പ്ലാനിങ് ഓഫിസിന്റെ അനാസ്ഥ; ആംബുലന്‍സ് നിരത്തിലിറങ്ങിയില്ല
മാനന്തവാടി: എസ്.ടി വിഭാഗത്തിനായി എം.ഐ ഷാനവാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സ് നിരത്തിലിറങ്ങാതെ വിശ്രമത്തില്‍. വാഹനം കൈമാറി ആറുമാസം കഴിഞ്ഞിട്ടും രജിസ്‌ട്രേഷന്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
കഴിഞ്ഞ ജനുവരി 21 നാണ് ആംബുലന്‍സിന്റെ താക്കോല്‍ ദാനം നടന്നത്. വാഹനം പുറത്തിറങ്ങി ആറ് മാസത്തോളമായതിനാല്‍ പിഴയടക്കാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനാവശ്യമായ മാറ്റങ്ങള്‍ വരുത്താതെയും രജിസ്‌ട്രേഷന്‍ നടക്കില്ലാത്തതിനാലാണ് ഈ പ്രതിസന്ധി. ഇതോടൊപ്പം അനുവദിച്ച കുറുക്കന്‍മൂല പി.എച്ച്.സി ആംബുലന്‍സ് മാസങ്ങള്‍ക്ക് മുന്‍പേ സേവനമാരംഭിച്ചിട്ടുണ്ട്. ജില്ലാ പ്ലാനിങ് ഓഫിസിന്റെ അനാസ്ഥയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ വൈകാന്‍ കാരണം. ഇതോടെ പുത്തന്‍ ആംബുലന്‍സ് ആര്‍ക്കും ഉപകാരപ്പെടാതെ ജില്ലാ ആശുപത്രി കോംമ്പൗണ്ടില്‍ കട്ടപ്പുറത്തായിരിക്കുകയാണ്. നിലവില്‍ ആംബുലന്‍സിലുള്ള ബീക്കണ്‍ ലൈറ്റ് മാറ്റുകയും മള്‍ട്ടി ബീക്കണ്‍ ലൈറ്റ് സ്ഥാപിക്കുകയുമാണ് സര്‍ട്ടിഫിക്കറ് ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടത്. എന്നാല്‍ അതിനുവേണ്ട ചെറിയ ഫണ്ട് പോലും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിച്ചു. ആംബുലന്‍സ് അടിയന്തരമായി നിരത്തിലിറക്കാനുള്ള നപടിയുണ്ടാകണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."