ചെങ്ങറ കോളനിയിലെ അടുക്കള ദുരിതത്തിന് അടിയന്തിര പരിഹാരം
കാഞ്ഞങ്ങാട്: ചെങ്ങറ കോളനിയിലെ അടുക്കള ദുരിതത്തിന് അടിയന്തിര പരിഹാരം. ചെങ്ങറ കോളനിയിലെ വീടുകളിലെ അടുക്കള ദുരിതം സംബന്ധിച്ച് 'അമ്പതിനായിരത്തിന്റെ അടുക്കളക്ക് ചെലവ് പത്തായിരം പോലുമില്ല, ചെങ്ങറ കോളനിയിലെ അടുക്കളയില്‍ ദുരിത'മെന്ന തലക്കെട്ടില്‍ 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ജില്ലാ ഭരണകൂടം കാഞ്ഞങ്ങാട് ആര്‍.ഡി.ഒയെ ഇതു സംബന്ധമായി ബന്ധപ്പെട്ടു പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതേ തുടര്‍ന്നു ചെങ്ങറ കോളനിയിലെ ആദ്യഘട്ടത്തില്‍ നിര്‍മാണം നടത്തിയ അന്‍പത് വീടുകളിലെ അടുക്കള നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ജയശ്രീ കരാറുകാരനു കര്‍ശന നിര്‍ദേശം നല്‍കി.
ഇന്നലെ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫിസില്‍ അടുക്കള നിര്‍മാണ കരാര്‍ ഏറ്റെടുത്തവരെയും ചെങ്ങറ കോളനിയിലെ സൊസൈറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെയും വിളിച്ചു വരുത്തി അടുക്കളയുടെ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിച്ച ശേഷമാണ് മാര്‍ച്ച് 31 നകം അടുക്കളയുടെ ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നു ആര്‍.ഡി.ഒ കരാറുകാരില്‍ നിന്നു എഗ്രിമെന്റ് എഴുതി വാങ്ങിയത്. ഇതിന്റെ കോപ്പി കോളനിയിലെ സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് റജി.സെക്രട്ടറി തോമസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആര്‍.ഡി.ഒ കൈമാറി. 2011 മെയിലാണ് ചെങ്ങറ കോളനിയില്‍ അന്‍പത് വീടുകള്‍ നിര്‍മാണം നടത്തി താക്കോല്‍ ദാനം അന്നത്തെ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത്. എന്നാല്‍ നിര്‍മാണം നടത്തിയ വീടുകളില്‍ അടുക്കള ഇല്ലാത്തതിനെ തുടര്‍ന്ന് ഓരോ വീടിനും അടുക്കള നിര്‍മിക്കാന്‍ അന്‍പതിനായിരം രൂപ ചടങ്ങില്‍ വച്ച് തന്നെ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു.
ആറു വര്‍ഷമായിട്ടും ഈ അടുക്കള നിര്‍മാണം പൂര്‍ത്തീകരിച്ചു കൊടുക്കാന്‍ അധികൃതരും ഇതേറ്റെടുത്ത കരാറുകാരും തയാറാകാതെ വന്നതോടെയാണ് കോളനിയിലെ വീടുകളിലെ അടുക്കള ദുരിതം 'സുപ്രഭാതം' പുറത്ത് കൊണ്ട് വന്നത്.
അന്‍പതു വീടുകളില്‍ പതിനഞ്ച് എണ്ണത്തില്‍ മാത്രമാണ് പേരിന് അടുക്കള നിര്‍മിച്ചത്. രണ്ടു ഇരുമ്പ് പൈപ്പിന് മുകളില്‍ ഷീറ്റ് പാകി തയാറാക്കിയ അടുക്കളക്ക് സുരക്ഷാ മതില്‍ പോലും ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."