പകല്‍ വീട്ടിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ നഗരസഭ ഇന്ന് കണ്ടുകെട്ടും
നിലമ്പൂര്‍: വയോജനങ്ങളെ സംരക്ഷിച്ചുവരുന്ന ചന്തക്കുന്നിലെ പകല്‍ വീട് നഗരസഭ ഒടുവില്‍ ഉപേക്ഷിച്ചു. വാടക, വേതന കുടിശ്ശികകള്‍ മുഴുവന്‍ കഴിഞ്ഞ ദിവസം തീര്‍പ്പാക്കി. പകല്‍വീട്ടിലെ തയ്യല്‍ മെഷിനുകള്‍, കമ്പ്യൂട്ടറുകള്‍, അലമാരകള്‍, മേശകള്‍, ഫ്രിഡ്ജ്, ടി.വി, കട്ടില്‍ തുടങ്ങിയ എല്ലാ ഉപകരണങ്ങളും നഗരസഭ ഇന്ന് തിരിച്ചെടുക്കും.
വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ പഠിക്കാനാണ് നഗരസഭ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. വാടക കുടിശ്ശിക വന്നതിനെ തുടര്‍ന്ന് പകല്‍വീട് നിലമ്പൂര്‍ ചെട്ടിയങ്ങാടിയിലെ പഴയ സ്റ്റാന്റിനു മുകളിലേക്കോ, ചന്തക്കുന്ന് ബസ് സ്റ്റാന്റിനു മുകളിലേക്കോ മാറ്റാമെന്നായിരുന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അറിയിച്ചിരുന്നത്.
മുന്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രത്യേക താല്‍പര്യത്തിലാണ് പകല്‍ വീട് ചന്തക്കുന്നില്‍ തുടങ്ങിയിരുന്നത്. ചര്‍ച്ചകള്‍, പഠനാര്‍ഹമായ ക്ലാസുകള്‍, വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം, തയ്യല്‍ പരിശീലനം, ബോധവല്‍ക്കരണ പരിപാടികള്‍, യോഗ, തൊഴില്‍ പരിശീലനങ്ങള്‍, സമഗ്ര ആരോഗ്യ പദ്ധതികള്‍, വയോമിത്രം പദ്ധതി, നിയമ പരിരക്ഷ, കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളാണ് പകല്‍വീട്ടില്‍ ലഭ്യമാക്കിവന്നിരുന്നത്.
5000ത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറിയും ഇവിടം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ നഗരസഭയുടെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പ്രായത്തിന്റെ അവശതകളാല്‍ മുകള്‍ നിലയിലേക്ക് കയറാനാവില്ലെന്ന് വയോജനങ്ങള്‍ നഗരസഭയെ അറിയിച്ചു. തുടര്‍ന്നാണ് നഗരസഭ നല്‍കിയ ഫര്‍ണീച്ചറുകളും മറ്റും കൊണ്ടുപോകാന്‍ അധികൃതര്‍ തീരുമാനിച്ചത്.
നഗരസഭ ശ്രദ്ധിക്കാതിരുന്നതോടെ സീനിയര്‍ സിറ്റിസണ്‍സ് അംഗങ്ങള്‍ പിരിവെടുത്തും മറ്റുമാണ് പകല്‍ വീടിന്റെ ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോയത്.
നഗരസഭ വാടക കൊടുക്കാത്തതിനെത്തുടര്‍ന്ന് പകല്‍ വീട് മുന്നോട്ട് കൊണ്ടുപോകാന്‍ ആര്യാടന്‍ ഷൗക്കത്ത് രംഗത്ത് വരികയും ചെയ്തു. നഗരസഭയുടെ സഹായമില്ലെങ്കിലും ഏതു വിധേനയും പകല്‍ വീട് ഇവിടം തന്നെ നിലനിര്‍ത്താനാണ് സീനിയര്‍ സിറ്റിസണ്‍സ് അംഗങ്ങളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."