പകര്‍ച്ചവ്യാധി ഭീതിയില്‍ മഞ്ചേരി
മഞ്ചേരി: നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടികിടക്കുന്നത് ആശങ്ക പരത്തുന്നു. ഹൈവേകളുടെ ഇരു വശങ്ങളിലുമായി കച്ചവടക്കാരും മറ്റും ഉപേക്ഷിക്കുന്ന മാലിന്യങ്ങളുടെ കെട്ടുകള്‍ മഴക്കാലമായതോടെ ദുര്‍ഗന്ധം വമിക്കുകയാണ്.
മഞ്ചേരി- നിലമ്പൂര്‍, പാണ്ടിക്കാട്, കോഴിക്കോട് റോഡുകളുടെ ഇരുവശങ്ങളുമാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നത്. നഗരസഭയുടെ മഴക്കാല പൂര്‍വ ശുചീകരണം മഴക്കാലത്തിനു മുമ്പു കൃത്യമായി നടപ്പാക്കാനാകാത്തത് മാലിന്യം പ്രശ്‌നം രൂക്ഷമാക്കുന്നു.
കോഴി വേയ്‌സ്റ്റുകള്‍, പഴം, പച്ചക്കറികള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ എന്നിങ്ങനെയുള്ള മാലിന്യങ്ങളാണു ദിനംപ്രതി ഇവിടങ്ങളില്‍ കൊണ്ടു തള്ളുന്നത്. ഇതു കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ശാസ്ത്രീയമായ സംവിധാനമില്ലാത്താണു മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ കാരണം. മഴ ശക്തമായാല്‍ അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകി മലിന ജലം നഗരത്തിലാകെ പരക്കുകയും ചെയ്യുന്നു. അഴുക്കുചാലുകളുടെ മുകളിലുള്ള സ്‌ളാബുകളുടെ അറ്റകുറ്റപ്പണി പലയിടങ്ങളിലും പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
നഗരസഭയിലെ മാലിന്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു മുനിസിപ്പല്‍ അധികൃതര്‍ പറയാറുണ്ടെങ്കിലും ഇതു പലപ്പോഴും കടലാസിലൊതുങ്ങുകയാണ്. നഗരസഭയുടെ നടപടികള്‍കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തുവരികയും വകുപ്പു മന്ത്രിക്കും മറ്റു ഇന്നതര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ ഭാഗമായി 13 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട നിവേദനം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദക്കു നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."