വിവാദങ്ങളുടെ തോരാമഴയില്‍ കൊല്ലം ബൈപാസ് ഉദ്ഘാടനം വൈകിട്ട്
രാജു ശ്രീധര്‍
കൊല്ലം: ബൈപാസ് കടന്നുപോകുന്ന മണ്ഡലത്തിലെ രണ്ട് എം.എല്‍.എ മാരേയും നഗരപിതാവിനേയും ബൈപാസ് ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് വിവാദമയതിനിടെ ഇന്ന് വൈകിട്ട് പ്രധാനമന്ത്രി ബൈാസ് നാടിന് സമര്‍പ്പിക്കും. തിരുവനന്തപുരത്തെ നേമം എം.എല്‍.എ ഒ രാജഗോപാലിനേയും രാജ്യസഭാംഗങ്ങളായ സുരേഷ്‌ഗോപിയേയും വി.മുരളീധരനേയും ഉള്‍പ്പടുത്തിയത് സി.പി.എമ്മിന് ഷോക്കായി.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്നാണ് ഇക്കാര്യത്തില്‍ സി.പി.എം ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയാണ് ബി.ജെ.പി നേതാക്കളെ ഉള്‍പ്പെടുത്താനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വെട്ടി നിരത്തിയത്.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വനം മന്ത്രി കെ. രാജു, എം.പി മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, സുരേഷ്‌ഗോപി, വി. മുരളീധരന്‍, എം. എല്‍. എ മാരായ എം. മുകേഷ്, ഒ. രാജഗോപാല്‍ എന്നിവരാണ് ലിസ്റ്റില്‍ ഇടം നേടിയത്. എന്നാല്‍ ബൈപാസ് കടന്നു പോകുന്ന മണ്ഡലങളിലെ എം.എല്‍.എ മാരായ നൗഷാദിനേയും ചവറ വിജയന്‍പിള്ളയേയും,കൊല്ലം മേയര്‍ വി രാജേന്ദ്രബാബുവിനേയും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ ഒഴിവാക്കപെട്ടവര്‍ ഉണ്ടായിരുന്നു.സുരേഷ്‌ഗോപി വി മുരളീധരന്‍ എന്നീ എം.പിമാരേയും ഒ.രാജഗോപാലിനേയും എന്തിനു ഉള്‍പ്പെടുത്തിയെന്ന ചോദ്യമാണ് ഉയരുന്നത്. സുരേഷ് ഗോപി കൊല്ലത്തുകാരനാണെന്ന സാങ്കേതികത്വം പറയാമെങ്കിലും രാജഗോപാലും വി മുരളീധരനും ബി.ജെ.പിയുടെ രാഷ്ട്രീയക്കളിയുടെ കാലാള്‍പ്പടകളാണ്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് എം.എല്‍.എമാരെ ഒഴിവാക്കിയതെന്ന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ആരോപിച്ചു. കൊല്ലം ബൈപ്പാസ് വിഷയത്തില്‍ എല്‍.ഡി.എഫ് തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ എല്ലാ എം.എല്‍.എമാരെയും ഉള്‍പെടുത്താന്‍ ആകില്ലെന്നും ഒ രാജഗോപാലിനെയും നൗഷാദിനെയും താരതമ്യം ചെയ്യേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജന പ്രതിനിധികളെ ഒഴിവാക്കിയ നടപടി കൊല്ലത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എം. നൗഷാദ് എം.എല്‍.എ പറഞ്ഞു.
ജനാധിപത്യമൂല്യങ്ങളും പ്രോട്ടോകോളും കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും ലംഘിച്ചെന്നും എം.എല്‍.എ പറഞ്ഞു. പിണറായി സര്‍ക്കാര്‍ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയതുകൊണ്ടാണ് ഇപ്പോള്‍ ഉദ്ഘാടനം നടത്താനായതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കി. ബൈപ്പാസ് ആര് ഉദ്ഘാടനം ചെയ്യണമെന്ന ചര്‍ച്ച അവസാനിച്ചിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനാണ് ദേശീയ പാത ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് സി.പി.എം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രസഹായത്തോടെ നിര്‍മ്മിച്ച പാതയുടെ ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബി.ജെ.പിയും അവകാശപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് പണിയുടെ ഭൂരിഭാഗവും നിര്‍വഹിച്ചുവെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസും ഇതിന് മേല്‍ അവകാശമുന്നയിക്കുന്നു. നിലവിലെ യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ഈ പാത നടപ്പാകാന്‍ വേണ്ടിയെടുത്ത അധ്വാനത്തെക്കുറിച്ച് യു.ഡി.എഫ് വിശദീകരണവുമായി രംഗത്തുണ്ട്. ഒടുവില്‍ ജനുവരി എട്ടിനാണ് ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന കാര്യത്തില്‍ തീരുമാനമായത്. സി.പി.എമ്മിന് പ്രത്യേകിച്ചും കൊല്ലം ജില്ലാ കമ്മിറ്റിക്ക് ഏറ്റ അടിയായാണ് ഇതിനെ പാര്‍ട്ടിയിലെ ചിലരെങ്കിലും കണക്കാക്കിയത്. പ്രേമചന്ദ്രനാണ് ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ചതെന്ന് സി.പി.എം ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് മുമ്പ് കൊല്ലം ബൈപ്പാസിലൂടെ ജനങ്ങള്‍ വണ്ടിയോടിക്കുന്ന കാഴ്ച സോഷ്യല്‍ മീഡിയിലൂടെ കാണാനായി. ഒറ്റവരി പാതയും ടോള്‍ ബുത്തുമൊക്കെയുള്ള പാതയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ടോള്‍ ബൂത്ത് കടന്ന് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്താനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സി.പി.എം ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നും ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണെന്നും ബി.ജെ.പിയും കോണ്‍ഗ്രസും അന്ന് തന്നെ ആരോപിക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് ഈമാസം കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയത്. ഒടുവില്‍ ആ ശ്രമം വിജയിക്കുകയും ചെയ്തു. ഇന്ന് പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ ദേശീയപാത ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍കെ പ്രേമചന്ദ്രന്‍ എം.പിയെ അറിയിക്കുകയായിരുന്നു. വൈകിട്ട് 5.30നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ് ഉദ്ഘാടനം വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് കോണ്‍ഗ്രസ് വെല്ലുവിളിച്ചിരുന്നു.
മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് വന്നപ്പോള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക വിമാനം ഇവിടെയിറക്കി അനൗദ്യോഗിക ഉദ്ഘാടനം ബി.ജെ.പി നടത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അതോടെ അമിത് ഷാ മാറുകയും ചെയ്തു.
ബൈപ്പാസിന്റെയും തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെയും ഉദ്ഘാടനം നടത്താന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് ബി.ജെ.പിയുടെ പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്. വൈകീട്ട് നാലരയ്ക്ക് ബൈപാസ് ഉദ്ഘാടനത്തിന് ചെയ്തശേഷം അഞ്ചരയ്ക്ക് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബി.ജെ.പി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ്സ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഏത് സര്‍ക്കാരിന്റെ നേട്ടമെന്നതും ഉദ്ഘാടകനെ ചൊല്ലിയും വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."