന്നുള്ളൂ. പാന പിന്നീടും കളി ഒടുവിലും കൂട്ടിച്ചേര്‍ത്തതാണെന്നാണ് മഹാകവി ഉള്ളൂരിന്റെ അനുമാനം. താലപ്പൊലി ആഘോഷത്തിന് മുന്നോടിയായി ക്ഷേത്രത്തിനകത്തും പുറത്തുമായി സംഘക്കളി അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."