'ഒരേകടല്‍' സിനിമയ്ക്കെതിരേ പരാതി
തലശ്ശേരി: ബംഗാളി സാഹിത്യകാരന് സുനില്‍ ഗംഗോപാധ്യായയുടെ ഹീരജ് ദീപ്തി എന്ന നോവലിന്റെ മലയാള പരിഭാഷ ഉപയോഗിച്ച് സിനിമാ സംവിധായകന് ശ്യാമപ്രസാദ് ഒരേകടല്‍ എന്ന സിനിമ പുറത്തിറക്കിയതിനെതിരേ നല്കിയ ഹരജിയില്‍ കോടതി നോട്ടിസ്.
സംവിധായകന് ശ്യാമപ്രസാദ്, തിരക്കഥാ പുസ്തകം പ്രസിദ്ധീകരിച്ച രവി ഡി.സി, നോവലിസ്റ്റ് കെ.ആര് മീര എന്നിവര്‍ക്കാണ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി നോട്ടിസ് അയച്ചത്.ഹീരജ് ദീപ്തിയുടെ പരിഭാഷകനായ എം.വി കുമാരന്റെയോ അദ്ദേഹത്തിന്റെ പിന്തുടര്ച്ചാവകാശികളുടെയോ സമ്മതമില്ലാതെയാണ് സിനിമ നിര്‍മിക്കുകയും തിരക്കഥാ പുസ്തകം പുറത്തിറക്കുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടി എം.വി കുമാരന്റെ ഭാര്യയും എഴുത്തുകാരിയുമായ വി.ബി രുഗ്മിണിയാണ് കോടതിയെ സമീപിച്ചത്. ശ്യാമപ്രസാദും കെ.ആര് മീരയും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. ഇവരുടെ സ്വകാര്യ അന്യായം പരിഗണിച്ച് മാര്‍ച്ച് എട്ടിന് ശ്യാമപ്രസാദ്, രവി ഡി.സി, കെ.ആര് മീര എന്നിവര്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
നേരത്തെ ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രുഗ്മിണി കോടതി മുന്‍പാകെ 2010ലും സ്വകാര്യ അന്യായം നല്‍കിയിരുന്നു. എന്നാല്‍ 2013ല്‍ ഇവരുടെ അന്യായം തള്ളി. ഇതിനെതിരേ തലശ്ശേരി ജില്ലാ കോടതി മുന്‍പാകെ റിവിഷന്‍ ഹരജി സമര്‍പ്പിക്കുകയും ജില്ലാ കോടതി അന്യായം ഫയലില്‍ സ്വീകരിച്ച് പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതിയോട് നിര്‍ദേശിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."